കോവിഡ് മരണം; മൃതദേഹങ്ങള്‍ മതാചാര പ്രകാരം കുളിപ്പിക്കാൻ സർക്കാർ അനുമതി നൽകണം: കെപിഎ മജീദ്
മലപ്പുറം: കോവിഡ് മൂലം മരിക്കുന്നവരെ മതാചാര പ്രകാരം ഖബറടക്കുന്നതിന് കുളിപ്പിക്കാൻ നിയന്ത്രണങ്ങളോടെ സർക്കാർ അനുമതി നൽകണമെന്ന് മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ്. ലോകാരോഗ്യ സംഘടനയോ ആരോഗ്യ വകുപ്പ് പഠനങ്ങളോ കോവിഡ് മൂലം മരിച്ചവരെ കുളിപ്പിക്കുന്നതിന് വിലക്ക് പറയുന്നില്ല. വിഷയം ചർച്ച ചെയ്ത മുസ്്ലിംലീഗ് സംസ്ഥാന കമ്മിറ്റി ചുമതപ്പെടുത്തിയത് പ്രകാരം ഇ.ടി മുഹമ്മദ് ബഷീർ എം.പി, എം.കെ മുനീർ എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് മന്ത്രിയുമായും ആരോഗ്യ വകുപ്പ് സെക്രട്ടറിയുമായും ചർച്ച നടത്തി വിശ്വാസികൾക്കുണ്ടാകുന്ന പ്രയാസങ്ങളും മരണാനന്തരമുള്ള അനാദരവും ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് കഴിഞ്ഞ നവമ്പർ 24ന് സർക്കാർ ഇറക്കിയ ഉത്തരവിൽ മതാചാര പ്രകാരം മരണാനന്തര ചടങ്ങിന് അനുമതി നൽകുകയും മയ്യിത്തിനെ സ്പ്രേ ചെയ്യാനും അനുമതി നൽകിയിരുന്നു. എന്നാൽ, കുളിപ്പിക്കാതെ കബറടക്കുന്നത് പൂർണ്ണതയല്ല എന്നതിനാൽ മയ്യിത്തുകൾ കുളിപ്പിക്കുകയും സന്നദ്ധ പ്രവർത്തകരുടെ കൂടി സഹായത്തോടെ കബറടക്കുകയും ചെയ്തെന്ന പേരിൽ പൊലീസ് കേസെടുക്കുന്നത് പ്രയാസകരമായ സാഹചര്യത്തിലൂടെ കടന്നുപോകുന്നവരെ ദുരിതത്തിലേക്ക് തള്ളിവിടുകയാണ്. ഇത്തരം കേസ്സുകൾ പിൻവലിച്ച് യാഥാർത്ഥ്യ ബോധത്തോടെ കാര്യങ്ങളെ സമീപിക്കാൻ തയ്യാറാവണം. പരപ്പരങ്ങാടിയിൽ യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ ഇങ്ങനെ കേസെടുത്ത നടപടിയിൽ ഇടപെടുകയും അധികാരികളെ പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ട്.

മയ്യിത്ത് വൃത്തിയാക്കി കുളിപ്പിച്ച ശേഷം നമസ്‌കാരം നിർവ്വഹിക്കണമെന്നാണ് ജീവിതകാലമത്രയും ഇസ്ലാം മത പ്രകാരം ജീവിക്കുന്നവരുടെ ആഗ്രഹം. ആരോഗ്യപരമായതോ രോഗപരമായതോ ആയ ഒരു കാരണവുമില്ലാതെ ഇതു നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മയ്യിത്തുകൾ ഏറ്റുവാങ്ങുന്ന ബന്ധുക്കൾക്ക് കുളിപ്പിക്കാനും മതപരമായ ചടങ്ങുകൾ പാലിച്ച് മറമാടാനും പ്രോട്ടോക്കോൾ പാലിച്ചു സാധ്യമാണ്. ഇക്കാര്യത്തിൽ വ്യക്തവും ആശങ്കകൾ അവസാനിപ്പിക്കുന്നതുമായ ഉത്തരവ് അടിയന്തരമായി പുറപ്പെടുവിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications