കറുത്ത മാസ്‌ക് വിലക്കിയിട്ടില്ല; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത മാസ്‌ക് ധരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. പൊലീസിന് ഇത്തരത്തിലുള്ള യാതൊരു നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടില്ലഎന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ കറുത്ത മാസ്‌ക്ക് ധരിച്ച് എത്തിയവരോട് അത് ഊരി മാറ്റാന്‍ കോട്ടയത്തെയും എറണാകുളത്തെയും പരിപാടികളില്‍ നിര്‍ദേശമുണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പരിപാടികളില്‍ കറുത്ത മാസ്‌ക്ക് ധരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി എന്ന വാര്‍ത്ത പരന്നത്. സംഭവം വിവാദമായതോടെയാണ് വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയത്. കറുത്ത മാസ്‌ക്കിന് വിലക്ക് ഇല്ലെന്നും പൊലീസിനോട് ഇത് പരിശോധിക്കണം എന്നോ പിടികൂടാനോ നിര്‍ദ്ദേശിച്ചിട്ടില്ല എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ പരിപാടിയ്ക്കിടെ കറുത്ത വസ്ത്രം ധരിച്ച് എത്തിയ ട്രാന്‍സ്‌ജെന്റേഴ്‌സിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇത് കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്‌ക് ധരിച്ച് പ്രവേശിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകയെ സംഘാടകര്‍ തടഞ്ഞതും വിവാദമായി. മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ ദിവ്യ ജോസഫിനെയാണ് സംഘാടകര്‍ കറുത്ത മാസ്‌ക് ധരിച്ചതിന് തടഞ്ഞത്.

ഇവരുടെ മാസ്‌ക് നിര്‍ബന്ധിച്ച് അഴിപ്പിച്ച ശേഷം നീല നിറത്തിലുള്ള സര്‍ജിക്കല്‍ മാസ്‌ക് സംഘാടകര്‍ മാധ്യമ പ്രവര്‍ത്തകയ്ക്ക് നല്‍കുകയായിരുന്നു. പരിപാടിയുടെ പൊതു പ്രോട്ടോക്കോള്‍ പാലിക്കണം എന്നായിരുന്നു സംഘാടകര്‍ പറഞ്ഞത്. എന്നാല്‍ സംഭവം വാര്‍ത്തയായതോടെ നിയന്ത്രണം പിന്‍വലിച്ചു. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം തടയുന്നതിന്റെ ഭാഗമായിട്ടാണോ ഇത്തരമൊരു വിലക്ക് ഏര്‍പ്പെടുത്തുന്നത് എന്ന് മാധ്യമ പ്രവര്‍ത്തക ചോദിച്ചു.

എന്നാല്‍ കൃത്യമായ മറുപടി നല്‍കാന്‍ സംഘാടകര്‍ തയാറായിരുന്നില്ല. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മറ്റ് പലരും കറുത്ത മാസ്‌ക് ധരിച്ചിരുന്നതായും തനിക്ക് മാത്രമായി ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുതിയതിന്റെ കാരണം വ്യക്തമല്ല എന്നും മാധ്യമപ്രവര്‍ത്തക വ്യക്തമാക്കി. ഇന്നലെ രാവിലെ മുഖ്യമന്ത്രി കോട്ടയത്തെ പരിപാടിയില്‍ പങ്കെടുത്തപ്പോഴും കറുത്ത മാസ്‌ക് ധരിക്കുന്നതിന് പൊലീസ് വിലക്കേര്‍പ്പെടുത്തിയിരുന്നു.

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി എത്തുന്നതിനോട് അനുബന്ധിച്ച് അസാധാരണമായ സുരക്ഷാ സന്നാഹങ്ങളാണ് കോട്ടയത്ത് പൊലീസ് ഏര്‍പ്പെടുത്തിയിരുന്നത്. മുഖ്യമന്ത്രി താമസിച്ചിരുന്ന നാട്ടകം ഗസ്റ്റ് ഹൗസില്‍ നിന്ന് മാമ്മന്‍ മാപ്പിള മെമ്മോറിയല്‍ ഹാളിലേക്ക് അദ്ദേഹത്തിന്റെ വാഹനം കടന്ന് പോകുന്ന വഴിയില്‍ ഒന്നര മണിക്കൂര്‍ മുമ്പേ പൊതുജനങ്ങളുടെ വാഹനങ്ങള്‍ തടഞ്ഞിരുന്നു.

കറുത്ത മാസ്‌ക് ധരിച്ചവര്‍ പോലും ഈ വഴി കടന്ന് പോകരുതെന്നും പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വന്‍ സുരക്ഷാ വിന്യാസങ്ങള്‍ക്കിടയിലും യുവമോര്‍ച്ചയും യൂത്ത് കോണ്‍ഗ്രസും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തി. പരിപാടിക്ക് വരുന്ന വഴി നാട്ടകത്ത് വെച്ചാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയത്. പരിപാടി കഴിഞ്ഞ് മടങ്ങും വഴി നാഗമ്പടം പാലത്തിന് സമീപം വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധവുമായി എത്തി.

സ്വര്‍ണ കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയ്ക്ക് അധിക സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാധാരണ സുരക്ഷ വിന്യാസത്തിന് പുറമെ 40 അംഗ അധിക സുരക്ഷയാണ് നല്‍കിയിരിക്കുന്നത്. ഇതിനെ പരിഹസിച്ച് പ്രതിപക്ഷവും ബി ജെ പിയും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയ്ക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ പേടിയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
ഡ്രെസ് ഏതായാലും സൗന്ദര്യത്തിന്റെ പര്യായം... അതാണ് പ്രിയാമണി












Click it and Unblock the Notifications