കേരളത്തിൽ ബിജെപിക്ക് നീതി കിട്ടിയില്ല; പക്ഷെ കേന്ദ്രം വികസനത്തില്‍ അനീതി കാണിച്ചില്ല: ശോഭ കരന്ത്ലജെ
തിരുവനന്തപുരം: രാജ്യത്തെ ലോകയശസിലേക്ക് കൈപിടിച്ചുയർത്തിയ മോദിസർക്കാർ ഭരണത്തിന്റെ ഒൻപത് വർഷങ്ങൾ പൂർത്തിയാക്കുന്നത് കേരളത്തേയും ചേർത്തുപിടിച്ചാണെന്ന് കേന്ദ്രകൃഷി വകുപ്പ് മന്ത്രി ശോഭ കരന്ത്ലജെ. എൻഡിഎ സർക്കാരിന്റെ ഒൻപതാം വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം അപ്പോളോ ഡിമോറ ഹോട്ടലിൽ നടത്തിയ മാധ്യമകൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അവർ.
കേന്ദ്രസർക്കാർ നടപ്പാക്കുന്ന ജനക്ഷേമപദ്ധതികൾ സംസ്ഥാനത്ത് പൂർണ്ണമായും ലഭിക്കുന്നില്ല. ഗുണഭോക്താക്കളുടെ പട്ടികയും അക്കൗണ്ടുകളും ശരിയായ രീതിയിൽ കൈമാറാത്ത സംസ്ഥാനസർക്കാർ നടപടിയാണതിന് തടസ്സം. ഒരു എംപിയോ എംഎൽഎയോ പോലും കേരളത്തിൽ നിന്ന് ബിജെപിക്ക് കിട്ടിയില്ലെങ്കിലും വികസനത്തിൽ ഒരു അനീതിയും കേന്ദ്രസർക്കാർ കാണിച്ചിട്ടില്ല. വികസനം തുല്യമായി എല്ലായിടത്തും എത്തണമെന്ന നയം കൊണ്ടാണതെന്നും കേന്ദ്രമന്ത്രി ശോഭ കരന്ത്ലജെ പറഞ്ഞു.

കേന്ദ്രമന്ത്രി വി.മുരളീധരനും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും ചടങ്ങില്‍ സന്നിഹിതനായിരുന്നു. കേന്ദ്രാവഗണനയെന്ന സംസ്ഥാന മന്ത്രിമാരുടെ ആക്ഷേപം കളവാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരനും പറഞ്ഞു. ജിഎസ്ടിയുമായി ബന്ധപ്പെട്ടതായാലും മറ്റ് ഗ്രാൻഡുകളായാലും കേന്ദ്രസർക്കാർ കൃത്യസമയത്ത് തന്നെ കേരളത്തിന് നൽകുന്നുണ്ടെന്നായിരുന്നു കെ സുരേന്ദ്രന്റെ അവകാശവാദം.
കേരളത്തെ കടക്കെണിയിലാക്കിയ ഇടതുവലതുമുന്നണികൾക്ക് ഭാരതത്തെ സാമ്പത്തിക ശക്തിയാക്കുന്ന കേന്ദ്രസർക്കാരിനെ കുറ്റം പറയാൻ ധാർമ്മിക അവകാശമില്ല. വികസനമാണ് ബിജെപിയുടെ മുദ്രാവാക്യം. പിഎംആവാസ് യോജനയെ ലൈഫ് മിഷൻ പദ്ധതിയാക്കിയും ദേശീയ പാത വികസനം സ്വന്തം ഭരണ നേട്ടമാണെന്ന് മന്ത്രി റിയാസ് പറയുന്നതും പോലെ കേന്ദ്രപദ്ധതികളെ പേരുമാറ്റി സംസ്ഥാനപദ്ധതിയാക്കി അവതരിപ്പിക്കുന്നതാണ് പിണറായി വിജയൻ സർക്കാരിന്റെ രീതി.
വിഷുകൈനീട്ടമായി മോദിസർക്കാർ നൽകിയ വന്ദേഭാരത് എക്സ്പ്രസ് മലയാളികൾ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചു. റെയിൽവേയുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള വികസനമാണ് നടക്കുന്നത്. ദേശീയ പാത വികസനം പൂർത്തിയാകുന്നതോടെ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറും. പ്രധാനമന്ത്രി ആവാസ് യോജന അനുസരിച്ച് പതിനായിരക്കണക്കിനാളുകൾക്ക് കേരളത്തിൽ വീടുകൾ ലഭിച്ചു. കൊവിഡ് കാലത്ത് ഭക്ഷ്യധാന്യമായും അരിയായും സഹായിക്കുക മാത്രമല്ല 5.44കോടി വാക്സിനും സൗജന്യമായി കേന്ദ്രം നൽകി.
സംസ്ഥാനത്തെ 37.5 ലക്ഷം കർഷകർക്ക് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയനുസരിച്ച് വർഷത്തിൽ 6000രൂപാവീതം നൽകി. കഴിഞ്ഞ വർഷം മാത്രം ഇൗയിനത്തിൽ 1598കോടിരൂപയാണ് സംസ്ഥാനത്ത് വിതരണം ചെയ്തത്. ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം സംസ്ഥാനത്ത് 72ലക്ഷം പേർക്ക് സൗജന്യചികിത്സ ലഭിച്ചു. ജൻ ഔഷധികേന്ദ്രങ്ങൾ തുറന്ന് മരുന്നുകളും ആരോഗ്യസേവനവും മെച്ചപ്പെടുത്താനുളള പദ്ധതികളും തുടങ്ങിയെന്നും സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, തിരുവനന്തപുരം ജില്ലാപ്രസിഡന്റ് വി.വി.രാജേഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.












Click it and Unblock the Notifications