ചെങ്ങന്നൂരും കര്‍ണാടകയും കോണ്‍ഗ്രസിനൊപ്പം: മുകുള്‍ വാസ്‌നിക്
കോഴിക്കോട്: രാജ്യത്ത് ആകമാനം കോണ്‍ഗ്രസിന് അനുകൂലമായി രാഷ്ട്രീയം മാറുകയാണെന്നും കേരളത്തിലും അതിനനുസരിച്ചുള്ള ജനമുന്നേറ്റമാണ് ഉണ്ടാവുന്നതെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്. രാജസ്ഥാനിലും യു പിയിലും ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പിയ്ക്കുണ്ടായ പരാജയത്തിന്റെ ആവര്‍ത്തനമാകും മധ്യപ്രദേശിലും ചത്തീസ്ഗഢിലും മിസോറാമിലുമുള്‍പ്പെടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാവാന്‍ പോകുന്നത്. തെരഞ്ഞെടുപ്പ് ആസന്നമായ ചെങ്ങന്നൂരിലും കര്‍ണാടകയിലും കോണ്‍ഗ്രസ് വിജയക്കൊടി നാട്ടുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെ പി സി സി പ്രസിഡന്റ് എം എം ഹസ്സന്‍ നയിക്കുന്ന ജനമോചന യാത്രയ്ക്ക് കോഴിക്കോട് അരയിടത്ത്പാലം മൈതാനിയില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹസ്സന്‍.

വാഗ്ദാന ലംഘനങ്ങളുടെ സര്‍ക്കാറുകളാണ് മോദിയും പിണറായി വിജയനും നയിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് മോദി നല്‍കിയ എല്ലാ വാഗ്ദാനവും പാഴായി. മോദിയുടെ തണലില്‍ രാജ്യത്തിന്റെ സമ്പദ് ഘടന കൊള്ള ചെയ്ത നീരവ് മോദിയും വിജയ് മല്യയും എവിടെയാണെന്ന് പോലും സര്‍ക്കാറിന് അറിയില്ല. തന്റെ ഭരണകാലത്ത് ബി ജെ പി ദേശീയ പ്രസിഡന്റിന്റെ മകന്റെ കമ്പനി പതിനാറ് മടങ്ങ് ലാഭം ഉണ്ടാക്കിയതിന് മോദി മൗനസാക്ഷിയാണ്.
അങ്ങനെയുള്ള മോദിക്ക് അഴിമതിയെപ്പറ്റി സംസാരിക്കാന്‍ അവകാശമില്ലെന്ന് മുകുള്‍ വാസ്‌നിക് അഭിപ്രായപ്പെട്ടു. രാജ്യത്ത് അനുദിനം കര്‍ഷകര്‍ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കയാണ്. കാര്‍ഷിക വളര്‍ച്ചയിലും വലിയ ഇടിവാണ് ഉണ്ടായത്. കര്‍ഷക രോഷവും ദളിത് രോഷവും മോദി സര്‍ക്കാറിനെതിരെ രാജ്യമാസകലം ഉയരുകയാണ്. രണ്ട് കോടി തൊഴില്‍ വാഗ്ദാനം ചെയ്തിട്ട് നാല് വര്‍ഷക്കാലത്തിനിടയില്‍ യുവാക്കളെ വഞ്ചിക്കുകയാണ് മോദി ചെയ്തത്.
ദേശീയ സുരക്ഷ ഏറ്റവും അപകടത്തിലായ കാലഘട്ടമാണിത്. ചൈനയുടെ കടന്നുകയറ്റവും കാശ്മീരിലുള്‍പ്പെടെ തീവ്രവാദി അക്രമവും തുടര്‍ക്കഥയായി. ജി എസ് ടിയും നോട്ട് നിരോധനവും രാജ്യത്തിന്റെ നട്ടെല്ല് തന്നെ തകര്‍ത്തിരിക്കയാണ്. കേന്ദ്രത്തിന് സമാനമായ ദുര്‍ഭരണമാണ് കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാറും നടത്തുന്നത്. പിണറായി വിജയന്റെ കാലത്ത് രാഷ്ട്രീയ കൊലപാതകങ്ങളുടെ ഇരകള്‍ കൂടിക്കൊണ്ടിരിക്കയാണ്. മട്ടന്നൂരിലെ ഷുഹൈബ് വധവും ആദിവാസി യുവാവ് മധുവിനെ അടിച്ചുകൊന്നതും ഏറ്റവും ഒടുവില്‍ വരാപ്പുഴയില്‍ കസ്റ്റഡി മരണവും പിണറായി ഭരണത്തിലെ ഭീകരതയാണ് വെളിപ്പെടുത്തുന്നത്. രണ്ട് സര്‍ക്കാറുകളുടെയും ദുര്‍ഭരണത്തില്‍ നിന്നുള്ള മോചനമാണ് ജനം ആഗ്രഹിക്കുന്നതെന്ന് വാസ്‌നിക് കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications