'ഗാന്ധിജിയുടെ വധമാണ് ഇന്ത്യക്ക് ലഭിച്ച ഏറ്റവും ഗൗരവമായ വിപൽ സന്ദേശം', ഗാന്ധി ജയന്തി ദിനത്തിൽ സ്പീക്കർ
ജനാധിപത്യ മൂല്യങ്ങൾ തച്ചുടയ്ക്കാനുള്ള ശ്രമങ്ങൾ തടയേണ്ട ബാധ്യത ഓരോ ജനാധിപത്യ വിശ്വാസിക്കുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിൻ്റെ നന്മയ്ക്കും സമാധാനത്തിനുമായി ഒരുമിച്ച് നിന്ന് പ്രവർത്തിക്കാമെന്ന് ഗാന്ധി ജയന്തി ദിന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് ഗാന്ധിജിയുടെ വധമാണ് ഇന്ത്യക്ക് ലഭിച്ച ഏറ്റവും ഗൗരവമായ വിപൽ സന്ദേശമായി തീർന്നിരിക്കുന്നത് എന്ന് സ്പീക്കർ എംബി രാജേഷ് പ്രതികരിച്ചു. അസമിൽ വെടിയേറ്റു വീണ മനുഷ്യൻ്റെ ശരീരം ചവിട്ടിമെതിച്ച ദൃശ്യം മുതൽ ഇന്നലെ പാലായിൽ പ്രണയപ്പകയുടെ പേരിൽ പെൺകുട്ടിയുടെ കഴുത്തറുത്ത കാഴ്ച വരെ രാജ്യത്ത് വളർന്നുവരുന്ന വിദ്വേഷത്തിൻ്റെ സാമൂഹ്യ അന്തരീഷത്തിൽ വിലയിരുത്തേണ്ടതാണ് എന്നും സ്പീക്കർ ഗാന്ധി ജയന്തി ദിന സന്ദേശത്തിൽ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ കുറിപ്പ്: '' ജാതിചിന്തകൾക്കും വർഗീയതയ്ക്കും ജന്മിത്വചൂഷണത്തിനും ലിംഗപരമായ അസമത്വത്തിനും എല്ലാം എതിരെ പടപൊരുതി നേടേണ്ട, സർവരേയും തുല്യരായി പരിഗണിക്കുന്ന വിശാലമായ ജനാധിപത്യമാണ് ഗാന്ധിജി മുറുകെപ്പിടിച്ച ദേശീയതയുടെ അടിസ്ഥാനശില. ആ അടിത്തറയെ തകർക്കുന്ന ചില പ്രവണതകൾ നമുക്ക് ചുറ്റും വളരുന്ന സാഹചര്യമാണ് നിലവിലുള്ളത്. വിമോചനാത്‌മകമായ ദേശീയതയ്ക്ക് പകരം മനുഷ്യരെ ഭിന്നിപ്പിക്കുന്ന അക്രമാസക്തമായ വർഗീയതയിൽ ഊന്നുന്ന ഫാസിസ്റ്റ് ദേശസങ്കൽപം യഥാർഥ ദേശീയതയായി അവതരിപ്പിക്കപ്പെടുന്നു.

മതത്തിൻ്റേയും ജാതിയുടേയും പേരിൽ ആളുകൾ അക്രമിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നു. ജനാധിപത്യ മൂല്യങ്ങൾ തച്ചുടയ്ക്കാനുള്ള ശ്രമങ്ങൾ വളരുന്നു. ഈ ശ്രമങ്ങളെ തടയേണ്ട ബാധ്യത ഓരോ ജനാധിപത്യ വിശ്വാസിക്കുമുണ്ട്. ആ ഉത്തരവാദിത്വം ഏറ്റവും മികച്ച രീതിയിൽ നിർവഹിക്കുമെന്ന് മഹാത്‌മാ ഗാന്ധിയുടെ ജന്മദിനത്തിൽ നമുക്ക് ഉറച്ചു തീരുമാനിക്കാം. ഒരുമിച്ച് നിന്നു നാടിൻ്റെ നന്മയ്ക്കും സമാധാനത്തിനുമായി പ്രവർത്തിക്കാം. ഏവർക്കും ഹൃദയപൂർവം ഗാന്ധിജയന്തി ആശംസകൾ നേരുന്നു''.

എംബി രാജേഷിന്റെ കുറിപ്പ്: '' ഒരിക്കൽ മഹാത്മാഗാന്ധി പറഞ്ഞു, ' എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശം'. ഗാന്ധിജിയുടെ ജീവിതം ഒരു വലിയ സന്ദേശം തന്നെയാണ്. എന്നാൽ ഇന്ന് ഗാന്ധിജിയുടെ വധമാണ് ഇന്ത്യക്ക് ലഭിച്ച ഏറ്റവും ഗൗരവമായ വിപൽ സന്ദേശമായി തീർന്നിരിക്കുന്നത്. ഗാന്ധിജിക്കു നേരേ ഉതിർത്ത വെടിയുണ്ട ഗാന്ധിജി പ്രതിനിധീകരിച്ച ആശയങ്ങൾക്കും ദേശീയ പ്രസ്ഥാനത്തിൻ്റെ മൂല്യങ്ങൾക്കും നേരേ കൂടി ലക്ഷ്യം വച്ചായിരുന്നു. ഗാന്ധിജിയുടെയും ദേശീയ പ്രസ്ഥാനത്തിൻ്റെയും മൂല്യങ്ങൾ നിരന്തരമായി ആക്രമിക്കപ്പെടുന്നതിനെക്കുറിച്ചാണ് ഈ ഗാന്ധിജയന്തി ദിനത്തിൽ നാം ഓർക്കേണ്ടത്.

