നേമത്ത് തരൂരിനേയും മുരളിയേയും വെട്ടി, സസ്പെൻസ് നീട്ടി കോൺഗ്രസ്, 81 സീറ്റുകളിൽ സ്ഥാനാർത്ഥികളായി
ദില്ലി: നേമത്ത് അടക്കം നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ സസ്‌പെന്‍സ് നീട്ടി കോണ്‍ഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പിനുളള സീറ്റ് വിഭജനം പൂര്‍ത്തിയായെങ്കിലും കാത്തിരുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടായില്ല. ഹൈക്കമാന്‍ഡുമായുളള ചര്‍ച്ച കേരള നേതാക്കളുടെ പൂര്‍ത്തിയായിക്കഴിഞ്ഞു.
ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കേരളത്തിലേക്ക് മടങ്ങും. ദില്ലിയില്‍ തുടരുന്ന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ മറ്റന്നാള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. 81 സീറ്റില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയമായിക്കഴിഞ്ഞു. 10 സീറ്റുകളിലാണ് ഇനി തീരുമാനമാകാനുളളത്. വിശദാംശങ്ങള്‍ ഇങ്ങനെ
അസമില്‍ ചൂടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

കോണ്‍ഗ്രസ് 91 സീറ്റുകളില്‍
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പിനുളള സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ നടന്നത്. രമേശ് ചെന്നിത്തല, മുല്ലപ്പളളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി എന്നിവരെ കൂടാതെ രാഹുല്‍ ഗാന്ധിയും കെസി വേണുഗോപാലും അടക്കമുളള നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് 91 സീറ്റുകളില്‍ ആണ് ഇക്കുറി മത്സരിക്കുന്നത്.

ജോസഫ് വിഭാഗത്തിന് പത്ത് സീറ്റുകള്‍
യുഡിഎഫിലെ രണ്ടാമത്തെ പ്രധാന കക്ഷിയായ മുസ്ലീം ലീഗ് 27 സീറ്റുകളില്‍ ആണ് മത്സരിക്കുന്നത്. ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് പത്ത് സീറ്റുകള്‍ ആണ് നല്‍കുന്നത്. ആര്‍എസ്പി 5 സീറ്റുകളില്‍ മത്സരിക്കും. മലമ്പുഴ സീറ്റില്‍ ജനതാദളും നെന്മാറയില്‍ സിഎംപിയും മത്സരിക്കും.

പാലായും എലത്തൂരും
അടുത്തിടെ യുഡിഎഫിലെത്തിയ മാണി സി കാപ്പന്റെ എന്‍സികെയ്ക്ക് രണ്ട് സീറ്റുകളാണ് നല്‍കിയിരിക്കുന്നത്. പാലായിലും എലത്തൂരിലും കാപ്പന്റെ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും. കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് പിറവത്ത് തന്നെ മത്സരിക്കും. ആര്‍എംപിയുടെ വടകര സീറ്റില്‍ കെകെ രമ മത്സരിക്കുകയാണ് എങ്കില്‍ യുഡിഎഫ് അവര്‍ക്ക് പിന്തുണ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

പത്ത് സീറ്റുകളില്‍ തീരുമാനമെടുത്തിട്ടില്ല
കോണ്‍ഗ്രസ് മത്സരിക്കുന്ന 91 സീറ്റുകളില്‍ 81 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലാണ് തീരുമാനമായിരിക്കുന്നത്. എന്നാല്‍ പത്ത് സീറ്റുകളില്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തിട്ടില്ല. ഇതില്‍ നേമവും ഉള്‍പ്പെട്ടിരിക്കുന്നതായാണ് വിവരം. ഈ പത്ത് സീറ്റുകളില്‍ തര്‍ക്കമില്ലെന്നും കൂടുതല്‍ ചര്‍ച്ച ആവശ്യമുളളത് കൊണ്ടാണ് സ്ഥാനാര്‍ത്ഥി തീരുമാനമാകാത്തത് എന്നാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

പുതുപ്പളളിയില്‍ തന്നെ മത്സരിച്ചേക്കും
ഒരു മണിക്കൂര്‍ മാത്രമെടുത്താണ് 81 സീറ്റുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കിയത് എന്നും തീരുമാനം ഏകകണ്ഠമായിരുന്നുവെന്നും ചെന്നിത്തല അവകാശപ്പെട്ടു. അതേസമയം നേമത്തെ കുറിച്ചുളള ചോദ്യത്തിന് നേതാക്കള്‍ വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല. നേമത്ത് പറഞ്ഞ് കേട്ട പ്രധാന പേരുകളില്‍ ഒന്ന് ഉമ്മന്‍ചാണ്ടിയുടേതാണ്. എന്നാല്‍ അദ്ദേഹം പുതുപ്പളളിയില്‍ തന്നെ മത്സരിച്ചേക്കും എന്നാണ് സൂചന.

എംപിമാര്‍ മത്സരിക്കില്ല
ഉമ്മന്‍ചാണ്ടിയോ രമേശ് ചെന്നിത്തലയോ നേമത്ത് മത്സരിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ എംപിമാരായ കെ മുരളീധരനെയോ ശശി തരൂരിനെയോ നേമത്ത് പരിഗണിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ശശി തരൂരിനെ പരിഗണിക്കാന്‍ രാഹുല്‍ ഗാന്ധി നേരിട്ട് നിര്‍ദേശിച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ എംപിമാര്‍ ആരും തന്നെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സര രംഗത്ത് ഉണ്ടാവില്ല എന്നാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്.

നേമത്തെ സ്ഥാനാര്‍ത്ഥി ദുര്‍ബലനായിരിക്കില്ല
ഇതോടെ നേമത്തെ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി കെ മുരളീധരനോ ശശി തരൂരോ ആവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. പ്രതിസന്ധിയൊന്നും ഇല്ലെന്നും നേമത്തെ ബിജെപി വെല്ലുവിളി ഏറ്റെടുക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. നേമത്തെ സ്ഥാനാര്‍ത്ഥി ദുര്‍ബലനായിരിക്കില്ലെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു. മാത്രമല്ല രണ്ട് മണ്ഡലത്തില്‍ ഒരാള്‍ തന്നെ മത്സരിക്കില്ലെന്നും രമേശ് ചെന്നിത്തല ദില്ലിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
നടി മന്‍വിത കാമത്തിന്റെ ക്യൂട്ട് ചിത്രങ്ങള്‍












Click it and Unblock the Notifications