ഗവർണർക്കെതിരായ എസ്എഫ്ഐ പ്രതിഷേധത്തിൽ സംഘർഷം; പോലീസ് ലാത്തിവീശി, ഗവർണർ മടങ്ങി
കോഴിക്കോട്: സർവകലാശാല ക്യാംപസിൽ ഗവർണർക്കെതിരെ നടന്ന എസ്എഫ്ഐ പ്രതിഷേധത്തിൽ സംഘർഷം. ബൊട്ടാണിക്കൽ ഗാർഡൻ വഴി ഗവർണർ കഴിഞ്ഞിരുന്ന ഗസ്‌റ്റ് ഹൗസിലേക്ക് ചാടിക്കടക്കാൻ ശ്രമിച്ച എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി. നിരവധി പ്രവർത്തർക്ക് പോലീസിന്റെ ലാത്തിചാർജിൽ പരിക്കേറ്റിട്ടുണ്ട്.
കറുത്ത ടീ ഷര്‍ട്ട് ഉള്‍പ്പെടെ ധരിച്ചും കറുത്ത കൊടി ഉയര്‍ത്തികാണിച്ചുമാണ് എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം നടന്നത്. കറുത്ത ബലൂണുകളുമായായിരുന്നു പ്രതിഷേധം. നൂറുകണക്കിന് പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനിടെ ഒരുവിഭാഗം ആളുകള്‍ ബാരിക്കേഡ് മറികടന്ന് ഗസ്‌റ്റ് ഹൗസിന് സമീപമെത്തി കറുത്ത കൊടി വീശി പ്രതിഷേധിക്കുകയും ചെയ്‌തു.

ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെയാണ് പോലീസ് നടപടിയാരംഭിച്ചത്. പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌തു നീക്കുകയായിരുന്നു. പോലീസ് വാഹനത്തിലേക്ക് കയറാന്‍ തയ്യാറാകാതെ പ്രവര്‍ത്തകര്‍ പ്രതിഷേധം തുടർന്നത് സംഘര്‍ഷത്തിനിടയാക്കി. തുടർന്ന് പോലീസ് പ്രവര്‍ത്തകര്‍ക്കുനേരെ ലാത്തി വീശി.
നിലവിൽ എസ്എഫ്ഐ പ്രവർത്തകർ ജാഥയായി ദേശീയ പാത ലക്ഷ്യമാക്കി നീങ്ങുകയാണ്. അതേസമയം, യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ സെമിനാറിൽ പങ്കെടുക്കാൻ പോവുന്നതിന് മുൻപ് എസ്എഫ്ഐ പ്രതിഷേധത്തെ കുറിച്ച് ഗവർണറോട് ചോദിച്ചപ്പോൾ അദ്ദേഹം രോഷം പ്രകടിപ്പിച്ചു. എസ്എഫ്ഐക്കാർ ക്രിമിനലുകളാണെന്ന മുൻ പ്രസ്‌താവന ആവർത്തിക്കുകയായിരുന്നു അദ്ദേഹം.
പ്രതിഷേധത്തില്‍ അസ്വസ്ഥ പ്രകടിപ്പിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, രണ്ട് മണിക്കൂര്‍ താന്‍ മിഠായി തെരുവില്‍ നടന്നിട്ടും ഒരു പ്രതിഷേധവും കണ്ടില്ലെന്നും, ഇവിടെ പ്രതിഷേധിക്കുന്നത് എസ്എഫ്ഐ ക്രിമിനല്‍ സംഘമാണെന്നും ആരോപിച്ചു. സെമിനാറില്‍ നിന്ന് കാലിക്കറ്റ് സർവകലാശാല വൈസ് ചാന്‍സിലര്‍ വിട്ടുനിന്നു. എസ്എഫ്ഐ പ്രതിഷേധത്തിന് ഇടയിൽ ഗവർണർ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് മടങ്ങി.
അതേസമയം, തനിക്ക് പോലീസ് സുരക്ഷ ആവശ്യമില്ലെന്നും കോഴിക്കോട് നഗരത്തിലൂടെ സ്വതന്ത്രമായി നടക്കുമെന്നും പ്രഖ്യാപിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത് വന്നതോടെ നാടകീയ രംഗങ്ങൾക്കാണ് ഇവിടം സാക്ഷ്യം വഹിച്ചത്. ഗവര്‍ണറും അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങളും മാനാഞ്ചിറയിലൂടെ നടന്നു. കോഴിക്കോട് പലസ്ഥലങ്ങളില്‍ കാറില്‍ നിന്നിറങ്ങി അദ്ദേഹം ജനങ്ങളുമായി സംസാരിച്ചു.
പരീക്ഷ കഴിഞ്ഞ് വരുന്ന വിദ്യാര്‍ത്ഥികളുമായും അദ്ദേഹം സംവദിച്ചു. പിന്നീട് മാനാഞ്ചിറയില്‍ ഇറങ്ങി മിഠായിത്തെരുവ് ലക്ഷ്യമാക്കി നടന്നു. ഗവര്‍ണര്‍ തെരുവിലിറങ്ങിയതോടെ വലിയ ജനക്കൂട്ടവും ഒപ്പം കൂടിയിരുന്നു. സുരക്ഷ വേണ്ടെന്ന് പറഞ്ഞെങ്കിലും വന്‍ പോലീസ് സന്നാഹമാണ് അദ്ദേഹത്തിന് സുരക്ഷയൊരുക്കാൻ എത്തിയത്.












Click it and Unblock the Notifications