നടന്‍ വിനായകന്റെ വീടിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം, ജനല്‍ചില്ല് അടിച്ചുതകര്‍ത്തു
കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ച നടന്‍ വിനായകന്റെ വീടിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ ഫ്‌ളാറ്റിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടിന്റെ ചില്ല് അടിച്ചുതകര്‍ത്തു. വീടിന്റെ വാതില്‍ തല്ലിത്തകര്‍ക്കാനും ശ്രമിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം.
അന്തരിച്ച ഉമ്മന്‍ചാണ്ടിക്ക് ജയ് വിളിച്ച് കൊണ്ടാണ് പ്രവര്‍ത്തകര്‍ ഇവിടെ എത്തിയത്. ആക്രമണം തുടര്‍ന്ന ഇവരെ പൊലീസും ഫ്‌ളാറ്റിലെ സുരക്ഷ ജീവനക്കാരും ചേര്‍ന്നാണ് മാറ്റിയത്. കഴിഞ്ഞ ദിവസം വിനായകന്‍ ഉമ്മന്‍ചാണ്ടിയെ കുറിച്ചുള്ള സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഇതേ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങളാണ് വിനായകനെ തേടിയെത്തിയത്.

പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് വിനായകന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. സംഭവത്തില്‍ എറണാകുളം ഡി സി സി ജനറല്‍ സെക്രട്ടറി അജിത് അമീര്‍ ബാവ കൊച്ചി അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.
ആരാണ് ഈ ഉമ്മന്‍ ചാണ്ടി, ഉമ്മന്‍ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നൊക്കൊണ് വിനായകന്‍ വീഡിയോയിലൂടെ പറഞ്ഞത്. 'ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിര്‍ത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മന്‍ ചാണ്ടി ചത്ത് അതിന് ഞങ്ങള്‍ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാല്‍ നമ്മക്കറിയില്ലെ ഇയാള്‍ ആരോക്കെയാണെന്ന്' - വിനായകന്‍ ചോദിച്ചു.
പിന്നാലെ കമന്റുകളിലൂടെയും മറ്റവും വലിയ പ്രതിഷേധമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കം ഉയര്‍ത്തുന്നത്. 'മലയാള സിനിമയെ സ്‌നേഹിക്കുന്ന പ്രേക്ഷകര്‍ ഒരു വിലയും കല്‍പ്പിക്കാത്ത നിന്റെ വാക്കിന് ഒരു വിലയും ഉമ്മന്‍ ചാണ്ടിയെ സ്‌നേഹിക്കുന്ന കേരളം കല്‍പ്പിക്കില്ല മലയാള സിനിമയിലെ താര രാജക്കന്മാരും യുവനിരയിലെ മുന്‍നിര നായകമാരും മലയാള സിനിമക്ക് വേണ്ടി ഉമ്മന്‍ ചാണ്ടി ആരാണെന്ന് പറഞ്ഞ് വെച്ചിട്ടുണ്ട്'- ഒരാള്‍ കമന്റായി കുറിച്ചു.
'ഉമ്മന്‍ ചാണ്ടി ആരാന്ന് കേരളക്കരയുടെ ആദരവ് കണ്ടിട്ടും മനസിലായില്ലെങ്കില്‍ അത് മനസ്സിലാക്കാനുള്ള ബൗദ്ധിക നിലവാരം നിനക്കില്ല എന്ന് ഞങ്ങള്‍ക്ക് മനസിലായി, ഉമ്മന്‍ചാണ്ടി സാര്‍ ഉണ്ടായിരുന്നെങ്കില്‍ ഞങ്ങളോട് പറഞ്ഞേനെ.. ആ.. പോട്ടെ.. സാരമില്ല. അതയാളുടെ അറിവില്ലായ്മ കൊണ്ട് പറഞ്ഞതാകുമെന്ന്. നിര്‍ഭാഗ്യവശാല്‍ ആ ഉമ്മന്‍ചാണ്ടി ഇന്നിപ്പോള്‍ ജീവിച്ചിരിപ്പില്ല. അതു കൊണ്ട് തന്നെ.. വിനായകാ.. നിനക്ക് മാപ്പില്ലാ..'- മറ്റൊരാള്‍ കമന്റായി കുറിച്ചു.












Click it and Unblock the Notifications