ബ്രിട്ടീഷ് ഹൈക്കമ്മീഷ്ണറുടെ പിഒകെ സന്ദർശനം; പ്രതിഷേധം അറിയിച്ച് ഇന്ത്യ,'പരമാധികാരം ലംഘിക്കുന്ന നടപടി'
ന്യൂഡൽഹി: പാകിസ്താനിലെ ബ്രീട്ടീഷ് ഹൈക്കമ്മീഷ്ണറുടെ പാക് അധീന കാശ്മീർ സന്ദർശനത്തിൽ ശക്തമായ എതിർപ്പ് അറിയിച്ച് ഇന്ത്യ. ഇന്ത്യയുടെ പ്രദേശിക അഖണ്ഡതയേയും പരമാധികാരത്തേയും ലംഘിക്കുന്നതാണ് നടപടിയെന്നും ജമ്മു കശ്മീർ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
'ഇസ്ലാമാബാദിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറും, യുകെ വിദേശകാര്യ ഓഫീസ് ഉദ്യോഗസ്ഥനോടൊപ്പം പാക് അധീന കശ്മീരിൽ നടത്തിയ സന്ദർശനം അങ്ങേയറ്റം ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നത്. ഇന്ത്യയുടെ പരമാധികാരത്തിന്റെയും പ്രാദേശിക അഖണ്ഡതയുടേയും ലംഘനം ഒരു തരത്തിലും അംഗീകരിക്കാനാവില്ല', ഇന്ത്യ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

സംഭവത്തിൽ വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര, ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണറെ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ല. ജമ്മു കശ്മീർ, ലഡാക്ക് എന്നീ പ്രദേശങ്ങൾ എല്ലായ്പ്പോഴും രാജ്യത്തിന്റെ അവിഭാജ്യ ഘടകമായി തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ബുധനാഴ്ചയായിരുന്നു ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ജെയ്ൻ മാരിയോറ്റും യുകെ വിദേശകാര്യ ഓഫീസ് ഉദ്യോഗസ്ഥനും പാക് അധിനിവേശ കശ്മീരിലെ മിർപുരിൽ സന്ദർശനം നടത്തിയത്. ഇതിന്റെ ചിത്രങ്ങൾ അവർ എക്സിൽ പങ്കുവെച്ചിരുന്നു. 'മിർപൂരിൽ നിന്നുള്ള സലാം. ബ്രിട്ടനിലെ 70 ശതമാനം പാക്കിസ്ഥാൻകാരുടെ വേരുകളും മിർപൂരിൽ നിന്നാണ്. ഇവരുടെ താത്പര്യങ്ങൾക്കായി ഒരുമിച്ച് പ്രവർത്തിക്കുകയെന്നത് നിർണായകമാണ്. ആതിഥ്യത്തിന് നന്ദി', എന്നായിരുന്നു ചിത്രങ്ങൾ പങ്കിട്ട് അവർ കുറിച്ചത്.
പാക്കിസ്ഥാനിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെ ഹാൻഡിലും ഇവരുടെ സന്ദർശനത്തിന്റെ വീഡിയോ പങ്കിട്ടിട്ടുണ്ട്. പ്രദേശത്തുള്ളവരുമായി ഇവർ സംവദിക്കുന്നത് വീഡിയോയിൽ കാണാം.
കഴിഞ്ഞ ഒക്ടോബറിൽ പാകിസ്താനിലെ യുഎസ് സ്ഥാനപതി പാക് അധിനിവേശ കശ്മീർ സന്ദർശിച്ചതിൽ നേരത്തേ ഇന്ത്യ എതിർപ്പ് അറിയിച്ചിരുന്നു. രാജ്യത്തിന്റെ പരമാധികാരത്തെ മാനിക്കാൻ ലോകരാജ്യങ്ങൾ തയ്യാറാകണമെന്ന് അന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 2022 ലായിരുന്നു യുഎസ് സ്ഥാനപതി പാകിസ്ഥാൻ സന്ദർശിച്ചത്.












Click it and Unblock the Notifications