തിരുവനന്തപുരം ജില്ലയിലെ കോവിഡ് വ്യാപനം: എം വിന്‍സെന്റ് എംഎല്‍എയ്ക്ക് മറുപടിയുമായി ആനാവുർ നാഗപ്പന്‍
തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കോവളം എംഎല്‍എ എം വിന്‍സെന്റ് എംഎല്‍എ നടത്തിയത് അവാസ്തവവും അടിസ്ഥാനരഹിതവുമായ കാര്യങ്ങളാണെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 6 പേര്‍ക്കാണ് ഇത് വരെ കോവിഡ് പോസിറ്റിവ് ആയിട്ടുള്ളത്. സമ്മേളന നഗരിയ്ക്കടുത്ത് ആകെ 50 പ്രതിനിധികളാണ് തങ്ങിയത്. മറ്റെല്ലാവരും ഓരോ ദിവസവും പോയി വരികയാണ് ചെയ്തിരുന്നത്. തങ്ങിയ 50 പേരില്‍ ഒരാള്‍ക്ക് പോലും വൈറസ് ബാധ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു. കോവളം എം എല്‍ എ യ്ക്ക് സി പി എം ജില്ല നേതൃത്വവുമായി വ്യക്തിപരമായി തന്നെ വൈരാഗ്യം ഉണ്ടെന്നത് നാടിനാകെ അറിയുന്നതാണ്. അദ്ദേഹത്തിന്റെ ചില ലീലാവിലാസങ്ങള്‍ പുറത്ത് കൊണ്ട് വന്നത് സി പി എം ജില്ല നേതൃത്വമാണെന്ന് അദ്ദേഹം കരുതുന്നുണ്ടാകാമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ആനാവൂർ നാഗപ്പന്റെ പ്രസ്താവനുയുടെ പൂർണ്ണ രൂപം ഇങ്ങനെ..
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കോവളം എംഎല്‍എ ശ്രീ എം വിന്‍സെന്റിന്റെ പ്രസ്താവന ശ്രദ്ധയില്‍പെടുകയുണ്ടായി. അവാസ്തവവും അടിസ്ഥാനരഹിതവുമായ കാര്യങ്ങളാണ് ആ പ്രസ്താവനയില്‍ പാര്‍ട്ടി ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയിട്ടുള്ളത്. ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 6 പേര്‍ക്കാണ് ഇത് വരെ കോവിഡ് പോസിറ്റിവ് ആയിട്ടുള്ളത്. സമ്മേളന നഗരിയ്ക്കടുത്ത് ആകെ 50 പ്രതിനിധികളാണ് തങ്ങിയത്. മറ്റെല്ലാവരും ഓരോ ദിവസവും പോയി വരികയാണ് ചെയ്തിരുന്നത്. തങ്ങിയ 50 പേരില്‍ ഒരാള്‍ക്ക് പോലും വൈറസ് ബാധ ഉണ്ടായിട്ടില്ല.

സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികളും വോളന്റിയര്‍മാരും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് കൊണ്ടാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ജനുവരി 11ന് നടന്ന തിരുവാതിരയില്‍ പങ്കെടുത്ത ഒരാള്‍ക്ക് പോലും ഇത് വരെ കോവിഡ് ബാധ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തിരുവാതിര നടത്തിയതാണ് ജില്ലയിലെ കോവിഡ് വ്യാപനത്തിന് കാരണം എന്ന നിലയില്‍ ചില മാധ്യമങ്ങളും കോണ്‍ഗ്രസുകാരും പ്രചരിപ്പിക്കുന്നത് അവാസ്തവമാണ് എന്ന് ഇതില്‍ നിന്ന് തന്നെ മനസിലാകും. സമ്മേളനത്തിന്റെ സമാപന ദിവസം സര്‍ക്കാര്‍ പുതുക്കിയ കോവിഡ് മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സമാപന പൊതുസമ്മേളനം ഓണ്‍ലൈനായി നടത്തുകയാണ് ചെയ്തത്.
പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് നടത്തിയ സമ്മേളനത്തെ വക്രീകരിക്കാനാണ് കോണ്‍ഗ്രസ്സ് പരിശ്രമിക്കുന്നത്. ബ്രാഞ്ച് മുതല്‍ ജില്ലാ വരെ സി പി ഐ (എം) അതിന്റെ സംഘടനാ സമ്മേളനങ്ങള്‍ അച്ചടക്കത്തോടെ പൂര്‍ത്തിയാക്കിയതില്‍ കോണ്‍ഗ്രസിനുണ്ടാകാനിടയുള്ള നിരാശ ഞങ്ങള്‍ക്ക് മനസിലാകും. കോവളം എംഎല്‍എ അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ അത് പ്രകടിപ്പിക്കുന്നുമുണ്ട്. രണ്ടായിരത്തി അഞ്ഞൂറ് സമ്മേളനങ്ങള്‍ നടത്തിയെന്ന് അദ്ദേഹം സങ്കടപെടുകയാണ്. പതിറ്റാണ്ടുകളായി സംഘടനാ സമ്മേളനമോ തിരഞ്ഞെടുപ്പോ നടത്താന്‍ കഴിയാത്ത, അഥവാ നടത്തിയാല്‍ അതൊരു ക്രമസമാധാന പ്രശ്‌നം പോലും ആയേക്കും എന്ന അവസ്ഥയില്‍ നില്‍ക്കുന്ന ഒരു പാര്‍ട്ടിയുടെ അസൂയ മാത്രമാണ് സി പി ഐ (എം) സമ്മേളനങ്ങളുടെ മേലുള്ള ഈ കുതിരകയറ്റം.
കോവളം എംഎല്‍എ യ്ക്ക് സി പി ഐ (എം) ജില്ല നേതൃത്വവുമായി വ്യക്തിപരമായി തന്നെ വൈരാഗ്യം ഉണ്ടെന്നത് നാടിനാകെ അറിയുന്നതാണ്. അദ്ദേഹത്തിന്റെ ചില ലീലാവിലാസങ്ങള്‍ പുറത്ത് കൊണ്ട് വന്നത് സി പി ഐ (എം) ജില്ല നേതൃത്വമാണെന്ന് അദ്ദേഹം കരുതുന്നുണ്ടാകാം. അതിന്റെ വിരോധത്തിലാണ് എംഎല്‍എ ഇത്തരം അബദ്ധജഢിലമായ പ്രസ്താവനകള്‍ നടത്തുന്നത്. ഇത്തരം വസ്തുതാവിരുദ്ധമായ പ്രസ്താവനകള്‍ നടത്തുന്നത് അങ്ങേയറ്റം അപലപനീയമാണ്. കോവിഡ് മഹാമാരി സ്ഥിരീകരിച്ച കാലം മുതല്‍ ഇന്നേ വരെ ഈ നാട്ടില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്നണിയില്‍ നിന്ന പാര്‍ട്ടിയാണ് സി പി ഐ (എം). ഇനിയും ആ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുകയും ചെയ്യും. രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള ഇത്തരം വിലകുറഞ്ഞ ആരോപണങ്ങളെ അതര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് എല്ലാ ജനാധിപത്യവാദികളോടും അഭ്യര്‍ത്ഥിക്കുന്നു.












Click it and Unblock the Notifications