അടച്ച് പൂട്ടി സംരക്ഷിക്കാൻ ഇവരെന്താ പഴക്കുലയോ കോഴിക്കുഞ്ഞുങ്ങളോ? ഹോസ്റ്റൽ സമരത്തിൽ കളക്ടർ ബ്രോ
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലിലെ പെൺകുട്ടികളുടെ സമരത്തിന് പിന്തുണയുമായി കളക്ടർ ബ്രോ പ്രശാന്ത് നായരും. വൈകിട്ട് ഏഴരയ്കക് മുമ്പ് ഹോസ്റ്റലിൽ കയറണമെന്ന ഉത്തരവിനെതിരെയായിരുന്നു പെൺകുട്ടികളുടെ രാപ്പകൽ സമരം. രക്ഷിതാക്കളടക്കം നിരവധി തവണ പരാതിയുമായി എത്തിയിട്ടും നിയമം മാറ്റാൻ അധികൃതർ തയാറായിരുന്നില്ല.
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കളക്ടർ ബ്രോ വിദ്യാർത്ഥിനികൾക്ക് പിന്തുണ നൽകിയത്. പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനും ഒരേ അവകാശങ്ങളല്ലേ? അടച്ച് പൂട്ടിയിട്ട് സംരക്ഷിക്കാൻ ഇവരെന്താ പഴക്കുലയോ കോഴിക്കുഞ്ഞുങ്ങളോ? സ്ത്രീസുരക്ഷയെന്നാൽ പൊന്നും പണ്ടോം ബാങ്കിൽ പൂട്ടി വെക്കുന്ന പോലെ സുരക്ഷിതമാക്കി വെക്കലാണെന്ന് ചിലർക്കെങ്കിലും ധാരണയുണ്ടെന്ന് മനസ്സിലായി എന്നായിരുന്നു കളക്ടർ ബ്രോയുടെ ഫേസ്ബുക്ക് കുറിപ്പ്.

കോട്ടയം മെഡിക്കൽ കോളേജിന് മുമ്പിലായിരുന്നു വിദ്യാർത്ഥിനികൾ സമരമിരുന്നത്. പഠനത്തിന്റെ ഭാഗമായി അത്യാഹിത വിഭാഗത്തിലുമൊക്കെയായി നിന്നതിന് ശേഷം തിരികെയെത്തുമ്പോൾ ഏഴരകവിയും, ഇതോടെ ഹോസ്റ്റൽ അധികൃതർ സദാചാര പോലീസ് ചമയാൻ തുടങ്ങുമെന്നായിരുന്നു വിദ്യാർത്ഥിനികളുടെ പരാതി.
ഏതായാലും വിദ്യാർത്ഥിനികളുടെ സമരം ഫലം കണ്ടു. സമയക്രമം പരിഷ്കരിക്കണമെന്ന ആവശ്യത്തിന് അധികൃതർ വഴങ്ങി. പെൺകുട്ടികൾ തിരികെയെത്തേണ്ട സമയം 9.30 ആക്കി ക്രമീകരിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്.












Click it and Unblock the Notifications