സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; ഇന്നും നാളെയും 7 ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് നാലുദിവസം അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് ഇന്നും നാളെയും 7 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാണ് റെഡ് അലർട്ട്. തൃശൂർ മലപ്പുറം ജില്ലകളിൽ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

ബുധനാഴ്ച 12 ജില്ലകളിലാണ് റെഡ് അലർട്ട്. കണ്ണൂർ ജില്ലയിൽ ഓറഞ്ച് അലർട്ടും കാസർകോട് ജില്ലയിൽ റെഡ് അലർട്ടുമാണ്. വ്യാഴാഴ്ച എറണാകുളം മുതൽ കാസർകോട് വരെയാണ് റെഡ് അലർട്ട് പ്രഖ്യാപച്ചത്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ഇടിമിന്നലോടു കൂടി തുടർച്ചയായ മഴ പെയ്യുന്നതിനാൽ പ്രാദേശികമായ ചെറു മിന്നൽപ്രളയം ഉണ്ടാകാം എന്ന് കാലാവസ്ഥ വിദഗ്ധർ മുന്നറിയിപ്പു നൽകി. ചൊവ്വാഴ്ച മുതൽ മഴ ഒന്നു കൂടി ശക്തമാകും. മണ്ണിടിച്ചിലിനും വെള്ളക്കെട്ടിനും സാധ്യത കൂടുതലാണ്. വനമേഖലയിൽ ഉരുൾപൊട്ടലിനും സാധ്യതയുണ്ട്. മധ്യ തെക്കൻ ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണു മഴ സജീവമാക്കുന്നത്. ഇതു ന്യൂനമർദമായി മാറിയേക്കും.
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്ത് അഞ്ചു ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കല്ലാർകുട്ടി, പൊന്മുടി, കുണ്ടള, ലോവർ പെരിയാർ, ഇരട്ടയാർ ഡാമുകളിൽ ആണ് റെഡ് അലർട്ട്. മീങ്കര, മംഗലം ഡാമുകളിൽ ഓറഞ്ച് അലർട്ടാണ്. നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകളും അഞ്ചു സെന്റിമീറ്റർ വീതം ഉയർത്തി. പേപ്പാറ ഡാമിന്റെ നാലു ഷട്ടറുകളും തുറന്നു. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ 140 സെ. മീ ഉയർത്തി. പെരിങ്ങൾക്കുത്തു ഡാമിന്റെ ഇപ്പോൾ തുറന്നിരിക്കുന്ന സ്പിൽവേ ഷട്ടറുകൾക്ക് പുറമെ ഒരു സ്ലൂയിസ് ഗേറ്റ് കൂടി തുറന്ന് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കും.












Click it and Unblock the Notifications