ലോക്സഭ തിരഞ്ഞെടുപ്പ്; തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനെ ഇറക്കാൻ ബിജെപി?, ആറ്റിങ്ങലിൽ പോര് രൂക്ഷം
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പ് ചർച്ചകൾക്ക് വേഗം പകർന്ന് ബി ജെ പി നേതൃത്വം. സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഡൽഹിയിലെത്തി. ഇക്കുറി ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 5 സീറ്റുകളിലെങ്കിലും ബി ജെ പി പ്രതീക്ഷ പുലർത്തുന്നുണ്ട്. കേന്ദ്രമന്ത്രിമാരെ തന്നെ നിയോഗിച്ച് ഇവിടങ്ങളിൽ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾ ബി ജെ പി ആരംഭിച്ചിരുന്നു.
ബി ജെ പി ഏറ്റവും കൂടുതൽ വിജയ സാധ്യത പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിൽ ഒന്ന് തിരുവനന്തപുരം ആണ്. ഇവിടെ നിന്ന് കേന്ദ്രമന്ത്രിയും മലയാളിയുമായ രാജീവ് ചന്ദ്രശേഖരനെ മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞ രണ്ട് ലോക്സഭ തിരഞ്ഞെടുപ്പിലും ഇവിടെ രണ്ടാം സ്ഥാനത്ത് എത്താൻ ബി ജെ പിക്ക് സാധിച്ചിരുന്നു. 2014 ൽ ഒ രാജഗോപാലിലൂടെ 282336 വോട്ടായിരുന്നു ബി ജെ പി മണ്ഡലത്തിൽ നേടിയത്. 2019 ൽ കുമ്മനം രാജശേഖരൻ 316142 വോട്ടുകളും നേടി. ഇത്തവണ മണ്ഡലത്തിൽ ശക്തമായ പ്രവർത്തനം കാഴ്ചവെച്ചാൽ വിജയം ഉറപ്പാണെന്ന് ബി ജെ പി കരുതുന്നു. പ്രമുഖ നേതാവിനെ ഇറക്കിയാൽ കാര്യങ്ങൾ എളുപ്പമാകുമെന്നാണ് നേതൃത്വം കണക്ക് കൂട്ടുന്നത്.

ദേശീയ നേതാവിനെ തന്നെ മണ്ഡലത്തിലേക്ക് പരിഗണിക്കണമെന്ന ആവശ്യം സംസ്ഥാന നേതാക്കളും ഉന്നയിച്ചിരുന്നു. നേരത്തേ ധനമന്ത്രി നിർമ്മല സീതാരാമൻ അടക്കമുള്ളവരുടെ പേരുകൾ ഇവിടെ നിന്ന് ചർച്ചയായെങ്കിലും രാജീവ് ചന്ദ്രശേഖരൻ മത്സരിക്കുമെന്ന സൂചനയാണ് സംസ്ഥാന നേതൃത്വത്തിന് കേന്ദ്ര നേതൃത്വം നൽകിയിരിക്കുന്നതെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. രാജീവ് ചന്ദ്രശേഖരനോട് മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടത്രേ. തിരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹത്തെ ബി ജെ പി കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ട്.
പാർട്ടി അവസരം നൽകുകയാണെങ്കിൽ ഇത്തവണ കേരളത്തിൽ നിന്നും മത്സരിക്കാൻ തനിക്ക് താത്പര്യമുണ്ടെന്ന് നേരത്തേ രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു. കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗമായ രാജീവ് നേരത്തേ 2016 ലെ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് കേരളത്തിൽ എൻ ഡി എയുടെ വൈസ് ചെർമാനായിരുന്നു. അതേസമയം രാജീവ് ചന്ദ്രശേഖർ വരുന്നത് ഗുണം ചെയ്യുമെന്ന നിലപാടിലാണ് ആർ എസ് എസ് നേതൃത്വവും. സംസ്ഥാന നേതാക്കൾ മത്സരിച്ചിട്ടും ഏറ്റവും അനുകൂലമായ മണ്ഡലത്തിൽ പോലും വിജയിക്കാനാകാത്തതിന്റെ അതൃപ്തിയും ആർ എസ് എസ് പങ്കുവെയ്ക്കുന്നു.
അതിനിടെ ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നും ആര് എന്നത് സംബന്ധിച്ച് ബി ജെ പിയിൽ പൊട്ടിത്തെറി രൂക്ഷമായിരിക്കുകയാണ്. മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ കേന്ദ്രമന്ത്രി കൂടിയായ വി മുരളീധരനോട് ദേശീയ നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്. സീറ്റിനായി ശോഭ സുരേന്ദ്രനും ശക്തമായി രംഗത്തുണ്ട്. കഴിഞ്ഞ തവണ മണ്ഡലത്തിൽ നിന്നും രണ്ടരലക്ഷത്തിലേറെ വോട്ട് നേടാൻ ശോഭയ്ക്ക് സാധിച്ചിരുന്നു. അതിനാൽ ഇത്തവണയും തനിക്ക് സീറ്റ് വേണമെന്നതാണ് ശോഭയുടെ നിലപാട്.
എന്നാൽ ജില്ലാ നേതാക്കൾ പലരും ശോഭയ്ക്കെതിരാണ്. പരാജയപ്പെട്ടതിന് ശേഷം മണ്ഡലത്തിലേക്ക് അവർ എത്തിയിട്ടില്ലെന്നാണ് നേതാക്കളുടെ ആരോപണം. മുരളീധരനാകട്ടെ ദേശീയ നേതൃത്വത്തിന്റെ അനുവാദത്തോടെ മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തനവും ആരംഭിച്ച് കഴിഞ്ഞു. എന്തായാലും ആറ്റിങ്ങൽ സീറ്റിനെ ചൊല്ലി വരും ദിവസങ്ങളിൽ ബിജെപിയിൽ പൊട്ടിത്തെറി ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപി തന്നെയായിരിക്കും മത്സരിച്ചേക്കുക. 2019 ൽ പരാജയപ്പെട്ടിട്ടും മണ്ഡലത്തിൽ അദ്ദേഹം സജീവമായിരുന്നു. തൃശൂരിൽ മത്സരിക്കാനുള്ള ആഗ്രഹവും സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചിരുന്നു. അതേസമയം പാർട്ടി അധ്യക്ഷനായ കെ സുരേന്ദ്രൻ എവിടെ മത്സരിക്കുമെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്. കഴിഞ്ഞ തവണ പത്തനംതിട്ടയിലും കാസർഗോഡും സുരേന്ദ്രൻ മത്സരിച്ചെങ്കിലും കനത്ത പരാജയമായിരുന്നു രുചിച്ചത്.












Click it and Unblock the Notifications