കൊവിഡ് വ്യാപനം; സംസ്ഥാനത്ത് സ്കൂളുകൾ അടയ്ക്കാൻ തീരുമാനം..വാരാന്ത്യ നിയന്ത്രണം ഇല്ല
തിരുവനന്തപുരം; സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ സ്കൂളുകൾ അടയ്ക്കാൻ കൊവിഡ് അവലോകന യോഗത്തിൽ തീരുമാനം. ഒൻപതാം ക്ലാസ് വരെയുള്ള സ്കൂളുകൾ ആണ് അടയ്ക്കുക. 21 മുതൽ സ്കൂളുകൾ അടച്ച് ഓൺലൈൻ ക്ലാസുകൾ തുടരാനാണ് തിരുമാനം. അതേസമയം പത്താം ക്ലാസ് മുതൽ പ്ലസ് ടു വരേയുള്ള ക്ലാസ്സുകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല. രാത്രി കർഫ്യൂവും വാരാന്ത്യ നിയന്ത്രണങ്ങളും ഏർപ്പെടുത്തേണ്ടെന്നും യോഗത്തിൽ തീരുമാനമായി.
Recommended Video

ഒമ്പതാം ക്ലാസ് വരെ ജനുവരി 21 മുതൽ രണ്ടാഴ്ചക്കാലം ഓൺലൈൻ സംവിധാനത്തിലൂടെ നടത്തിയാൽ മതിയെന്നാണ് യോഗത്തിലെ തിരുമാനം.ഫെബ്രുവരി രണ്ടാം വാരം ഇത് തുടരണമോയെന്ന് പരിശോധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ രണ്ടാഴ്ചവരെ അടച്ചിടാൻ പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർക്ക് അധികാരം നൽകും.ഓൺലൈൻ ക്ലാസുകൾ വിക്ടേഴ്സ് വഴിയാകുമോ എന്നതടക്കമുള്ള കാര്യങ്ങൾ വിശദമാക്കിക്കൊണ്ടുള്ള മാർഗരേഖ വിദ്യാഭ്യാസ വകുപ്പ് പുറത്തുവിടും.
സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സ്കൂളുകളുടെയും ഓഫിസുകളുടെയും പ്രവര്‍ത്തനത്തിലടക്കം നിയന്ത്രണം വേണമെന്ന് ഉദ്യോഗസ്ഥ തലത്തില്‍ ആവശ്യം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ഇപ്പോഴത്തെ നിയന്ത്രണങ്ങൾ.
സംസ്‌ഥാനത്ത് തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് വ്യാപനം ഏറ്റവും അധികമുള്ളത്.കോവിഡുമായി ബന്ധപ്പെട്ട ഡാറ്റാ കോവിഡ് ജാഗ്രതാ പോർട്ടലിലൂടെ ആരോഗ്യ വകുപ്പ് പോലീസ്, തദ്ദേശ സ്വയംഭരണം, റവന്യൂ തുടങ്ങി ബന്ധപ്പെട്ട വകുപ്പുകൾക്ക് ലഭ്യമാക്കേണ്ടതാണ്.കോവിഡ് ക്ലസ്റ്ററുകൾ കണ്ടെത്തി ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കളക്ടർമാരോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു.സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം സംവിധാനം അനുവദിക്കും.
സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്‌ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേതുൾപ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓൺലൈൻ ആയി നടത്തേണ്ടതാണ്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ൽ കൂടുതലുള്ള ജില്ലകളിൽ സാമൂഹ്യ, സാംസ്കാരിക, സാമുദായിക പരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയുടേത് പോലെ 50 പേരായി പരിമിതപ്പെടുത്തും. കൂടുതൽ പേർ പങ്കെടുക്കേണ്ട നിർബന്ധിത സാഹചര്യങ്ങളിൽ പ്രത്യേക അനുവാദം വാങ്ങണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ൽ കൂടുതൽ വന്നാൽ പൊതുപരിപാടികൾ നടത്താൻ അനുവദിക്കില്ല.
എല്ലാ വ്യാപാര സ്‌ഥാപനങ്ങളും ഓൺലൈൻ ബുക്കിങ്ങും വിൽപ്പനയും പ്രോത്സാഹിപ്പിക്കേണ്ടതാണ്. മാളുകളിൽ ജനത്തിരക്ക് ഉണ്ടാകാത്ത രീതിയിൽ 25 സ്ക്വയർ ഫീറ്റിന് ഒരാളെന്ന നിലയിൽ നിശ്ചയിക്കേണ്ടതും അതനുസരിച്ചു മാത്രം ആളുകളെ പ്രവേശിപ്പിക്കേണ്ടതുമാണ്. ഇത് ജില്ലാ ഭരണ കൂടം ഉറപ്പു വരുത്തണം.
കോവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ ശബരിമലയിൽ ജനുവരി 16 മുതൽ നേരത്തെ ഓൺലൈൻ ബുക്കിംഗ് ചെയ്തവർക്ക് സന്ദർശനം മാറ്റി വെയ്ക്കാൻ അഭ്യർഥിച്ച് സന്ദേശം അയക്കാൻ ബന്ധപ്പെട്ട വകുപ്പിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു. പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണം ചർച്ചയിലൂടെ നിശ്ചയിക്കും.
ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നുണ്ട്. ജില്ലകളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. നിലവിലെ കോവിഡ് വ്യാപന സാഹചര്യത്തിൽ വാർഡ് തല സമിതികളുടെ സഹകരണം അനിവാര്യമാണ്.10, 11, 12 ക്ലാസുകളിലെ കുട്ടികൾക്ക് വാക്സിൻ സ്കൂളിൽ പോയി കൊടുക്കാൻ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ ഏകോപിച്ച് മുൻകൈയെടുക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
സംസ്ഥാനത്ത് ഇന്നലെ മാത്രം 13000 ത്തിന് മുകളിൽ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 480 പേർക്കാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്. അതേസമയം വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 99.33 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,65,29,838), 82 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,17,92,096) നല്‍കിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു.












Click it and Unblock the Notifications