സുബ്രതോ കപ്പ്; എം.എസ്.പി. സ്‌കൂളിന് രണ്ട് ലക്ഷം രൂപ പാരിതോഷികം
തിരുവനന്തപുരം: പ്രസിദ്ധമായ സുബ്രതോ കപ്പ് ഫുട്‌ബോളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് റണ്ണറപ്പുകളായ മലപ്പുറം എം.എസ്.പി. സ്‌കൂളിന് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു. സ്‌കൂളിന് രണ്ടു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. മന്ത്രിസഭാ യോഗത്തിനുശേഷം പത്രലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫൈനല്‍ മത്സരത്തിനുശേഷം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സ്‌കൂളിന് പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ടൂര്‍ണമെന്റിലുടനീളം കാണികളുടെ മനംകവര്‍ന്ന വീറുറ്റ പ്രകടനമാണ് എംഎസ്പി സ്‌കൂള്‍ പുറത്തെടുത്തത്. ഫൈനല്‍ മത്സരത്തില്‍ ബ്രസീലിലെ റിയോ ഡീ ജനീറോയിലെ സെന്റ് ആന്റണി സ്‌പോര്‍ട്‌സ് സ്‌കൂള്‍ ആണ് എംഎസ്പിയെ തോല്‍പ്പിച്ചത്. കളിയുടെ ഇഞ്ചുറി ടൈമില്‍ സമനില പിടിച്ച ബ്രസീല്‍ സഡന്‍ ഡെത്തിലൂടെയാണ് മത്സരവും കപ്പും സ്വന്തമാക്കിയത്.

ബ്രസീലിലെ പ്രശസ്തമായ ഫ്‌ലൂമിനെന്‍സ് ക്ലബിന്റെ അക്കാദമിയില്‍ പരിശീലിക്കുന്ന ടീം ആണിത്. ഒരവസരത്തില്‍ 2-0 എന്ന സ്‌കോറിന് മുന്നിലായിരുന്ന എംഎസ്പി ടീം ബ്രസീല്‍ ടീമിന്റെ ഒന്നടങ്കമുള്ള ആക്രമണത്തില്‍ പകച്ചു പോവുകയായിരുന്നു. ബ്രസീല്‍ ടീം പരിശീലകന്റെയും കളിക്കാരുടെയും പ്രശംസ പിടിച്ചുപറ്റാന്‍ എംഎസ്പി ടീമിന് കഴിഞ്ഞിരുന്നു.
രണ്ടാം തവണയാണ് എംഎസ്പി ടീം സുബ്രതോ കപ്പിന്റെ ഫൈനലില്‍ പരാജയപ്പെട്ടത്. മികച്ച പരിശീലനം ലഭിച്ചാല്‍ ടീമിനും കളിക്കാര്‍ക്കും ഇനിയും മുന്നോട്ടു പോകാന്‍ കഴിയുമെന്നുറപ്പാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോലുള്ള ടൂര്‍ണമെന്റുകള്‍ എത്തിയതോടെ ഇന്ത്യയില്‍ ഫുട്‌ബോളിന് മികച്ച ഭാവിയുണ്ടെന്നത് സ്‌കൂള്‍ കുട്ടികള്‍ക്ക് പ്രചോദനമാകും.












Click it and Unblock the Notifications