Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരു മരിച്ചാലും സര്‍ക്കാരിന്റെ കണ്ണീരുകണ്ടാല്‍ മതിയെന്ന ദുഷ്ടലാക്കാണ് പ്രതിപക്ഷത്തിനും ബിജെപിക്കും

തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണ ഉന്നയിക്കുന്ന പ്രതിപക്ഷത്തിനെയും ബിജെപിയെയും വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. ദുരന്തസമയത്ത് ഫ്രലപ്രദമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനൊപ്പം നില്‍ക്കുക എന്നാല്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നാണ്. അതാണ് കേരളത്തിനുവേണ്ടത് എന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം. പക്ഷേ ആരു മരിച്ചാലും സര്‍ക്കാരിന്റെ കണ്ണീരുകണ്ടാല്‍ മതിയെന്ന ദുഷ്ടലാക്കാണ് പ്രതിപക്ഷത്തിനും ബിജെപിക്കുമുള്ളതെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് കാനത്തിന്റെ വിമര്‍ശനം. കുറിപ്പ് വായിക്കാം

കേരളത്തില്‍

കേരളത്തില്‍

കേരള കോവിഡ് 19 മഹാമാരി ലോകമാകമാനം ദുരന്തം വിതച്ചുകൊണ്ടിരിക്കുകയാണിപ്പോഴും. ചൈനയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട ഈ വൈറസിന്റെ ആക്രമണം അതിര്‍ത്തികളെയെല്ലാം ഭേദിച്ച് ലോകത്തിന്റെ മുക്കിലും മൂലകളിലുമെത്തി. ഇന്ത്യയില്‍ ആദ്യം കൊറോണ സ്ഥിരീകരിച്ചത് കേരളത്തിലായിരുന്നു. ചൈനയിലെ മരണത്തിന്റെ കണക്കുകള്‍ നാം കേട്ടുതുടങ്ങുകയായിരുന്നു അപ്പോള്‍. തൃശൂരിലും ആലപ്പുഴയിലും ആദ്യ കോവിഡ് ബാധിതരുണ്ടായപ്പോള്‍ തന്നെ ഫലപ്രദമായി ഇടപെടാന്‍ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനായത് ശ്രദ്ധേയമായിരുന്നു. രോഗബാധിതരെ ചികിത്സിച്ച് രോഗവിമുക്തരാക്കാനും മറ്റാളുകളിലേക്ക് രോഗം പകരാതിരിക്കാനും ആരോഗ്യവകുപ്പിന്റേയും സര്‍ക്കാരിന്റേയും പ്രവര്‍ത്തനങ്ങള്‍ക്കായി.

ലാഘവത്തോടെ

ലാഘവത്തോടെ

ദുരന്തമൊഴിഞ്ഞു എന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് മാര്‍ച്ച് ആദ്യവാരം വിദേശത്തുനിന്ന് എത്തിയവരില്‍ രോഗബാധയുണ്ടെന്ന് തെളിഞ്ഞത്. അവരില്‍ നിന്ന് മറ്റാളുകളിലേക്കും രോഗം പകര്‍ന്നു. പിന്നീട് നാം കാണുകയും കേള്‍ക്കുകയും ചെയ്തത് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും രോഗബാധിതരുണ്ടാവുന്നതാണ്. ഈ മഹാമാരിയെ ലാഘവത്തോടെയാണ് അമേരിക്കയടക്കമുള്ള വമ്പന്‍ സാമ്പത്തികശക്തിരാഷ്ട്രങ്ങള്‍ കണ്ടത്. അതേ പാതയിലായിരുന്നു ആദ്യം ഇന്ത്യാഗവണ്‍മെന്റും. ട്രംപിന് സ്വീകരണം നല്‍കല്‍, മദ്ധ്യപ്രദേശിലെ ഭരണത്തെ അട്ടിമറിക്കല്‍ എന്നിങ്ങനെയുള്ള കലാപരിപാടികളില്‍ അഭിരമിക്കുകയായിരുന്നു ദേശീയ ഭരണരാഷ്ട്രീയ നേതാക്കള്‍.

ഭരണനായകര്‍

ഭരണനായകര്‍

എന്നാല്‍ കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിമാരും സര്‍ക്കാര്‍ സംവിധാനമൊന്നാകെയും ഈ മഹാമാരിയെ പ്രതിരോധിക്കാന്‍ രംഗത്തിറങ്ങി. സാമൂഹ്യ അകലം പാലിക്കല്‍, സാനിറ്റൈസര്‍ ഉപയോഗിക്കാനും നിരന്തരമായി കൈകഴുകാന്‍ പ്രേരിപ്പിക്കല്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ഭരണനായകര്‍ തന്നെ നേരിട്ടിറങ്ങിയപ്പോള്‍ അത് ഇന്ത്യക്കാകെ മാതൃകയായി. ലോക്ഡൗണ്‍ പ്രഖ്യാപിച്ചും നിയമസഭാസമ്മേളനം നിര്‍ത്തിവെച്ചും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയും കേരളം കാട്ടിയ മുന്‍കരുതല്‍ ഒന്നുകൊണ്ടു മാത്രമാണ് സമൂഹവ്യാപനം എന്ന ദുരന്തത്തിലേക്ക് നമ്മുടെ നാട് വീഴാതിരുന്നത്.

