കോണ്‍ഗ്രസിന് തലവേദന ഒഴിയുന്നില്ല: പഞ്ചാബില്‍ വിമത സ്ഥാനാർത്ഥികളുടെ എണ്ണം വർധിക്കുന്നു
ലുധിയാന: നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തോടെ പഞ്ചാബ് കോണ്‍ഗ്രസിനുള്ളില്‍ വലിയ അസംതൃപ്തിയാണ് രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക കൂടി പ്രഖ്യാപിച്ചതോടെ ഇത് കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. മൂന്നാമത്തെ പട്ടികയില്‍ സിറ്റിങ് എം എല്‍ എമാരില്‍ മൂന്നുപേർ ഒഴികെ ബാക്കിയെല്ലാവരേയും പാർട്ടി നിലനിർത്തിയിട്ടുണ്ട്. പാർട്ടി നടത്തിയ ആഭ്യന്തര സർവേയില്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പിന്നിലായവർ പോലും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
പ്രശ്നം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്തരമൊരു നീക്കത്തിന് പാർട്ടിയെ പ്രേരിപ്പിച്ചത്. എന്നാല്‍ ഈ നീക്കവും വിജയം കാണാത്ത അവസ്ഥയാണ് പഞ്ചാബിലുണ്ടായിരിക്കുന്നത്. നിരവധി നേതാക്കളാണ് നേതൃത്വത്തിനെതിരെ പ്രതിഷേധ സ്വരമുയർത്തി രംഗത്ത് വന്നിരിക്കുന്നത്.

നവാൻഷഹർ എംഎൽഎ അംഗദ് സിംഗ് സൈനിയാരുന്നു സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ട മൂന്നുപേരില്‍ ഒരാള്‍. പട്ടിക പുറത്തുവന്നയുടൻ നിരവധി പ്രാദേശിക നേതാക്കളും പ്രവർത്തകരും അംഗദ് സിംഗ് സൈനിയുടെ വസതിയിൽ തടിച്ചുകൂടുകയും നേതൃത്വത്തിനെതിരെ രംഗത്ത് വരികയും ചെയ്തു. അനുയായികളുമായി കൂടിയാലോചിച്ച ശേഷം അദ്ദേഹം പാർട്ടിയില്‍ നിന്നുള്ള തന്റെ രാജി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ അംഗദ് വീണ്ടും യോഗം ചേർത്ത് മണ്ഡലത്തില്‍ നിന്നും സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സൈനിക്ക് ടിക്കറ്റ് നിഷേധിച്ചവരെ ഒരു പാഠം പഠിപ്പിക്കേണ്ടതുണ്ടെന്നാണ് അദ്ദേഹത്തിന്റെ അനുയായികൾ അഭിപ്രായപ്പെട്ടത്. ദോബ മേഖലയിൽ ടിക്കറ്റ് നിഷേധിക്കപ്പെട്ട ഏക സിറ്റിങ് എംഎൽഎയാണ് അംഗദ്. നേരത്തെ രണ്ടാം ഘട്ട പട്ടിക പ്രഖ്യാപിച്ചപ്പോള്‍ മൂന്ന് നേതാക്കള്‍ വിമതരായി പത്രിക നല്‍കിയിരുന്നു.

ഉത്തർപ്രദേശിൽ കോൺഗ്രസ് എംഎൽഎ ആയിരുന്ന അദിതി സിങ് ആണ് അംഗദ് സിംഗ് സൈനിയുടെ ഭാര്യ. അദിതി സിങ് അടുത്തിടെ ബിജെപിയിൽ ചേർന്നിരുന്നു. യുപി നിയമസഭ തിരഞ്ഞെടുപ്പില് അവർ ബി ജെ പി സ്ഥാനാർത്ഥിയായി റായ്ബറേലിയില്‍ നിന്നും അവർ മത്സരിക്കുന്നുമുണ്ട്. എന്നാല്‍ സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടതില്‍ ഇതുമായി യാതൊരു ബന്ധവും ഇല്ലെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.

ഏതാനും സിറ്റിംഗ് എം എൽ എമാരെ മാറ്റുന്ന കാര്യം ആലോചിച്ചെങ്കിലും നേരത്തെ തന്നെ ഇക്കാര്യങ്ങള്‍ അവരുമായി ചർച്ച ചെയ്ത് അനുനയ നീക്കങ്ങള്‍ നടത്താത്തതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് തെറ്റ് പറ്റിയെന്ന് അഭിപ്രായപ്പെടുന്നുവരും പാർട്ടിയിലുണ്ട്. വിമത സ്ഥാനാർത്ഥികള്‍ രംഗത്ത് വന്ന സീറ്റുകളിലെ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ സംബന്ധിച്ച് പോരാട്ടം ദുഷ്‌കരമായിരിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്നത്.

അന്തരിച്ച പ്രമുഖ നേതാവായിരുന്ന ദിൽബാഗ് സിംഗിന്റെ കുടുംബാംഗമാണ് അംഗദ് സിംഗ്. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്ന ദില്‍ബാംഗ് സിങിന് 1990 ല്‍ പാർട്ടി ടിക്കറ്റ് നിഷേധിച്ചപ്പോള്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചിരുന്നു. നവാൻഷഹറിനെ ഒരു ജില്ലയാക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. അദ്ദേഹത്തിന്റെ മരണശേഷം കോൺഗ്രസ് ഭാര്യ അമർ കൗറിനെ ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചെങ്കിലും മകൻ ചരൺജിത് സിംഗ് സൈനി സ്വതന്ത്രനായി മത്സരിച്ച് വിജയിക്കുകയും പിന്നീട് കോൺഗ്രസിൽ ചേരുകയും ചെയ്തു.

പിന്നീട്, അദ്ദേഹത്തിന്റെ ബന്ധുവും അംഗദിന്റെ പിതാവുമായ പ്രകാശ് സിംഗും ഈ സീറ്റിൽ നിന്ന് എംഎൽഎയായി തുടർന്നു. അദ്ദേഹത്തിന്റെ മരണശേഷം 2012-17ൽ അംഗദിന്റെ അമ്മയും എംഎൽഎയായി തുടർന്നു. 2017-ലാണ് അംഗദിന് ടിക്കറ്റ് ലഭിച്ചുത്. അന്ന് അമ്മാവൻ ചരൺജിത് സിംഗ് സൈനി എഎപി ടിക്കറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. വിമതനായി മത്സരിക്കുന്ന അംഗദ് സിംഗ്, ദിൽബാഗ് സിംഗിന്റെ ചരിത്രം ആവർത്തിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications