Get Updates
Get notified of breaking news, exclusive insights, and must-see stories!

ജലീലിന്റെ ആരോപണങ്ങള്‍ക്ക് തെളിവില്ല; ജലീലിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി, ഡിജിപിയ്ക്കും പരാതി

തിരുവനന്തപുരം: മുന്‍ മന്ത്രിയും എം എല്‍ എയുമായ കെ ടി ജലീലിനെതിരേ ലോകായുക്തയില്‍ കോടതിയലക്ഷ്യ ഹര്‍ജി. കെ ടി ജലീലിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്. ലോയേഴ്സ് കോണ്‍ഗ്രസ് ആണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ലോയേഴ്സ് കോണ്‍ഗ്രസ് ഭാരവാഹി അഡ്വ. രാജീവ് ചാരാച്ചിറയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ലോകായുക്ത ജസ്റ്റിസിനെ വ്യക്തിപരമായി വിമര്‍ശിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റുകളാണ് ഹര്‍ജിക്കാധാരം. ലോകായുക്തയെ മനപൂര്‍വം ഇകഴ്ത്തി കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റെന്ന് ഹര്‍ജിയില്‍ പറയുന്നു.

ജലീല്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ക്ക് നിയമപരമായ തെളിവുകളില്ലെന്നും അതിനാല്‍ ജലീലിനെതിരെ കോടതിയലക്ഷ്യം ചുമത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ജലീലിനെതിരെ നിയമനടപടി സ്വീകരിക്കണം എന്നാണ് സംസ്ഥാന പൊലീസ് മേധാവിക്കും കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവിക്കും നല്‍കിയ പരാതിയില്‍ പറയുന്നത്. ലോകായുക്ത ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് കെ ടി ജലീല്‍ ലോകായുക്തയെ കടന്നാക്രമിച്ച് രംഗത്തെത്തിയത്. തുടര്‍ച്ചയായി തന്റെ ഫേസ്ബുക്ക് പേജിലൂടെ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ പരോക്ഷമായ വിമര്‍ശനം ജലീല്‍ ഉന്നയിച്ചിരുന്നു.

tavanur kt jaleel cpim

തക്ക പ്രതിഫലം കിട്ടിയാല്‍ ലോകായുക്ത എന്ത് കടുംകൈയും ആര്‍ക്ക് വേണ്ടിയും ചെയ്യുമെന്നെല്ലാം ജലീല്‍ തുറന്നടിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ പിന്നില്‍ നിന്ന് കുത്താന്‍ യുഡിഎഫ് കണ്ടെത്തിയ കത്തിയാണ് ലോകായുക്ത എന്നും കെ ടി ജലീല്‍ പറഞ്ഞിരുന്നു. ജലീലിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്ന വിധിന്യായം പുറപ്പെടുവിച്ചത് സിറിയക് ജോസഫ് ലോകായുക്തയായി ഇരിക്കുമ്പോഴാണ്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് മുന്‍പായിരുന്നു ജലീലിന് ലോകായുക്ത വിധിയുടെ അടിസ്ഥാനത്തില്‍ മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നത്.

അതേസമയം ജലീല്‍ ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ടതില്ലെന്നാണ് സി പി ഐ എം തീരുമാനം. വ്യക്തിപരമായ ആക്രമണം പാടില്ലെന്ന മുന്നറിയിപ്പും സി പി ഐ എം ജലീലിന് നല്‍കിയതായാണ് വിവരം. എന്നാല്‍ വിമര്‍ശനത്തെ പൂര്‍ണമായും തള്ളിക്കളയില്ല. ലോകായുക്ത നിയമ ഭേദഗതിയിലേക്ക് വഴിവെച്ചത് വ്യക്തിപരമായ കാര്യങ്ങളല്ലെന്നും നിയമത്തിലെ പഴുതുകളാണെന്നുമാണ് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. സിറിയക് ജോസഫ് എന്നല്ല ഏതൊരു വ്യക്തി ആ സ്ഥാനത്ത് ഇരുന്നാലും പഴുതുകളുള്ളതാണ് സെക്ഷന്‍ 14 എന്നും അതിനാലാണ് ഭേദഗതിയെന്നുമാണ് നേതൃത്വം നിലപാട് വ്യക്തമാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+