വാദഗതികള്‍

വാദഗതികള്‍

വിരലിലെണ്ണാവുന്ന രോഗികള്‍ മാത്രമേയുള്ളു എന്നതിന്റെ പേരില്‍ ഇത്ര കടുപ്പത്തിലുള്ള നടപടികളൊന്നും വേണ്ടതില്ല എന്ന അഭിപ്രായ പ്രകടനങ്ങളായിരുന്നു കേരളത്തിലെ പ്രതിപക്ഷത്തിന് അന്നുണ്ടായിരുന്നത്. ആ വാദഗതികള്‍ എത്രമേല്‍ അബദ്ധമായിരുന്നുവെന്ന് ഇന്ന് നാം മനസിലാക്കുന്നുണ്ട്. കേരളം സ്വീകരിച്ച മുന്‍കരുതലുകളുടെ ഗുണഫലം അനുഭവിക്കുകയാണ് ഇന്ന് ഈ സംസ്ഥാനത്തെ മുഴുവനാളുകളും. കൊറോണവൈറസ് ബാധിതരുടെ മരണസംഖ്യ അമ്പരപ്പിക്കുന്നതായി തുടരുകയാണ് ഇപ്പോഴും. ഇറ്റലിയും അമേരിക്കയുമെല്ലാം നമ്മിലേക്ക് സന്നിവേശിപ്പിച്ചതും അതേ ഭീതി തന്നെയായിരുന്നു.

ആശ്വാസത്തിന്റെ തുരുത്തായി മാറി

ആശ്വാസത്തിന്റെ തുരുത്തായി മാറി

ലോകമെമ്പാടും മരണത്തിന്റെ താണ്ഡവനൃത്തം നടക്കുമ്പോള്‍ നമ്മുടെ സംസ്ഥാനം ആശ്വാസത്തിന്റെ തുരുത്തായി മാറി. ഫലപ്രദമായ ഇടപെടലുകള്‍ തീര്‍ക്കാന്‍ സര്‍ക്കാര്‍ സംവിധാനം അപ്പാടെ വിശ്രമരഹിതമായി പ്രവര്‍ത്തിച്ചു. സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലുള്ള സംവിധാനങ്ങള്‍ പിഴവുകളേയില്ലാതെ പ്രവര്‍ത്തിച്ചപ്പോള്‍ കേരളം ഇന്ത്യക്കും ലോകത്തിനും വീണ്ടും മാതൃകയായി. പ്രാഥമിക ചികിത്സാകേന്ദ്രങ്ങളും സര്‍ക്കാര്‍ ആരോഗ്യ സംവിധാനങ്ങളും എക്കാലവും കേരളത്തിലെ സാധാരണക്കാരന്റെ ആശ്രയ കേന്ദ്രങ്ങളാണ്. കേരളത്തിലെ കോവിഡ് രോഗികളെയെല്ലാം ചികിത്സിക്കുന്നത് നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളും അവിടുത്തെ അര്‍പ്പണബോധമുള്ള ആരോഗ്യ പ്രവര്‍ത്തകരുമാണ് എന്നതും ചികിത്സയും പരിചരണവുമെല്ലാം തീര്‍ത്തും സൗജന്യമാണ് എന്നതും പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്.

കേരളത്തിന്റെ പ്രത്യേകത

കേരളത്തിന്റെ പ്രത്യേകത

നാടനെന്നോ മറുനാടനെന്നോ വ്യത്യാസം കൂടാതെ എല്ലാവരെയും തുല്യപരിഗണനയോടെ ചികിത്സിക്കാനായതും കേരളത്തിന്റെ പ്രത്യേകതയാണ്. ലോകരാജ്യങ്ങള്‍ കോവിഡ് 19നു മുമ്പില്‍ പകച്ചും പതറിയും നില്‍ക്കുമ്പോള്‍ കേരളം ആത്മവിശ്വാസത്തോടെ നിന്നു. ഏത് അടിയന്തിരസാഹചര്യത്തെയും നേരിടാന്‍ തങ്ങള്‍ക്കാവുമെന്ന് കേരളം ഉറപ്പു നല്‍കിയത് എല്ലാവര്‍ക്കും ആശ്വാസമായി. നമ്മുടെ കൊച്ചുകേരളം സെയ്ഫ്സോണായി നിലയുറപ്പിക്കുന്നത് ഏറെ അഭിമാനകരവുമാണ്. കോവിഡ് മരണനിരക്ക് ആഗോളതലത്തില്‍ 5.7 ശതമാനമാണ്.

