വഴിപാടുകള്‍ പൂര്‍ത്തിയാക്കി രമ്യ ഹരിദാസ്, ' എന്റെ ഭൂരിപക്ഷം മാധ്യമങ്ങള്‍ പ്രവചിച്ചോളൂ'
തൃശൂര്‍: ചേലക്കര ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്ന് അവസാനിക്കാനിരിക്കെ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് തങ്ങളെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. പരസ്യപ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് രാവിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് വഴിപാടുകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് രമ്യ ഹരിദാസ് വോട്ട് തേടി ഇറങ്ങിയത്. കോണ്‍ഗ്രസും യുഡിഎഫും ചിട്ടയായ പ്രവര്‍ത്തനമാണ് മണ്ഡലത്തില്‍ നടത്തുന്നത് എന്ന് രമ്യ പറഞ്ഞു.
'ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ വഴിപാട് എഴുതിയിട്ടുണ്ടായിരുന്നു. ഇന്ന് കാലത്ത് തന്നെ വില്വാദ്രിനാഥനേയും കണ്ടു, ഇവിടെ പാമ്പാടിയില്‍ എത്തി പരമശിവനേയും തൊഴുതു. സഹപ്രവര്‍ത്തകര്‍ നേരത്തെ തന്നെ വഴിപാട് എഴുതി ചീട്ടാക്കിയിട്ടുണ്ടായിരുന്നു. ഇവിടെ പ്രചരണം ആരംഭിക്കുന്നതിന് മുമ്പ് തൊഴുത് ഇറങ്ങാം എന്ന് നേരത്തെ തന്നെ തീരുമാനിച്ചതായിരുന്നു,' രമ്യ ഹരിദാസ് പറഞ്ഞു.

യുഡിഎഫും കോണ്‍ഗ്രസും നേരത്തെ തന്നെ മണ്ഡലത്തിലെ പ്രചരണങ്ങള്‍ കൃത്യമായി ഷെഡ്യൂള്‍ ചെയ്തിരുന്നു എന്നും അതിനാല്‍ തന്നെ അവ ഫിനിഷിംഗ് പോയന്റില്‍ എത്തിക്കുവാന്‍ സാധിച്ചു എന്നും രമ്യ കൂട്ടിച്ചേര്‍ത്തു. വാഹന പ്രചരണത്തിന് എത്താന്‍ സാധിക്കാത്ത സ്ഥലങ്ങളില്‍ ടൂവീലറില്‍ പോയി വോട്ട് തേടിയെന്നും രമ്യ ഹരിദാസ് പറഞ്ഞു. ചേലക്കരയില്‍ തന്റെ ഭൂരിപക്ഷം എത്രയാകും എന്നത് പ്രവചിക്കാന്‍ മാധ്യമങ്ങള്‍ക്ക് വിട്ടുതന്നിരിക്കുകയാണ് എന്നും രമ്യ പറഞ്ഞു.
'എല്ലാ പഞ്ചായത്തിലും കലാശക്കൊട്ട് പ്ലാന്‍ ചെയ്തിട്ടുണ്ട്. സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഞാന്‍ ചേലക്കരയിലെ കലാശക്കൊട്ടിലായിരിക്കും പങ്കെടുക്കുക. ജയിച്ചാല്‍ ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന നിയോജക മണ്ഡലമാക്കി ചേലക്കരയെ മാറ്റും എന്നാണ് എനിക്ക് പറയാനുള്ളത്. ജനങ്ങള്‍ സ്വപ്‌നം കാണുന്ന തരത്തില്‍ കൈപിടിച്ച് മുന്നോട്ട് കൊണ്ടുപോകണം എന്നാണ് ആഗ്രഹിക്കുന്നത്,' രമ്യ ഹരിദാസ് പറഞ്ഞു.
1996 മുതല്‍ സിപിഎമ്മിലൂടെ എല്‍ഡിഎഫ് ജയിച്ച് വരുന്ന മണ്ഡലമാണ് ചേലക്കര. കെ രാധാകൃഷ്ണനാണ് അന്ന് മുതല്‍ ചേലക്കരയില്‍ ജയിക്കുന്നത്. 2016-21 കാലത്ത് രാധാകൃഷ്ണന്‍ മാറി നിന്നപ്പോള്‍ മത്സരിച്ച് ജയിച്ച യുആര്‍ പ്രദീപാണ് ഇത്തവണ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി. എന്നാല്‍ ഉപതിരഞ്ഞെടുപ്പിലൂടെ ചേലക്കരയില്‍ വിജയം കൊയ്യാം എന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
ചേലക്കരക്കാര്‍ ഇത്തവണ മാറി ചിന്തിക്കുമെന്ന് നേരത്തെ രമ്യ ഹരിദാസ് വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞിരുന്നു. സിപിഎം അവരുടെ കോട്ട എന്ന പറയുന്ന ചേലക്കര ഐക്യ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ തങ്ങള്‍ തിരിച്ചുപിടിക്കും എന്നും അക്കാര്യത്തില്‍ ദൃഢപ്രതിജ്ഞയെടുത്താണ് എല്ലാവരും പ്രവര്‍ത്തിക്കുന്നത് എന്നും രമ്യ ഹരിദാസ് കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശും ഇതേ പ്രതീക്ഷയാണ് ഞങ്ങളുമായി പങ്ക് വെച്ചത്.
കേരളം ഭരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ പതനത്തിന്റെ തുടക്കം ചേലക്കരയില്‍ നിന്ന് തുടങ്ങും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം രമ്യ ഹരിദാസ് 5000 വോട്ടിന്റെ ഭൂരിപക്ഷത്തിനെങ്കിലും ജയിക്കും എന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറയുന്നത്.












Click it and Unblock the Notifications