മങ്കിപോക്സ് കൊവിഡ് പോലെ പകരുമോ, രോഗത്തെ ഭയക്കണോ?;ഡോ സുൽഫി നൂഹു പറയുന്നു
കേരളത്തിലും എംപോക്സ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. യുഎഇയിൽ നിന്നെത്തിയ മലപ്പുറം എടവണ്ണ സ്വദേശിയായ 38 കാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. നേരത്തേ ആഫ്രിക്കൻ രാജ്യങ്ങളിൽ സ്ഥിരീകരിച്ച രോഗം മറ്റ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിച്ചതോടെ എംപോക്സ് വ്യാപനത്തെ ആഗോള അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽ മാത്രം ഇതുവരെ 30 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇപ്പോൾ സംസ്ഥാനത്തും റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ രോഗത്തിന് കൊവിഡ് പോലെ വ്യാപന ശേഷി കൂടുതലുണ്ടോയെന്ന തരത്തിലുള്ള ആശങ്കകൾ നിലനിൽക്കുന്നുണ്ട്. എന്നാൽ അത്തരത്തിൽ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് പറയുകയാണ് പ്രമുഖ ഇഎൻടി സർജനും ഇന്ത്യൻ മെഡിക്കൽ അസോയിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റുമായ ഡോ സുൽഫി നൂഹു. വൺ ഇന്ത്യ മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കൊവിഡ് പോലൊരു രോഗമല്ല മങ്കിപോക്സ്. അന്തരീക്ഷത്തിലൂടെയല്ല, അടുത്ത് ഇടപഴകുന്നതിലൂടെയാണ് എംപോക്സ് പകരുന്നത്. ലൈംഗിക ബന്ധത്തിലൂടെ, മുൻകരുതലുകൾ ഇല്ലാതെ എംപോക്സ് രോഗികളെ പരിചരിക്കുന്നതിലൂടെയെല്ലാം രോഗം പകരാം. മാത്രമല്ല മരണസാധ്യത കുറവാണ്.
ആഫ്രിക്കൻ രാജ്യങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ ഇതിനോടകം തന്നെ നിരവധി രാജ്യങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരുപാട് രാജ്യങ്ങളിലേക്ക് പകർന്നാൽ സാഹചര്യം കൈകാര്യം ചെയ്യുന്നത് വെല്ലുവിളിയാകും. ആ സാഹചര്യത്തിലാണ് എംപോക്സ് വ്യാപനത്തെ ആഗോള അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ല.
പനി, തലവേദന, ശ്വാസംമുട്ടൽ ,ഛർദ്ദി എന്നിങ്ങനെ വൈറൽ പനിയുടെ രോഗലക്ഷണങ്ങളോടൊപ്പം ശരീരത്തിൽ ചിക്കൻപോക്സിന്റെ കുമിളകൾ പോലെയുള്ള തടിപ്പ് എന്നിവയാണ് രോഗലക്ഷണം. രോഗികളെ ചികിത്സിക്കുകയോ അവരുമായി നേരിട്ട് ബന്ധമുള്ളതോ ആയ, വിദേശ രാജ്യങ്ങളിൽ നിന്നും തിരിച്ചുവന്നവർ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണം.
കുട്ടികളിലും മറ്റ് അസുഖങ്ങൾ ഉള്ളവരിലേക്കും രോഗം പകരാനും ഗുരുതരാവസ്ഥയിലേക്ക് പോകാനും സാധ്യത ഉണ്ട്. രോഗത്തെ കുറിച്ച് പ്രചരിക്കുന്ന ഒരു തെറ്റായ കാര്യം ലൈംഗിക ബന്ധത്തിലൂടെ മാത്രമാണ് രോഗം പകരുന്നത് എന്നതാണ്. അങ്ങനെയല്ല, ലൈംഗിക ബന്ധത്തിലൂടെ പകരാം. രോഗികളുമായി സമ്പർക്കം പുലർത്തുന്നതിലൂടെയാണ് പ്രധാനമായും രോഗം പകരുന്നത്. മൃഗങ്ങളിൽ നിന്നാണ് രോഗം മനുഷ്യരിലേക്ക് എത്തുന്നത്.
രോഗലക്ഷങ്ങൾ കാണുന്നവർ എത്രയും പെട്ടെന്ന് ആവശ്യമായ ചികിത്സ സ്വീകരിക്കണം. രോഗലക്ഷണം കണ്ടാൽ ഉടൻ തന്നെ ഒറ്റപ്പെട്ട് കഴിയണം. വാക്സിൻ നൽകുന്നത് കൂടുതൽ പേരിലേക്ക് രോഗം വ്യാപിക്കുന്നൊരു സാഹചര്യം വരുമ്പോഴാണ്. നിലവിൽ വാക്സിന്റെ ആവശ്യമില്ല, ചികിത്സയിലൂടെ തന്നെ രോഗം ഭേദമാക്കാം', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications