കുട്ടികളുടെ വ്യാജ പീഡന പരാതി; പ്രതി കുറ്റ വിമുക്തനായാലും ജീവിതം തകര്‍ന്നുപോകും: ഹൈക്കോടതി
കൊച്ചി: മാതാപിതാക്കള്‍ക്കു നേരെയുള്ള കുട്ടികളുടെ വ്യാജ ലൈംഗിക പരാതികളില്‍ ആശങ്കയറിയിച്ച് ഹൈക്കോടതി. കേസില്‍ രക്ഷിതാവ് കുറ്റവിമുക്തനായാലും ജീവിതം തകര്‍ന്ന്‌പോകുമെന്നും ഇത്തരം വ്യാജ പരാതികള്‍ അപകടകരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കല്‍പ്പറ്റയില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ അച്ഛന്‍ പീഡിപ്പിച്ചുവെന്ന കേസില്‍ അച്ഛന്‍ കുറ്റ മുക്തനാണെന്ന് കോടതി പ്രഖ്യാപിച്ചു. രണ്ടാനമ്മ മകളെ ഉപയോഗിച്ച് നല്‍കിയ വ്യാജ പരാതിയാണ് ഇതെന്നുള്ള വാദം കോടതി അംഗീകരിക്കുകയായിരുന്നു.
തന്നെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ രണ്ടാം ഭാര്യ പ്രായപൂര്‍ത്തിയാകാത്ത മകളെ ഉപയോഗിച്ച് നടത്തിയ വ്യാജ പരാതിയാണ് കേസ് എന്നായിരുന്നു വയനാട് കല്‍പ്പറ്റ സ്വദേശിയായ അച്ഛന്റെ വാദം. ഈ സംഭവത്തില്‍ തനിക്കെതിരെ നടത്തിയ കല്‍പ്പറ്റ് പോക്‌സോ കോടതിയുടെ വിധി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്. മെഡിക്കല്‍ രേഖകള്‍ ഇത് ശരിവെക്കുമെന്നും അച്ഛന്‍ കോടതിയില്‍ വാദിച്ചു. അതേസമയം വിചാരണ ജഡ്ജി പരാതി ഉന്നയിച്ച കുട്ടിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെട്ടിരുന്നതായും അച്ഛന്‍ ലൈംഗിക ചൂഷണം നടത്തിയതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. വിചാരണ ജഡ്ജി ഇരയെ നേരിട്ട് കണ്ടെന്നും അത് മതി തെളിവായി എന്നുമുള്ള വാദം അംഗീകരിക്കാനാകില്ലെന്നും ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രനും, സി ജയചന്ദ്രനും അടങ്ങിയ ഡിവിഷന്‍ ബഞ്ച് പറയുകയായിരുന്നു. കുട്ടിയുടെ വൈദ്യപരിശോധന റിപ്പോര്‍ട്ട് ലൈംഗിക ചൂഷണം സ്ഥിരീകരിക്കുന്നില്ലെന്നും മാത്രമല്ല മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.

പ്രോസിക്യൂഷന് കേസ് സംശയാതീതമായി തെളിയിക്കാന്‍ കഴിയാത്തതിനാല്‍ പ്രതിയെ കുറ്റമുക്തനാക്കുകയാണെന്നും കോടതി വിധി പ്രസ്താവിച്ചു. കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യം അതീവ ഗൗരവമുള്ളതാണെന്ന് കോടതി പറഞ്ഞു. രക്ഷിതാക്കള്‍ക്കെതിരായ വ്യാജ പരാതികളില്‍ കുറ്റക്കാരനല്ലെന്ന് അച്ഛന്‍ തെളിയിച്ചാലും ആ അച്ഛന്റെ ജീവതം തകര്‍ന്ന് പോകുമെന്ന് കോടതി ചൂണ്ടികാട്ടി. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയില്‍ വാടക കുടിശ്ശിക ചോദിച്ചതിന് വീട്ടുടമസ്ഥനെതിരെ വ്യാജ പീഡന പരാതി ഉന്നയിച്ചിരുന്നു. വീട്ടുടമയുടെ മരുമകന്‍ തന്റെ കൈയില്‍ കയറി പിടിച്ചെന്നും തന്റെ മോതിരം കൊണ്ട് പോയെന്നും ഒരു ലക്ഷം രൂപ വീട്ടുടമ ഇങ്ങോട്ട് തരാനുണ്ടെന്നുമാണ് വനിതാ എസ്‌ഐ പരാതി നല്‍കിയത്. പിന്നീട് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണ്തതില്‍ പരാതി വ്യാജമാണെന്ന് തെളിയുകയുമായിരുന്നു.












Click it and Unblock the Notifications