രാജ്യസഭയിലേക്ക് പോകണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു; സംഭവിച്ചത് എന്ത്: ചെറിയാന്‍ ഫിലിപ്പ് പറയുന്നു
തിരുവനന്തപുരം: ഇടതുപക്ഷ സഹായിത്രിക ബന്ധം അവസാനിപ്പിച്ച് കോണ്‍ഗ്രസിലേക്ക് തിരിച്ച് വന്നതിന് പിന്നാലെ രാജ്യസഭാ സീറ്റ് വിഷയം ഉള്‍പ്പടേയുള്ള കാര്യങ്ങളില്‍ പ്രതികരിച്ച് ചെറിയാന്‍ ഫിലിപ്പ്. മോഹഭംഗങ്ങള്‍ ഉണ്ടായതുകൊണ്ടല്ല തന്റെ പാര്‍ട്ടി മാറ്റങ്ങള്‍ എന്നാണ് കോണ്‍ഗ്രസ് പ്രവേശനത്തിന് പിന്നാലെ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത്. തന്റെ മനസാക്ഷിക്ക് അനുസരിച്ച ചില നിലപാടുകള്‍ എനിക്ക് ഉണ്ടായിരുന്നു. ആ നിലപാടുകള്‍ക്ക് വേണ്ടി ഞാന്‍ എക്കാലത്തും നിലനിന്നിട്ടുണ്ട്.
അതിന്റെ പേരില്‍ ലാഭവും നഷ്ടവും ഉണ്ടായിട്ടുണ്ട്. മോഹമുക്തനായ കോണ്‍ഗ്രസുകാരന്‍ എന്ന് ഇഎംഎസ് പണ്ട് തന്നെ കുറിച്ച് പറഞ്ഞിട്ടുണ്ട്. 80 ല്‍ കെ എസ് യു നേതാവായിരിക്കുമ്പോള്‍ ഇടതുപക്ഷത്തിനൊപ്പം നില്‍കുന്നു സമയമാണ്. ഇടതുപക്ഷ വിദ്യാര്‍ത്ഥി ഐക്യത്തിന്റെ കണ്‍വീനറുമാണ്. രണ്ട് കണ്‍വീനര്‍ മാരുണ്ട്. മറ്റൊരാള്‍ എകെ ബാലനാണ്. ലോക്സഭ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ എകെ ബാലന്‍ ഒറ്റപ്പാലത്ത് നിന്നും ഞാന്‍ മാവേലിക്കരയില്‍ നിന്നും മത്സരിക്കുന്നുവെന്ന പ്രചരണം ഉണ്ടായെന്നും ചെറിയാന്‍ ഫിലിപ്പ് പറയുന്നു.

സത്യം പറഞ്ഞാല്‍ അന്ന് ലോക്സഭയിലേക്ക് മത്സരിക്കാന്‍ ഞാന്‍ തല്‍പരനായിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏകെ ആന്റണിയുടെ സീറ്റായ കഴക്കൂട്ടത്തും ഞാന്‍ മത്സരിക്കുമെന്ന പ്രചാരണം ഉണ്ടായി. അപ്പോഴും ഞാന്‍ മത്സരിക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല, എംഎം ഹസനെ മത്സരിപ്പിക്കണമെന്ന് പറയുകയും ഉണ്ടായി. 82 ല്‍ യൂത്ത് കോണ്‍ഗ്രസ് നേതാവാണ്. അപ്പോഴും 87 ലും ഞാന്‍ മത്സരിച്ചിരുന്നില്ലെന്നും ചെറിയാന്‍ ഫിലിപ്പ് പറയുന്നു.
തിരിച്ച് വരവില്‍ ഞെട്ടിക്കാന്‍ ആന്‍ അഗസ്റ്റിന്‍: വൈറലായി പുത്തന്‍ ചിത്രങ്ങള്‍

