എച്ച്‌ഐഎല്‍ അടച്ചുപൂട്ടാന്‍ കേന്ദ്രം; സംസ്ഥാന സർക്കാരിന് തന്നാൽ മികച്ചതാക്കി തരാമെന്ന് മന്ത്രി രാജീവ്

തിരുവനന്തപുരം: കേരളത്തിലെ ആദ്യ കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്സ് ലിമിറ്റഡ്(എച്ച്.ഐ.എൽ) കൊച്ചി ഉദ്യോഗമണ്ഡൽ അടച്ചുപൂട്ടാനുള്ള യൂണിയൻ ഗവണ്മെൻ്റിൻ്റെ തീരുമാനം പ്രതിഷേധാർഹമാണെന്ന് മന്ത്രി പി രാജീവ്. കേന്ദ്ര പൊതുമേഖലയിലെ ഏക കീടനാശിനി നിർമ്മാണ കമ്പനിയായ എച്ച് ഐ എലിന്റെ കൊച്ചി യൂണിറ്റ് നഷ്ടത്തിലാണെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രവർത്തനം അവസാനിപ്പിക്കാൻ യൂണിയൻ ഗവണ്മെൻ്റ് തീരുമാനിച്ചത്. ലാഭകരമായി പ്രവർത്തിച്ചിരുന്ന സ്ഥാപനത്തെ നിരുത്തരവാദപരമായ മാനേജ്മെൻ്റിലൂടെ നഷ്ടത്തിലാക്കുകയും പിന്നീട് നഷ്ടത്തിലാണെന്ന കാരണം പറഞ്ഞ് സ്വകാര്യവൽക്കരിക്കുകയും ചെയ്യുന്ന സമീപനം എച്ച്.ഐ.എല്ലിൻ്റെ കാര്യത്തിലും ആവർത്തിക്കുകയാണ് കേന്ദ്രമെന്നും അദ്ദേഹം കുറ്റപെടുത്തി.
നിരവധി തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുത്തുകയും ചെറുപ്പക്കാർക്ക് ലഭിക്കുമായിരുന്ന അവസരങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന അടച്ചുപൂട്ടൽ തീരുമാനം ഇന്ന് രേഖാമൂലം പാർലമെൻ്റിൽ യൂണിയൻ ഗവണ്മെൻ്റ് അറിയിച്ചു. നിലവിലുള്ള 250ലധികം വരുന്ന ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കില്ലെന്നും പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്.
എച്ച്.ഐ.എല്ലിൻ്റെ ഏറ്റവും പ്രധാനപ്പെട്ട യൂണിറ്റുകളിലൊന്നിനെ അസംസ്കൃത വസ്തുക്കൾ പോലും ലഭ്യമാക്കാതെയാണ് നഷ്ടത്തിൻ്റെ പടുകുഴിയിലേക്ക് വലിച്ചിട്ടത്. കമ്പനിയെ ലാഭകരമാക്കാനോ ആധുനികവൽക്കരിക്കാനോ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്ന് മാത്രമല്ല ഉണ്ടാക്കുന്ന ഉൽപന്നങ്ങൾ വിൽക്കുന്നതിനുള്ള പദ്ധതി പോലും ഉദ്യോഗസ്ഥർ സ്വീകരിച്ചില്ല.
ഉദ്യോഗമണ്ഡൽ യൂണിറ്റിന്റെ പുനരുജ്ജീവനത്തിനുള്ള നടപടികൾ സ്വീകരിക്കാൻ കഴിയില്ലെങ്കിൽ സംസ്ഥാന സർക്കാരിന് സ്ഥാപനം കൈമാറാൻ യൂണിയൻ ഗവണ്മെൻ്റ് തയ്യാറാകണം. ഉദ്യോഗസ്ഥരുടെ അനാസ്ഥയും യൂണിയൻ ഗവണ്മെൻ്റിൻ്റെ നയങ്ങളും കാരണം നഷ്ടത്തിലായ എച്ച്.ഐ.എൽ സംസ്ഥാന സർക്കാരിന് കൈമാറുകയാണെങ്കിൽ മികച്ച രീതിയിൽ പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസം ഞങ്ങൾക്കുണ്ട്. ലാഭകരമല്ലെന്ന് പറഞ്ഞ് അടച്ചുപൂട്ടിയ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻ്റ് ലിമിറ്റഡ് ലേലത്തിൽ പങ്കെടുത്ത് ഏറ്റെടുത്ത് നല്ലരീതിയിൽ നടത്തിക്കൊണ്ടുപോകാൻ സംസ്ഥാന സർക്കാരിന് സാധിച്ചിട്ടുണ്ട് എന്ന കാര്യം മുഖവിലയ്ക്കെടുത്തുകൊണ്ട് തൊഴിലാളികളോടും കേരളത്തിനോടും അനുഭാവപൂർണമായ ഒരു നിലപാട് യൂണിയൻ ഗവണ്മെൻ്റ് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications