'ആരോപണങ്ങൾ തള്ളിക്കളയുന്നു, ഇത് അപകീർത്തിപ്പെടുത്താനുള്ള ശ്രമം'; അൻവറിന് മുഖ്യമന്ത്രിയുടെ മറുപടി
ന്യൂഡൽഹി: തനിക്കും പാർട്ടിക്കും എതിരായി നിലമ്പൂർ എംഎൽഎ പിവി അൻവർ ഉന്നയിച്ച ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. അൻവറിന്റേത് അപകീർത്തിപ്പെടുത്താനുള്ള ശ്രമം ആണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. താൻ നേരത്തെ സംശയിച്ച നിലയിലേക്ക് തന്നെ കാര്യങ്ങൾ എത്തിയെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. അന്വേഷണങ്ങൾ മുൻപ് പ്രഖ്യാപിച്ചത് പോലെ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അൻവറിന്റെ ഉദ്ദേശം വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശദമായ മറുപടി പിന്നീട് പറയുമെന്നും പിണറായി പറഞ്ഞു. എംഎൽഎ എന്ന നിലയിൽ അൻവർ തന്നെ പരാതികളിൽ എല്ലാം നടപടി സ്വീകരിച്ചിരുന്നു. അതിൽ തൃപ്‌തനല്ലെന്ന് അൻവർ ഇന്നലെ പറഞ്ഞു. മുന്നണിക്കും സർക്കാരിനും എതിരെയാണ് അൻവർ സംസാരിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇടതുപക്ഷത്തിന്റെ ശത്രുക്കൾ വ്യാപകമായി പ്രചരിപ്പിക്കുന്ന കാര്യങ്ങളാണ് അൻവർ പറഞ്ഞതെന്നും പിണറായി ആരോപിക്കുന്നു. എന്താണ് ഉദ്ദേശമെന്ന് അദ്ദേഹം തന്നെ പറഞ്ഞു കഴിഞ്ഞു. പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്ന് പറഞ്ഞു. എൽഡിഎഫിൽ നിന്ന് വിട്ടു നിൽക്കുകയാണെന്നും അറിയിച്ചിട്ടുണ്ട്; മുഖ്യമന്ത്രി ഡൽഹിയിൽ മാധ്യങ്ങളോട് പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനും എതിരായ പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് പിവി അൻവർ. മുഖ്യമന്ത്രി തന്നെ കള്ളനാക്കിയെന്നാണ് അൻവർ പ്രതികരിച്ചത്. തനിക്കൊരു ആശങ്കയും ഭയവുമില്ലെന്ന് അൻവർ ഉറക്കെ പറയുകയുമുണ്ടായി. അതിനർത്ഥം നിലവിലെ പോരാട്ടം തുടരാനാണ് തീരുമാനം എന്നാണ്. ഞായറാഴ്‌ച വിളിച്ച പൊതുസമ്മേളനത്തിൽ അൻവർ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കിയേക്കും.
അതിനിടെ അൻവറിന്റെ കാര്യത്തിൽ സിപിഎമ്മിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പാർലമെന്ററി പാർട്ടിയിൽ നിന്ന് അൻവറിനെ പുറത്താക്കാനുള്ള തീരുമാനം എടുത്തതാണ്. അതിനി ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് സൂചന. എന്നാൽ അൻവർ തന്നെ ഇനി താനില്ലെന്ന് പറഞ്ഞതോടെ ഈ പ്രഖ്യാപനത്തിൽ വലിയ കാര്യമില്ലെന്നാണ് വിലയിരുത്തൽ.
നേരത്തെ ആഭ്യന്തര വകുപ്പിലെ കെടുകാര്യസ്ഥതയും പോലീസ് സേനയിലെ മോശം പ്രവണതകളും ഒക്കെ ചൂണ്ടിക്കാട്ടി രംഗത്ത് വന്നതോടെയാണ് പിവി അൻവർ സിപിഎമ്മിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും കണ്ണിലെ കരടായി മാറിയത്. പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ ആരോപണം വന്നതോടെ പിണറായി അൻവറിനെ പൂർണമായി തള്ളിയിരുന്നു. ഇതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളിലേക്ക് നയിച്ച ഘടകം.












Click it and Unblock the Notifications