എന്തുകൊണ്ട് സിനിമയ്ക്ക് 'ഈശോ' എന്ന് പേര്?; വിവാദങ്ങൾക്ക് ചുട്ടമറുപടിയുമായി തിരക്കഥാകൃത്ത്
കൊച്ചി; ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന ചിത്രത്തിനെതിരെ ചില ക്രിസ്തീയ സംഘടനകൾ വൈഗികരും രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തിന്റെ പേര് ക്രിസ്തീയ വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്നാണ് ഇവരുടെ ആരോപണം. സംഭവം വിവാദമായതോടെ വിഷയത്തിൽ വിശദീകരണവുമായി സംവിധായകൻ നാദിർഷ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ തിരക്കഥാകൃത്തും വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ്.

ക്രിസ്തീയതയെ അവഹേളിക്കുന്ന ഒന്നും തന്നെ ഈശോ സിനിമയുടെ ഉള്ളടക്കത്തിലില്ലെന്ന് പറയുകയാണ് തിരക്കഥാകൃത്ത് സുനീഷ് വാരനാട്. മനുഷ്യത്ത്വത്തിൻ്റേയും ,മതസൗഹാർദ്ദത്തിൻ്റേയും ഉദാത്തമാതൃകകൾ തീർത്ത് നമ്മളെല്ലാവരും ഒരു മഹാമാരിയെ നേരിടുമ്പോൾ ഉള്ളടക്കമെന്തെന്നറിയാത്ത ഒരു സിനിമയുടെ പേരിനെചൊല്ലി വിവാദങ്ങൾ സൃഷ്ടിക്കാൻ പുറപ്പെടുന്നവരുടെ യഥാർത്ഥ ഉദ്ദേശമെന്തായിരിക്കുമെന്ന് ചിന്തിക്കാൻ പ്രബുദ്ധകേരളത്തിലെ മലയാളികൾക്ക് കഴിയുമെന്നാണ് തന്റെ വിശ്വാസം എന്നും സുനീഷ് പറയുന്നു.

സിനിമയുടെ കഥയും, തിരക്കഥയും, സംഭാഷണവും സുനീഷാണ് നിർവഹിച്ചിരിക്കുന്നത്. 'ഈശോ' എന്ന സിനിമയുടെ പേരിനെ ചൊല്ലിയുയരുന്ന വിവാദങ്ങൾക്കുള്ള പ്രതികരണമാണീ പോസ്റ്റ് എന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെയാണ് സുനീഷ് വിമർശനങ്ങൾക്ക് മറുപടി നൽകിയത്. ക്രിസ്തീയതയെ അവഹേളിക്കുന്ന ഒന്നും തന്നെ സിനിമയുടെ ഉള്ളടക്കത്തിലില്ല എന്ന് സംവിധായകൻ നാദിർഷിക്കയ്ക്കൊപ്പം എഴുത്തുകാരനായ ഞാനും ഉറപ്പ് നൽകുന്നു, സുനീഷ് വ്യക്തമാക്കി.

എന്തുകൊണ്ടാണ് സിനിമയ്ക്ക് ഈശോ എന്ന പേര് വന്നത് എന്ന് സിനിമ കണ്ടുകഴിഞ്ഞാൽ മാത്രമേ മനസിലാകൂവെന്നും സുനീഷ് പറയുന്നു. കസന്‍ദ്‌സാക്കിസിന്റെ നോവലിനേയും സ്‌കോര്‍സെസെയുടെ സിനിമയേയും ,ക്രിസ്തുവിന്റെ ആറാംതിരുമുറിവ് നാടകത്തേയും അടിസ്ഥാനമാക്കി ചർച്ച ചെയ്യേണ്ട ഒന്നല്ല ഈ സിനിമയുടെ പ്രമേയം.അന്നൗൺസ് ചെയ്ത് മൂന്ന് മാസത്തിനു ശേഷം പേരിനുണ്ടായ പ്രശ്നം മനസ്സിലാകുന്നില്ല.അപ്പോൾ പ്രശ്നം മറ്റ് ചില പേരുകളായിരിക്കാം. മനുഷ്യന്റെ പിഴവുകള്‍ക്ക് ദൈവത്തെ പ്രതി ചേര്‍ക്കാനാവില്ലല്ലോ, സുനീഷ് ചോദിച്ചു.

ദൈവത്തെ മനസ്സിലാക്കാത്തതിന് വേണമെങ്കില്‍ മനുഷ്യനോട് സഹതപിക്കാനേ കഴിയൂവെന്നും സുനീഷ് പറഞ്ഞു.ബൈബിളിന്റെ അന്ത:സത്തയുടെ ആഴങ്ങള്‍ നല്ല സമരിയാക്കാരന്റെ കഥയില്‍ നിന്നും നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക എന്ന വാക്യത്തില്‍ നിന്നുമൊക്കെ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നതാണല്ലോ.

നിന്റെ തെറ്റുകള്‍ നിനക്ക് പൊറുത്തുതരും പോലെ അപരന്റെ തെറ്റുകള്‍ക്ക് നീ പൊറുത്തു കൊടുക്കുക എന്നും, നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നുമൊക്കെയുള്ള വലിയ വചനങ്ങള്‍ അവിടെ നിന്നും ഓരോ മനുഷ്യനും കണ്ടെടുക്കാനാവും. അയല്‍ക്കാരന്‍ ഹിന്ദുവോ, മുസ്‌ളീമോ എന്ന് നോക്കി സ്‌നേഹിക്കാനല്ല, അയല്‍ക്കാരനെ സ്‌നേഹിക്കൂ എന്നാണ് വചനമെന്നും സുനീഷ് പറയുന്നു.

അതുകൊണ്ട് തന്നെ ദൈവവചനത്തിന്റെ വിശാലാര്‍ത്ഥത്തില്‍ നിന്ന് വഴുതിപ്പോയി കാര്യങ്ങളെ കാണേണ്ട കാര്യമില്ലല്ലോയെന്നും സുനീഷ് ചോദിച്ചു. ഈ മഹാമാരിക്കാലത്ത് പരസ്പരം സ്നേഹിക്കാനും, സഹകരിക്കാനും, ജാതിമത വ്യത്യാസമില്ലാതെ ഒന്നിച്ച് മഹാമാരിയെ നേരിടാനും ശ്രമിക്കാം.കോവിഡിന് ഈ വക വ്യത്യാസമൊന്നുമില്ലല്ലോയെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സുനീഷ് വ്യക്തമാക്കി.












Click it and Unblock the Notifications