പിന്നീട് ഞാന്‍ മത്സരിക്കുന്നത് കെ പി സി സി സെക്രട്ടറി ആയിരുന്നപ്പോള്‍ 91 ല്‍ കോട്ടയത്താണ്. എതിരാളി ടികെ രാമകൃഷ്ണനാണ്. ഏറ്റവും ശക്തമായ സീറ്റാണ്. അദ്ദേഹം തുടര്‍ച്ചയായി അവിടെ ജയിക്കുന്ന ആളാണ്. അതിന് മുമ്പ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തോറ്റ സീറ്റാണ്. തന്റെ സമകാലീനരായ പല നേതാക്കളും മത്സരിച്ചപ്പോള്‍ ഞാന്‍ മാറിനില്‍ക്കുകയായിരുന്നു. അതുകണ്ട് ഇഎംഎസ് എന്നോട് ചോദിച്ചിട്ടുണ്ട് എന്തുകൊണ്ട് മത്സരിക്കുന്നില്ലെന്ന്. മത്സരിക്കാനില്ല, കോണ്‍ഗ്രസ് ഭാരാവാഹി ആയാല്‍ മതി എന്നായിരുന്നു എന്റെ നിലപാട്.

ആ അര്‍ത്ഥത്തിലാണ് മോഹമുക്തനായ കോണ്‍ഗ്രസുകാരന്‍ എന്ന് ഇഎംഎസ് പറഞ്ഞത്. സത്യം പറഞ്ഞാല്‍ മോഹമുക്തന്‍ എന്നല്ല, വ്യാമോഹ മുക്തന്‍ എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. മോഹമില്ലെങ്കില്‍ ഒരു മനുഷ്യന്‍ സന്യാസി ആവേണ്ടി വരും. രാഷ്ട്രീയത്തില്‍ നില്‍ക്കുന്നത് മോക്ഷത്തിന് വേണ്ടിയല്ല. എല്ലാവര്‍ക്കും അവരുടേതായ മോഹങ്ങള്‍ ഉണ്ട്. അതിമോഹം എനിക്കില്ല. എന്നെക്കാള്‍ സീനിയറായ ആളുകള്‍ക്ക് സീറ്റ് കിട്ടാതായപ്പോള്‍ പലപ്പോഴും ഞാന്‍ വിഷമിച്ചിട്ടുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അത്തരമൊരാളാണ്.

തോല്‍ക്കുന്ന കോട്ടയം സീറ്റാണ് അദ്ദേഹത്തിന് ലഭിച്ചിരുന്നത്. പിന്നീട് ഞാന്‍ തന്നെയാണ് അടൂരിലേക്ക് മാറുന്നതിനുള്ള നിര്‍ദേശം വച്ചത്. അദ്ദേഹം അടൂരിലേക്ക് മാറിയപ്പോഴാണ് എനിക്ക് കോട്ടയത്ത് മത്സരിക്കേണ്ടി വന്നത്. അത്തരം കാര്യങ്ങളില്‍ മര്യാദ കാണിക്കുകയും സീനയറും ജൂനിയറും ആയ ആളുകള്‍ക്ക് വേണ്ടി പോരാടിയിട്ടുണ്ട്. ഇപ്പോള്‍ രാജ്യസഭാ സീറ്റിന്റെ കാര്യത്തിലാണ് ഞാന്‍ പാര്‍ട്ടി മാറിയതെന്ന പ്രചരണം ഉണ്ട്. മാധ്യമങ്ങള്‍ സൃഷ്ടിച്ചതാണ് അത്. പണ്ട് കോണ്‍ഗ്രസ് വിട്ടതും സീറ്റ് കിട്ടാതിരുന്നിട്ടായിരുന്നില്ല. അന്ന് തിരുവനന്തപുരം നോര്‍ത്തില്‍ നിന്നും എന്നെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. തത്വങ്ങളുടെ പേരിലാണ് ഞാന്‍ നിലപാട് സ്വീകരിച്ചത്. ഉമ്മന്‍ചാണ്ടിക്കെതിരായ മത്സരവും ഒരു പ്രതീകാത്മക പോരാട്ടമായിരുന്നെന്നും ചെറിയാന്‍ ഫിലിപ്പ് അഭിമുഖത്തില്‍ പറയുന്നു.

