'അപമാനിക്കാനായി ബോധപൂർവം നോട്ടീസ് നൽകി, ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല':കെ മുരളീധരൻ
ഒരാഴ്ച മുൻപ് കോഴിക്കോട്ട് പി.ശങ്കരൻ അനുസ്മരണ വേദിയിൽ കെപിസിസി നേതൃത്വത്തിനെതിരെ രാഘവൻ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. രാഘവൻ പറഞ്ഞതു പ്രവർത്തകരുടെ വികാരമാണ് എന്ന് പറഞ്ഞ് പിന്തുണയുമായി അടുത്ത ദിവസം കെ.മുരളീധരനും രംഗത്തെത്തി

ന്യൂഡൽഹി∙ ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എംപി. പാർട്ടി നേതൃത്വത്തെ പൊതുവേദിയിൽ വിമർശിച്ചതിന് കെപിസിസി നേതൃത്വം കത്തയച്ചതിന് പിന്നാലെയാണ് കെ.മുരളീധരൻ തീരുമാനം വ്യക്തിമാക്കി രംഗത്തെത്തിയത്. തന്നെ അപമാനിക്കാനായി ബോധപൂർവമാണ് നോട്ടിസ് നൽകിയതെന്നും മുരളീധരൻ പറഞ്ഞു.
തന്റെ സേവനം വേണോ എന്ന് പാർട്ടി തീരുമാനിക്കട്ടെയെന്നും വായ മൂടിക്കെട്ടുന്നവർ അതിന്റെ ഗുണദോഷങ്ങൾ അനുഭവിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല. പ്രവർത്തകരോടും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ രണ്ട് എംപിമാർക്ക് നോട്ടിസ് നൽകുന്നതു ഗുണകരമാണോ എന്ന് പാർട്ടി നേതൃത്വം തീരുമാനിക്കട്ടെ. നോട്ടിസ് അയയ്ക്കുന്നതിനു മുൻപ് കെപിസിസി അധ്യക്ഷന് തന്നോട് ഒന്ന് സംസാരിക്കാമായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.
പ്രസ്താവനകൾ പാർട്ടിയെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും ജാഗ്രത പുലർത്തണമെന്നും ആണു മുരളീധരന് കെപിസിസി അയച്ച കത്തിലുള്ളത്. കത്തു ലഭിച്ചതായി കെ.മുരളീധരൻ സ്ഥിരീകരിച്ചിരുന്നു. പരസ്യപ്രസ്താവന നടത്തരുതെന്ന ജാഗ്രതാ നിർദേശമാണു കത്തിലുള്ളതെന്നും വിശദീകരണം ചോദിച്ചിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. കെ.മുരളീധരന്റെയും എം.കെ.രാഘവന്റെയും പരസ്യപ്രസ്താവനയിൽ അതൃപ്തി അറിയിച്ച് കെപിസിസി നേതൃത്വം എഐസിസിക്ക് കത്തു നൽകിയിരുന്നു. ഇതിനു പുറമെയാണ് ഇരുവർക്കും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ കത്തയച്ചത്.
ഒരാഴ്ച മുൻപ് കോഴിക്കോട്ട് പി.ശങ്കരൻ അനുസ്മരണ വേദിയിൽ കെപിസിസി നേതൃത്വത്തിനെതിരെ രാഘവൻ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. രാഘവൻ പറഞ്ഞതു പ്രവർത്തകരുടെ വികാരമാണ് എന്ന് പറഞ്ഞ് പിന്തുണയുമായി അടുത്ത ദിവസം കെ.മുരളീധരനും രംഗത്തെത്തി. കോൺഗ്രസ് പ്ലീനറി സമ്മേളനത്തിനു മുന്നോടിയായി 60 കെപിസിസി അംഗങ്ങളെ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും നാമനിർദേശം ചെയ്ത രീതിയിലുള്ള അതൃപ്തിയാണു പരസ്യമായ അഭിപ്രായവ്യത്യാസത്തിലേക്ക് ചെന്നെത്തിയത്.
ഡിസിസി പുനഃസംഘടനയിൽ സഹകരിക്കില്ലെന്ന നിലപാടെടുത്ത കെ.മുരളീധരനെ അനുനയിപ്പിക്കാൻ കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ, കെപിസിസി ജനറൽ സെക്രട്ടറിമാരായ പി.എം.നിയാസ്, കെ.ജയന്ത് എന്നിവർ കഴിഞ്ഞ ദിവസം മുരളീധരന്റെ വീട്ടിലെത്തി ചർച്ച നടത്തിയിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ പ്രവർത്തനത്തിലെ അതൃപ്തി മുരളി പങ്കുവച്ചു.
ജില്ലാ നേതൃത്വം ചർച്ച നടത്തിയെങ്കിലും മുരളി പുനഃസംഘടനയ്ക്കുള്ള പട്ടിക നൽകിയിട്ടില്ല. അടുത്ത ദിവസം എം.കെ.രാഘവൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുമായും നേതാക്കൾ ചർച്ച നടത്തും. കെപിസിസി നേതൃത്വത്തിന്റെ നിർദേശപ്രകാരമല്ല ചർച്ചയെന്നും ജില്ലയിലെ നേതൃത്വം എടുത്ത തീരുമാനമാണെന്നും ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ പറഞ്ഞു.












Click it and Unblock the Notifications