'മുഖ്യമന്ത്രി കാരവാനിൽ, ജനങ്ങളെ കണ്ടത് ആയിരമടി അകലെ നിന്ന്'; രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല...
ന്യൂഡൽഹി: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രണ്ട് മന്ത്രിമാരെ മാറ്റി, പുതിയ രണ്ടുപേരെ കൊണ്ടുവന്നതുകൊണ്ട് പ്രത്യേകിച്ച് ഒരു മാറ്റവുമുണ്ടാകാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് കാരവാന്‍ വാങ്ങുന്നതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോടും മുൻ ആഭ്യന്തരമന്ത്രി പ്രതികരിച്ചു.
മുഖ്യമന്ത്രി ഇപ്പോഴും കാരവനിലാണ് ജീവിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നവകേരള സദസില്‍ ആയിരമടി അകലെ നിന്നാണ് മുഖ്യമന്ത്രി ജനങ്ങളെ കണ്ടതെന്നും ചെന്നിത്തല പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'രണ്ട് പാവങ്ങളെ പറഞ്ഞുവിട്ടു, രണ്ട് പേര് വരുന്നു എന്നുള്ളതല്ലാതെ ഇതിന് പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പ്രാധാന്യവുമില്ല. ഇതുകൊണ്ട് കേരള രാഷ്ട്രീയത്തില്‍ ഒരു ചലനവും ഉണ്ടാകുകയുമില്ല. സര്‍ക്കാര്‍ ജനങ്ങളുടെ മുന്നില്‍ വളരെയേറെ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്' രമേശ് ചെന്നിത്തല വ്യക്തമാക്കി.
'മുഖ്യമന്ത്രി ഇപ്പോഴും ജനങ്ങളെ കാണാതെ കാരവനിലാണ് ജീവിക്കുന്നത്. നവകേരള സദസില്‍ ജനങ്ങളുമായി ഒരു സമ്പര്‍ക്കവും നടത്തിയിട്ടില്ല. ആയിരമടി അകലെ വെച്ചാണ് അദ്ദേഹം ജനങ്ങളെ കണ്ടത്. അതെല്ലാവരും കണ്ടതാണ്.' ചെന്നിത്തല ആരോപിച്ചു.
അയോധ്യയിലെ രാമക്ഷേത്ര ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന വിവാദത്തിലും അദ്ദേഹം തന്റെ നിലപാടറിയിച്ചു. രാമക്ഷേത്ര ഉദ്ഘാടനത്തിന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും സോണിയാ ഗാന്ധിക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.
അക്കാര്യത്തില്‍ വൈകാതെ തീരുമാനമെടുക്കും. അതിന് സമയമുണ്ട്. പരസ്യ പ്രതികരണങ്ങള്‍ നടത്തരുതെന്ന് രാജ്യത്തെ എല്ലാ കോണ്‍ഗ്രസ് നേതാക്കള്‍ക്കും എഐസിസി നിര്‍ദ്ദേശമുണ്ട്, അതിനാൽ കൂടുതലൊന്നും പറയുന്നില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
മന്ത്രിയായി ചുമതല ഏറ്റെടുക്കുന്ന ഗണേഷ് കുമാറിനെയും ചെന്നിത്തല വിമർശിച്ചു. പ്രതിപക്ഷത്തിനെതിരെ പറയുന്നത് മന്ത്രിസ്ഥാനം കിട്ടിയതിന്റെ ആഹ്‌ളാദമായി കണക്കാക്കിയാല്‍ മതി. മന്ത്രിസ്ഥാനം കിട്ടുന്നതിന് മുമ്പ് ഈ സര്‍ക്കാരിനെ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചയാളാണ് ഗണേഷ് കുമാർ. വിവിധ വകുപ്പുകളെയും മന്ത്രിമാരേയും പ്രതിപക്ഷത്തേക്കാള്‍ കൂടുതല്‍ കഠിനമായി വിമര്‍ശിച്ചിരുന്നു. മന്ത്രിസ്ഥാനം കിട്ടിയാല്‍ അത് മാറുന്നതിന്റെ കാര്യം എല്ലാവര്‍ക്കും അറിയാമെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, ഗണേഷ് കുമാറിന് ഗതാഗത വകുപ്പ് മാത്രമായിരിക്കും ലഭിക്കുക എന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ വിവരം. സിനിമാ വകുപ്പ് ഗണേഷിന് വിട്ടുകൊടുക്കേണ്ട എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. ഇന്ന് വൈകീട്ടാണ് ഗണേഷ് കുമാറും, കടന്നപ്പള്ളി രാമചന്ദ്രനും സത്യപ്രതിജ്ഞ ചെയ്യുന്നത്.












Click it and Unblock the Notifications