ഇടതുപക്ഷത്തിന് അതിന്റെതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. കോണ്‍ഗ്രസിന് അതുപോലെ തന്നെയാണ് . രാജ്യസഭാ സീറ്റ് എന്ന കാര്യത്തിന് വേണ്ടി ഞാന്‍ അങ്ങോട്ട് ആവശ്യപ്പെട്ടിരുന്നില്ല. ഇടത്പക്ഷത്ത് നില്‍ക്കുമ്പോള്‍ സ്വാഭാവികമായും ജയിക്കുന്ന ഒരു സീറ്റ് വേണമെന്ന് പിണറായി വിജയനോടും കോടിയേരി ബാലകൃഷ്ണനോടും പറഞ്ഞിട്ടുണ്ട്. ഒരു ഘട്ടത്തില്‍ എനിക്ക് സീറ്റില്ല എന്ന് തന്നെ പറഞ്ഞു. ഏരിയാ കമ്മറ്റികള്‍ ഉള്‍പ്പടെയുള്ള ചിലര്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. അപ്പോള്‍ ഒരു ബദല്‍ നിര്‍ദേശമായി ഇങ്ങോട്ട് വന്നതാണ് രാജ്യാസഭ സീറ്റ് എന്നുള്ളത്.

രാജ്യസഭാ സീറ്റിലേക്ക് എന്റെ പേര് ഏറേക്കുറെ ഉറപ്പിച്ചതായിരുന്നു. അങ്ങനെ സെക്രട്ടറിയേറ്റ് യോഗം നിര്‍ത്തി വെച്ചിട്ട് എന്നെ വിളിപ്പിച്ചാണ് രണ്ട് പേരും കൂടി ആ കാര്യം പറയുന്നത്. എന്റെ പേരായിരുന്നു ആലോചിച്ചിരുന്നത്. എന്നാല്‍ സീതാറാം യച്ചൂരി മാറുന്ന സാഹചര്യത്തില്‍ ഒരു നേതാവ് ലോക്സഭയില്‍ വേണമെന്ന നിര്‍ദേശം കേന്ദ്രത്തില്‍ നിന്നും വന്നിട്ടുണ്ട്. അങ്ങനെയാണ് അത്തരമൊരു നേതാവിനെ വെക്കേണ്ടി വന്നത്. അതില്‍ യുക്തിയുണ്ട്. ഞാന്‍ സമ്മതിക്കുകയും ചെയ്തുവെന്നും ചെറിയാന്‍ ഫിലിപ്പ് വ്യക്തമാക്കുന്നു.

അടുത്ത തവണ ആലോചിക്കാമെന്നതും ഇങ്ങോട് പറയുകയാണ്. ആ സമയവും ഞാന്‍ അങ്ങോട്ട് ആവശ്യപ്പെട്ടിരുന്നില്ല. ജയിക്കുന്ന ഒരു സീറ്റാണ് ഈ നിയസഭ തിരഞ്ഞെടുപ്പിലും ആവശ്യപ്പെട്ടത്. എന്നെ ഉപേക്ഷിക്കരുതെന്ന ഒറ്റ വരിയാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ നിയമസഭയിലും രാജ്യസഭയിലും പരിഗണിച്ചില്ലെന്ന് മാത്രമല്ല, അതിന് ശേഷവും ഞാന്‍ നേതാക്കന്‍മാരെ കണ്ടിട്ടുണ്ട്.

രാജ്യസഭയിലേക്ക് പോകണമെന്ന് ഞാന്‍ തീര്‍ച്ചയായും ആഗ്രഹിച്ചിട്ടുണ്ട്. 12 വയസ് മുതല്‍ രാഷ്ട്രീയ ജീവിയാണ്. രാഷ്ട്രീയ ജീവിതത്തില്‍ തന്റെ കയ്യൊപ്പ് ചാര്‍ത്തുന്ന ഒരു പദവി എനിക്ക് കിട്ടിയിട്ടില്ല. നിയമസഭയിലോ പാര്‍ലമെന്റിലോ പോകണമെന്ന് ഞാന്‍ മോഹിച്ചാല്‍ തെറ്റാണെന്ന് പറയാന്‍ സാധിക്കുമോ? അത്തരം മോഹങ്ങള്‍ എനിക്കുണ്ട്. സിപിഎമ്മിന്റെ പരിമിതികള്‍ എനിക്ക് അറിയാം. എന്നാല്‍ പരിഗണിക്കാത്തതിനെ കുറിച്ച് ഒരു വിശദീകരണം ഇതുവരെ തനിക്ക് തന്നിട്ടില്ലെന്നും ചെറിയാന്‍ ഫിലിപ്പ് കൂട്ടിച്ചേര്‍ക്കുന്നു.












Click it and Unblock the Notifications