'കേന്ദ്ര സര്‍ക്കാരിന് കേരളത്തോട് പകപോക്കല്‍ നയം', സാമ്പത്തിക ഞെരുക്കത്തിന് കാരണം കേന്ദ്രമെന്ന് മുഖ്യമന്ത്രി
കേന്ദ്രം വായ്പാ പരിധി കുറച്ച് പ്രതിസന്ധിയായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബജറ്റുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ധന സെസിന് എതിരെ കോണ്‍ഗ്രസ് മാത്രമല്ല ബിജെപിയും സമരത്തിലാണ് എന്നത് വിചിത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ധന വില നിര്‍ണയാധികാരം കുത്തകകള്‍ക്ക് നല്‍കിയവരാണ് സമരം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. കേന്ദ്ര സര്‍ക്കാരിന് കേരളത്തോടുളള പകപോക്കല്‍ നയങ്ങള്‍ ആണ് ഇത്തരം കാര്യങ്ങള്‍ക്ക് നിര്‍ബന്ധിതമാക്കിയത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഞെരിച്ച് തോല്‍പ്പിച്ച് കളയാം എന്ന മനോഭാവമാണ് കേന്ദ്രത്തിനുളളത്. അതിന് കുട പിടിക്കുന്ന പണിയാണ് യുഡിഎഫ് ചെയ്യുന്നത്. ഇതൊക്കെ ജനം മനസ്സിലാക്കുന്നുണ്ട്. യുഡിഎഫും ബിജെപിയും ചേര്‍ന്ന് നടത്തുന്ന സമര കോലാഹലങ്ങള്‍ ജനം മുഖ വിലയ്ക്ക് എടുക്കില്ല. ബജറ്റ് വിമര്‍ശനങ്ങള്‍ക്ക് നിയമസഭയില്‍ കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തെ ധനസ്ഥിതിയെ കുറിച്ച് തെറ്റായ പ്രചാരണം നടക്കുന്നുണ്ട്. കേരളം കടക്കെണിയിലാണ് എന്നതാണ് അതിലൊന്ന്. മറ്റൊന്ന് ഇവിടെ ഭയങ്കരമായ ധനധൂര്‍ത്താണ് എന്നതാണ്. പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും ഇത് പ്രചരിപ്പിക്കുന്നു. കേരളത്തിന്റെ പൊതുകടം 1.5 ശതമാനം കുറഞ്ഞിട്ടുണ്ട്. മാത്രമല്ല സംസ്ഥാനത്തിന്റെ നികുതി വരുമാനം വര്‍ധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരുടെ റവന്യൂ ചെലവ് നാമമാത്രമാണ്. പര്‍വ്വതീകരിച്ച നുണകള്‍ക്ക് വസ്തുതകള്‍ ആണ് മറുപടിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ഇപ്പോഴുളള സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാര്‍ ആണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വാര്‍ഷിക വായ്പാ പരിധിയില്‍ കേന്ദ്ര യുക്തിരഹിതമായി വെട്ടിക്കുറവ് വരുത്തിയിരിക്കുകയാണ്. കിഫ്ബിയുടെ വായ്പ സംസ്ഥാനത്തിന്റെ വായ്പായി പ്രഖ്യാപിച്ച് വീണ്ടും വായ്പാ പരിധി വെട്ടിക്കുറച്ചു. അതിലൂടെ വരവ്-ചെലവിനെ താളം തെറ്റിക്കാനും സാമ്പത്തിക സ്തംഭനാവസ്ഥ സൃഷ്ടിക്കാനുമാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇതിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ ഇത്തരം നടപടികളാണ് ധനഞെരുക്കമുണ്ടാക്കുന്നത്. ഇതേക്കുറിച്ച് പറയാന്‍ കോണ്‍ഗ്രസിനും യുഡിഎഫിനും എന്താണ് പ്രയാസമെന്ന് മുഖ്യമന്ത്രി ചോദിച്ചു.
സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ മറച്ചുവെച്ച് സര്‍ക്കാരിനും കിഫ്ബിക്കും എതിരെ പ്രചാരണം നടത്തുകയാണ്. നിത്യച്ചെലവിന് പോലും കടമെടുക്കുന്നു എന്നാണ് പ്രചരണം. വികസന പ്രവര്‍ത്തനങ്ങള്‍ക്കായുളള ചിലവ് സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുന്നത്. ശമ്പളവും പെന്‍ഷനും നല്‍കാനും കടമെടുക്കുന്നതായി പ്രചരിപ്പിക്കുന്നുവെന്നും ഇത് അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications