കെഎസ്ആര്‍ടിസിയെ മൂന്നായി വിഭജിക്കുമെന്ന് മുഖ്യമന്ത്രി, മാനേജ്മെന്‍റിന് കെടുകാര്യസ്ഥതയെന്നും വിമർശനം
തിരുവനന്തപുരം: കെഎസ്ആർടിസിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ സഹായിച്ചിട്ടും ശമ്പളം പോലും നൽകാനാവാത്തത് കെഎസ്ആര്‍ടിസി മാനേജ്മെന്‍റിന്‍റെ കെടുകാര്യസ്ഥതയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കെഎസ്ആര്‍ടിസിയെ സ്വയംഭരണാധികാരമുള്ള മൂന്ന് ലാഭകേന്ദ്രങ്ങളായി വിഭജിക്കുമെന്നും സിംഗിൾ ഡ്യൂട്ടിയിൽ വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സത്യങ്ങൾ മറച്ചുവച്ചാണ് ചില സംഘടനകളുടെ പ്രചാരണം. 2011-2022 കാലയളവില്‍ മാത്രം 2076 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കിയത്.എന്നാല്‍, ജീവനക്കാര്‍ക്ക് ശമ്പളം പോലും നൽകാനാവാത്തത് കെഎസ്ആര്‍ടിസി മാനേജ്മെന്‍റിന്‍റെ കെടുകാര്യസ്ഥതയാണ്. കെഎസ്ആര്‍ടിസിയെ പൊതുമേഖലയില്‍ നിലനിര്‍ത്തുകയാണ് ലക്ഷ്യമെന്നും ചിന്ത വാരികയിലെ ലേഖനത്തിൽ മുഖ്യമന്ത്രി വിശദീകരിച്ചു.

കോര്‍പ്പറേഷനെ സ്വയം ഭരണാധികാരമുള്ള മൂന്ന് ലാഭ കേന്ദ്രങ്ങളായി വിഭജിക്കും. മാനേജ്മെന്‍റ് തലത്തില്‍ ഉദ്യോഗസ്ഥര്‍ കര്‍ശന നിലപാട് സ്വീകരിക്കണം. കെഎസ്ആര്‍ടിസിയുടെ വിശ്വാസ്യത കൂട്ടാന്‍ ബോര്‍ഡ് ഉണ്ടാക്കും. ഡ്യൂട്ടി പാറ്റേണിലെ മാറ്റങ്ങളില്‍ ഉള്‍പ്പെടെ ജീവനക്കാര്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കെഎസ്ആർടിസിയെ രക്ഷപ്പെടുത്താൻ കർണ്ണാടക മാതൃക പഠിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. കർണാട എസ്ആർടിസിയുടെ ടിക്കറ്റ് നിരക്ക് , മാനേജ്മെന്റ് രീതി ശരിയായി പഠിക്കാനാണ് നിർദേശം. ഇത് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആസൂത്രണ ബോർഡിനെ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ചുമതലപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ.
അതേസമയം ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനത്തിൽ കെഎസ്ആർടിസി സർവ്വകാല റിക്കാർഡ് വരുമാനം നേടി.പന്ത്രണ്ടാം തീയതി, തിങ്കളാഴ്ചയാണ് കെഎസ്ആർടിസി പ്രതിദിന വരുമാനം 8.4 കോടി രൂപ നേടിയത്. ജില്ലാ തലത്തിൽ കോഴിക്കോട് ജില്ലാ 59.22 ലക്ഷം രൂപ നേടി ഒന്നാം സ്ഥാനത്തെത്തി.ടാർജറ്റ് വരുമാനം ഏറ്റവും കൂടുതൽ നേടിയത് കോഴിക്കോട് യൂണിറ്റ് ആണ് 33.02 ( ടാർജറ്റിന്റെ 143.60%).സംസ്ഥാനത്ത് ആകെ കളക്ഷൻ നേടിയതിൽ ഒന്നാം സ്ഥാനത്ത് 52.56 ലക്ഷം രൂപ നേടി തിരുവനന്തപുരം സെൻട്രൽ ഡിപ്പോയുമാണ്.കെഎസ്ആർടിസി - സ്വിഫ്റ്റിന് മാത്രം 12 തീയതി 37 ലക്ഷം രൂപ വരുമാനം ലഭിച്ചു. 3941 ബസുകൾ നടത്തിയ സർവ്വീസിൽ നിന്നാണ് ഇത്രയും വരുമാനം ലഭിച്ചത്.
സോൺ അടിസ്ഥാനത്തിൽ കളക്ഷൻ സൗത്ത് 3.13 കോടി (89.44% ടാർജറ്റ്) , സെൻട്രൽ 2.88 കോടി(104.54 % ടാർജറ്റ്) , നോർത്ത് 2.39 കോടി രൂപ വീതമാണ് വരുമാനം ലഭിച്ചത്. ടാർജററ്റിനെക്കാൾ 107.96% കൂടുതൽ സ്വന്തമാക്കി ഏറ്റവും കൂടുതൽ ടാർജറ്റ് ലഭ്യമാക്കിയത് കോഴിക്കോട് മേഖല ആണ്.
കറുപ്പഴകിൽ അനശ്വര.... സാരിയിൽ പുത്തൻ ഫോട്ടോഷൂട്ട് ... കാണാം ചിത്രങ്ങൾ...












Click it and Unblock the Notifications