'ചെറുതുരുത്തിയില്‍ മരുമോനല്ലേ ക്യാംപ് ചെയ്യുന്നത്, 25 ലക്ഷം വന്നത് എവിടെ നിന്ന്?' ചോദ്യവുമായി അന്‍വര്‍
തൃശൂര്‍: ചേലക്കരയില്‍ എല്‍ഡിഎഫ് പണമൊഴുക്കുന്നു എന്ന ആരോപണവുമായി നിലമ്പൂര്‍ എംഎല്‍എയും ഡിഎംകെ നേതാവുമായ പിവി അന്‍വര്‍. വോട്ടേഴ്‌സ് സ്ലിപ്പിനൊപ്പം പണവും കവറിലാക്കി കോളനികളില്‍ വിതരണം ചെയ്യുന്നു എന്ന ആരോപണമാണ് അന്‍വര്‍ ഉയര്‍ത്തിയിരിക്കുന്നത്. ചേലക്കര അതിര്‍ത്തിയില്‍ നിന്ന് പിടിച്ചെടുത്ത 25 ലക്ഷം രൂപ ആര്‍ക്കുവേണ്ടി കൊണ്ടുവന്നതാണ് എന്നും അദ്ദേഹം ചോദിച്ചു.
'ചെറുതുരുത്തിയില്‍ നിന്ന് കിട്ടിയ പണം ആരുടേതാണ്? ആര്‍ക്കായിരുന്നു അവിടെ ചുമതല? മരുമോനായിരുന്നില്ലേ ചുമതല? കവറില്‍ പണം കൂടി വെച്ചാണ് കോളനികളില്‍ സ്ലിപ് നല്‍കുന്നത്. മദ്യവും പണവും ഒഴുക്കി വോട്ട് പിടിക്കുകയാണ്. ആ നിലയിലേക്ക് ഇടതുമുന്നണി എത്തി,' അന്‍വര്‍ ആരോപിച്ചു. ഉപതിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് 40 ലക്ഷം രൂപയാണ് പരമാവധി ചെലവഴിക്കാവുന്ന തുക എന്നിരിക്കെ മൂന്ന് മുന്നണികളും കൂടി 36 കോടി രൂപയാണ് ചെലവഴിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

ബൂത്ത് തിരിച്ച് ഓരോ പാര്‍ട്ടിയും ചെലവാക്കിയ തുകയുടെ കണക്ക് തന്റെ കൈയ്യിലുണ്ടെന്നും ഈ മണ്ഡലത്തില്‍ ആരും ജയിക്കാന്‍ പോകുന്നില്ല എന്നും തങ്ങള്‍ കോടതിയില്‍ പോകും എന്നും അദ്ദേഹം പറഞ്ഞു. അതിനിടെ പിവി അന്‍വറിന്റെ വാര്‍ത്താസമ്മേളനത്തില്‍ നാടകീയ രംഗങ്ങളും അരങ്ങേറി. തിരഞ്ഞെടുപ്പ് ചട്ടലംഘനം നിലനില്‍ക്കുന്നതിനാല്‍ വാര്‍ത്താസമ്മേളനം നടത്താന്‍ പാടില്ല എന്ന് പൊലീസ് അന്‍വറിനോട് പറഞ്ഞിരുന്നു.
എന്നാല്‍ വിലക്ക് ലംഘിച്ചാണ് അന്‍വര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. താന്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നില്ലെന്ന് പറഞ്ഞാണ് അന്‍വര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ഇതിനിടെ അന്‍വറിനോട് വാര്‍ത്താസമ്മേളനം നിര്‍ത്തി വെക്കണം എന്ന് ആവശ്യപ്പെട്ട് തിരഞ്ഞടുപ്പ് ഉദ്യോഗസ്ഥന്‍ തന്നെ നേരിട്ട് എത്തി. എന്നാല്‍ തന്റേത് ചട്ടലംഘനമല്ലെന്ന് പറഞ്ഞ് അന്‍വര്‍ തിരഞ്ഞടുപ്പ് ഉദ്യോഗസ്ഥനോട് തര്‍ക്കിച്ചു.
പിന്നാലെ അന്‍വറിന് നോട്ടീസ് നല്‍കിയ ശേഷം ഉദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പൊലീസ് തന്റെ വാര്‍ത്താ സമ്മേളനം തടയുന്നതെന്ന് അന്‍വര്‍ ആരോപിച്ചു. ' എന്തിനാണ് പിണറായി ഭയക്കുന്നത്. ഇന്ന് പ്രചരണം നടത്തരുതെന്ന് ചട്ടം പറയുന്നില്ല. കോണ്‍ഗ്രസില്‍ നിന്ന് വന്ന ഏതോ ഒരു അലവലാതിയുമായി എന്തിനാണ് ഏറ്റുമുട്ടാന്‍ നില്‍ക്കുന്നത്,' അന്‍വര്‍ ചോദിച്ചു.
തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളോട് പറയാനുള്ള കാര്യങ്ങളുണ്ട് എന്നും അതില്‍ എന്തിനാണ് പിണറായി തന്നെ ഭയപ്പെടുത്തുന്നത് എന്ന് അറിയില്ലഎന്നും അദ്ദേഹം പറഞ്ഞു. രാവിലെ പൊലീസ് വന്ന് സ്റ്റാഫിനേയും ഹോട്ടലുകാരേയും ഭീഷണിപ്പെടുത്തി എന്നും ഒരു തിരഞ്ഞെടുപ്പ് ചട്ടലംഘനവും ഇവിടെ നടത്തുന്നില്ല എന്നും അന്‍വര്‍ ആരോപിച്ചു. ഞങ്ങളെ സംബന്ധിച്ച് ഇവിടെ പ്രവര്‍ത്തിക്കാന്‍ ആളുകള്‍ കുറവാണ് എന്നത് വസ്തുതയാണ്.
98 എംഎല്‍എമാരും മുഖ്യമന്ത്രിയും എല്‍ഡിഎഫിന് വേണ്ടിയും പ്രതിപക്ഷ നേതാവും 40 എംഎല്‍എയും യുഡിഎഫിന് വേണ്ടിയും സുരേഷ് ഗോപിയും കേന്ദ്രമന്ത്രിമാരും എന്‍ഡിഎയ്ക്ക് വേണ്ടിയും ക്യാംപ് ചെയ്യുമ്പോള്‍ തങ്ങള്‍ക്ക് വേണ്ടി പരമാവധി സമയം തങ്ങള്‍ തന്നെ പ്രവര്‍ത്തിക്കും എന്നു അദ്ദേഹം പറഞ്ഞു. ഇവരെല്ലാരുംകൂടെ വായ്പോയ കോടാലിക്ക് വേണ്ടി ഏറ്റുമുട്ടുകയാണ് എന്നും അന്‍വര്‍ കുറ്റപ്പെടുത്തി.
'ഞങ്ങള്‍ക്ക് പരിമിതികളുണ്ട്. എന്നുവെച്ച് ഭയപ്പെടുത്താന്‍ നോക്കേണ്ട. 20-ലധികം എഫ്‌ഐആറുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്,' അന്‍വര്‍ പറഞ്ഞു. അന്‍വറിന്റെ ഡിഎംകെയ്ക്ക് വേണ്ടി മുന്‍ കോണ്‍ഗ്രസ് നേതാവ് എന്‍കെ സുധീറാണ് ചേലക്കരയില്‍ മത്സരിക്കുന്നത്.












Click it and Unblock the Notifications