ഗാന്ധിജയന്തി ദിനമായ ഇന്നത്തെ പത്രങ്ങളിലെ രണ്ട് വാർത്തകൾ ശ്രദ്ധിക്കുക. ഒന്ന് സ്വാതന്ത്ര്യത്തിനു മുമ്പ് ടാറ്റയുടെ കൈവശമായിരുന്ന എയർ ഇന്ത്യ സ്വാതന്ത്ര്യത്തിൻ്റെ 75-ാം വർഷത്തിലെത്തുമ്പോൾ, ഗാന്ധിജി വധിക്കപ്പെട്ട് 73 വർഷമാകുമ്പോൾ വീണ്ടും തിരിച്ച് ടാറ്റയുടെ കയ്യിലെത്തുന്നു എന്നതാണ്. ടാറ്റയുടെ കുത്തകയായിരുന്ന വ്യോമയാന മേഖല ഇന്ത്യയിലെ ജനങ്ങളുടെ സ്വത്തായി മാറിയത് രാജ്യം സ്വാതന്ത്ര്യം നേടിയതിനെ തുടർന്നാണ്. സ്വാതന്ത്ര്യം, സ്വാശ്രയത്വം എന്നിവയുടെ അർത്ഥം മുതലാളിമാരിൽ നിന്ന് നാടിൻ്റെ സമ്പത്ത് രാജ്യത്തിൻ്റെ പൊതു ഉടമസ്ഥതയിലാവുക എന്നു കൂടിയാണ്. അത് തിരിച്ച് മുതലാളിമാരിലേക്കു തന്നെ കൈമാറ്റം ചെയ്യപ്പെടുമ്പോൾ അപഹരിക്കപ്പെടുന്നത് സ്വാതന്ത്ര്യവും സ്വാശ്രയത്വവും കൂടിയാണ്.

രണ്ടാമത്തെ വാർത്ത, ഇന്ത്യയിലെ ശതകോടീശ്വരൻമാർ കോവിഡ് കാലത്ത്, മനുഷ്യരാകെ ദുരിതത്തിലും ദാരിദ്ര്യത്തിലുമായപ്പോൾ നേടിയ അമ്പരപ്പിക്കുന്ന കൊള്ളലാഭത്തെക്കുറിച്ചാണ്. ശതകോടീശ്വരന്മാരിൽ പ്രമുഖൻ്റെ വരുമാനത്തിലെ പ്രതിദിന വർധന 1000 കോടി രൂപയാണ്! ഗാന്ധിജി നയിക്കുകയും അദ്ദേഹത്തെ രൂപപ്പെടുത്തുകയും ചെയ്ത ദേശീയ പ്രസ്ഥാനത്തിൻ്റെ മൂല്യങ്ങളായ സമത്വം, സാഹോദര്യം, നീതി, സ്വാശ്രയത്വം എന്നിവയെല്ലാം വലിയ തോതിൽ ദുർബ്ബലമാക്കപ്പെട്ടിരിക്കുന്നു. ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനം വളർത്തിയെടുത്ത ആധുനിക ഇന്ത്യയുടെ അടിത്തറയായ മതനിരപേക്ഷത, ജനാധിപത്യം എന്നീ ആശയങ്ങളും അനുനിമിഷം വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുന്നു. ഞാനൊരു നല്ല ഹിന്ദുവായതു കൊണ്ട് നല്ല മുസ്ലിമും നല്ല ക്രിസ്ത്യാനിയുമാകുന്നു എന്നാണ് ഗാന്ധി പറഞ്ഞത്.
Recommended Video

'പലമത സാരവുമേകം' എന്ന ശ്രീനാരായണഗുരു ദർശനംപോലെ ഗാന്ധിജി പങ്കുവെച്ച സാഹോദര്യത്തിൻ്റെ ആശയത്തിനു മേൽ കൊടിയ കടന്നാക്രമണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. അപരമത വിദ്വേഷവും പകയും ഹിംസയും മഹാമാരി പോലെ ഭയാനകമാം വിധം വളരുന്നു. അസമിൽ വെടിയേറ്റു വീണ മനുഷ്യൻ്റെ ശരീരം ചവിട്ടിമെതിച്ച ദൃശ്യം മുതൽ ഇന്നലെ പാലായിൽ പ്രണയപ്പകയുടെ പേരിൽ പെൺകുട്ടിയുടെ കഴുത്തറുത്ത കാഴ്ച വരെ രാജ്യത്ത് വളർന്നുവരുന്ന വിദ്വേഷത്തിൻ്റെ സാമൂഹ്യ അന്തരീഷത്തിൽ വിലയിരുത്തേണ്ടതാണ്. ഇന്ന് ഗാന്ധിജിയെ ഓർക്കുകയെന്നത് വർഗീയത, വെറുപ്പ്, ഹിംസ എന്നിവയുടെ പ്രത്യയശാസ്ത്രത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ ആശയ സമരം നടത്തുക എന്നതാണ്. ഓർക്കുക എന്നത് ഒരു രാഷ്ട്രീയ പ്രവർത്തനമാണെന്നോർക്കുക''.












Click it and Unblock the Notifications