ഈ കോണ്‍ഗ്രസിനൊപ്പം പോവണമോയെന്ന് ഘടകകക്ഷികള്‍ ചിന്തിക്കണം:'സത്യപ്രതിജ്ഞ'യിലും ലീഗിനെ ലക്ഷ്യമിട്ട് ഇപി
ഈ സംസ്ഥാനത്ത് നടക്കുന്ന ഒരു നല്ല കാര്യത്തിനും ക്രിയാത്മകമായ ഒരു നിലപാട് സ്വീകരിക്കാന്‍ യുഡിഎഫിന് കഴിയുന്നില്ലെന്നതിന്റെ ഉദാഹരണമാണ് സജി ചെറിയാന്റെ സത്യപ്രതിജ്ഞ ബഹിഷ്കരിക്കലെന്ന് എല്‍ ഡി എഫ് കണ്‍വീനർ ഇപി ജയരാജന്‍. ഒരു ജനകീയ പ്രശ്‌നങ്ങളിലും ഇടപെടാന്‍ നിലവില്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നു മാത്രമല്ല സ്വന്തം സംഘടനയിലെ തമ്മിൽത്തല്ല് കൊണ്ട് പൊറുതിമുട്ടുകയുമാണ്. യുഡിഎഫിന് ആവശ്യം ഈ നാടിന്റെ സുഖകരമായ വളര്‍ച്ചയും പുരോഗതിയും അല്ല. അടിസ്ഥാനരഹിതമായ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് അന്തരീക്ഷം വഷളാക്കി ഈ നാടിന്റെ പൊതുജീവിതത്തെ ദുസഹമാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇപി ജയരാജന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
സഖാവ് സജി ചെറിയാന്‍ നാളെ വൈകുന്നേരം 4 മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി ചുമതലയേല്‍ക്കാന്‍ ഒരുങ്ങുകയാണ്. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയുടെ ഭാഗമായി ഗവര്‍ണര്‍ സത്യപ്രതിജ്ഞയ്ക്ക് സമയം നിശ്ചയിച്ച് നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. ഈ അവസരത്തിലാണ് സത്യപ്രതിജ്ഞ ബഹിഷ്‌കരിക്കും എന്ന യുഡിഎഫ് പ്രഖ്യാപനം.

തന്റെ പ്രസംഗം വളച്ചൊടിച്ചും തെറ്റായ പ്രയോഗങ്ങള്‍ നടത്തിയും അവ്യക്തതയുണ്ടാക്കി സജി ചെറിയാനെതിരെ ആക്ഷേപം ഉന്നയിച്ച് മാധ്യമങ്ങളിലൂടെ ബഹളം സൃഷ്ടിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ നിരപരാധിത്വം തെളിയിക്കാന്‍, സ്വന്തം ജനങ്ങളുടെ മുന്നില്‍ സത്യം തെളിയിക്കാന്‍ മന്ത്രി സ്ഥാനത്ത് നിന്ന് മാറിനിന്ന ആളാണ് സജി ചെറിയാന്‍. അതിന്റെ ഭാഗമായി നടന്ന അന്വേഷണങ്ങളും നടപടികളും പൂര്‍ത്തീകരിച്ച് സജിചെറിയാന്‍ കുറ്റക്കാരനല്ല എന്ന വിധിക്ക് ശേഷമാണ് വീണ്ടും മന്ത്രിസ്ഥാനത്തേക്ക് വരുന്നത്. പ്രസംഗം വിശദമായി പരിശോധിച്ചാണ് നീതിപീഠം വിധിപ്രസ്താവിച്ചത്. തെറ്റായെന്ന ഒരു പരാമര്‍ശവും ബഹുമാനപ്പെട്ട കോടതിയില്‍ നിന്നുണ്ടായില്ല. സത്യപ്രതിജ്ഞാ ദിനം പ്രഖ്യാപിച്ചപ്പോഴാണ് ബഹിഷ്‌ക്കരണവുമായി യുഡിഎഫ് വരുന്നത്.
പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് ഇത്തരത്തിലൊരു നിലപാട് സ്വീകരിക്കുന്നത്. ഈ സംസ്ഥാനത്ത് നടക്കുന്ന ഒരു നല്ല കാര്യത്തിനും ക്രിയാത്മകമായ ഒരു നിലപാട് സ്വീകരിക്കാന്‍ യുഡിഎഫിന് കഴിയുന്നില്ല. പ്രത്യേകിച്ച് കോണ്‍ഗ്രസിന്. ജനകീയപ്രശ്‌നങ്ങളായി ഉയര്‍ത്തിക്കാട്ടാനും സംഘടിപ്പിക്കാനും ഒരു താല്‍പര്യവുമില്ല, വിഷയവുമില്ല. ഒരു ജനകീയ പ്രശ്‌നങ്ങളിലും ഇടപെടാന്‍ നിലവില്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നു മാത്രമല്ല സ്വന്തം സംഘടനയിലെ തമ്മിൽത്തല്ല് കൊണ്ട് പൊറുതിമുട്ടുകയുമാണ്. യുഡിഎഫിന് ആവശ്യം ഈ നാടിന്റെ സുഖകരമായ വളര്‍ച്ചയും പുരോഗതിയും അല്ല. അടിസ്ഥാനരഹിതമായ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് അന്തരീക്ഷം വഷളാക്കി ഈ നാടിന്റെ പൊതുജീവിതത്തെ ദുസഹമാക്കുകയാണ് അവരുടെ ലക്ഷ്യം.
ഒരാള്‍ മന്ത്രിയാകുന്നതും ആകാതിരിക്കുന്നതും കൊണ്ട് എന്താണ് കോണ്‍ഗ്രസിനും യുഡിഎഫിനും പ്രശ്‌നം. മന്ത്രിയാകുന്നതിലൂടെ ഒരു വകുപ്പിനെ കൂടുതല്‍ ശ്രദ്ധിച്ച് സംസ്ഥാന ഭരണത്തില്‍ മുഖ്യമന്ത്രിയെ സഹായിക്കുക എന്നതാണ് നടക്കുന്നത്. അത് നാടിന്റെ പൊതുവളര്‍ച്ചയ്ക്ക് ഗുണകരമാക്കു താനും. കേരളം പോലുള്ള ഒരു സംസ്ഥാനത്ത് വകുപ്പുമായി ബന്ധപ്പെട്ടുള്ള വിവിധങ്ങളായ ബഹുജന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സാധിക്കും. ഇത് എല്ലാവര്‍ക്കും ഗുണമുള്ളതാണ്.
നിലവില്‍ സര്‍ക്കാരിനെതിരെ ഉയര്‍ത്തിവിടാന്‍ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാത്തതിനാലും ജനകീയപ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയാത്തതിനാലും കോണ്‍ഗ്രസിനകത്ത് നടക്കുന്ന പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാനും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇത്. കോണ്‍ഗ്രസിനകത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള ശശിതരൂരിന്റെ വെളിപ്പെടുത്തല്‍ പ്രതിപക്ഷ നേതാവിനെ ഉള്‍പ്പടെ ഭയപ്പാടിലാക്കിയിരിക്കുകയാണ്. ഗ്രൂപ്പ് തിരിഞ്ഞ് സംഘര്‍ഷം നടക്കുകയാണ്. പ്രശ്‌നം കൂടുതല്‍ രൂക്ഷമാവുകയാണ്. സംഘടനാപരമായി കോണ്‍ഗ്രസ് തകര്‍ന്നുകൊണ്ടിരിക്കുകയാണ്.
സിപിഐഎം നടത്തുന്ന പരിപാടികളിലും പാര്‍ട്ടിക്ക് ലഭിക്കുന്ന ജനപിന്തുണയിലും അസൂയപൂണ്ട് ദുഷ്ടലാക്കോടെയാണ് യുഡിഫ് മുന്നോട്ടുപോകുന്നത്. അതിന്റെ ഭാഗമാണ് ബഹിഷ്‌കരണവും കരിദിനം ആചരിക്കലുമെല്ലാം. ഇതിനെ കുറിച്ചെല്ലാം യുഡിഎഫ് ഘടക കക്ഷികള്‍ ചിന്തിക്കുന്നത് നല്ലതാണ്. കോണ്‍ഗ്രസിന്റെ ഇത്തരം നിലപാടുകള്‍ക്കൊപ്പം സഞ്ചരിക്കേണ്ടതുണ്ടോ എന്ന് ഘടക പാര്‍ട്ടികള്‍ ആലോചിക്കണം. ഇത്തരം അപക്വമായ നിലപാടുകളെ തള്ളിക്കളയാനും ജനങ്ങളുടെ പൊതുവായ വിഷയങ്ങള്‍ പരിഹരിക്കുന്നതിന് മുന്നോട്ടുവരാനുമാണ് യുഡിഎഫിലെ ഘടകകക്ഷികളായ പാര്‍ട്ടികളോടും അവരുടെ പിന്നില്‍ അണിനിരക്കുന്ന ജനങ്ങളോടും അഭ്യര്‍ത്ഥിക്കാനുള്ളത്.
Hair Care: നാല് മാവില എടുക്കാനുണ്ടോ, എങ്കില്‍ നിങ്ങളുടെ മുടി മുട്ടറ്റം മുട്ടും, നരയും മാറും












Click it and Unblock the Notifications