ജനജീവിതം സ്തംഭിച്ചിട്ട് ഒരു മാസം

ജനജീവിതം സ്തംഭിച്ചിട്ട് ഒരു മാസം

ഇന്ത്യയില്‍ അത് 2.8 ശതമാനമാകുമ്പോള്‍ കേരളത്തില്‍ മരണ നിരക്ക് 0. 58 ശതമാനം മാത്രമാണ് എന്നത് ഏറെ ആശ്വാസകരമാണ്. വമ്പന്‍ രാജ്യങ്ങള്‍ക്കു സാധിക്കാന്‍ കഴിയാത്തത് നമുക്കായതിന്റെ പിന്നില്‍ കേരളം പതിറ്റാണ്ടുകളായി ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടിന്റെ കരുത്തും സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ഇച്ഛാശക്തിയുമുണ്ട്. കേരളത്തില്‍ ജനജീവിതം സ്തംഭിച്ചിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു. ജനങ്ങള്‍ക്ക് അത് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുമുണ്ട്. എന്നാല്‍ ഇന്ത്യക്കാകെ മാതൃകയായ തരത്തില്‍ ജനങ്ങളെ സഹായിക്കാനും കേരള സര്‍ക്കാരിനായി.

പ്രത്യേക പാക്കേജ്

പ്രത്യേക പാക്കേജ്

20,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് ജനങ്ങളുടെ ദുരിതങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ മുന്നിലുണ്ടെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിലെ ജനങ്ങളൊന്നാകെ ഇരുകൈകളും നീട്ടിയാണത് സ്വീകരിച്ചത്. ലോക്ഡൗണിന്റെ കാലത്ത് ഒരുവീട്ടില്‍പോലും ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ടാവാന്‍ പാടില്ലെന്ന കരുതലിനെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല. എല്ലാ പഞ്ചായത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേഖലകളിലും കേരളം തുടങ്ങിയ സമൂഹ അടുക്കള മുതല്‍ എണ്ണിയെണ്ണിപ്പറയാന്‍ കഴിയുന്ന നൂറുകണക്കിന് നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും സൗജന്യറേഷന്‍ എന്നതും നാം നടപ്പിലാക്കി. ഭക്ഷ്യസാധനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കിറ്റും പണക്കാരന്‍ പണിക്കാരന്‍ എന്നൊന്നുമുള്ള വ്യത്യാസമില്ലാതെ എല്ലാവരിലേക്കും എത്തികൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കായ ആളുകള്‍ക്ക് സാമൂഹ്യക്ഷേമപെന്‍ഷനുകള്‍ നല്‍കി.

ആരോഗ്യമന്ത്രിയെ

ആരോഗ്യമന്ത്രിയെ

എല്ലാ തൊഴിലാളികളേയും സംരക്ഷിക്കുന്ന നടപടികള്‍ സ്വീകരിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇവിടെയെത്തി ജോലി ചെയ്യുന്ന തൊഴിലാളികളെ അതിഥി തൊഴിലാളികളായി കണ്ട് സംരക്ഷണ നടപടികള്‍ സ്വീകരിച്ചു. കൃഷിക്കാരുടെ ഉല്‍പ്പന്നങ്ങള്‍ ന്യായമായ വില നല്‍കി ഏറ്റെടുക്കാന്‍ സംവിധാനമൊരുക്കി. ഈ പട്ടികയില്‍ ഇനിയും ചേര്‍ക്കേണ്ട ഇനങ്ങളുണ്ട്. ഇതെല്ലാം ഇന്ത്യക്കും ലോകത്തിനും മാതൃകയായി നടപ്പിലാക്കിയവയാണ്. ഈ സമയത്തെല്ലാം പ്രതിപക്ഷത്തിന്റെ നിലപാടെന്തായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. എന്തിനുമേതിനും കുറ്റപ്പെടുത്താന്‍ കച്ചകെട്ടിയിറങ്ങിയവരെയാണ് നാം അവരില്‍ കണ്ടത്. ഒരു ദുരന്തവേളയില്‍ കൃത്യമായ വിവരങ്ങള്‍ ജനങ്ങളിലേക്കെത്തേണ്ടതുണ്ട്. അതിനായി പരിശ്രമിച്ച ആരോഗ്യമന്ത്രിയെ ആക്ഷേപിക്കുകയായിരുന്നു പ്രതിപക്ഷം.

സാമ്പത്തിക പ്രതിസന്ധി

സാമ്പത്തിക പ്രതിസന്ധി

ലോക്ഡൗണിനേയും അവര്‍ എതിര്‍ത്തു. അമേരിക്കയാണ് മാതൃക എന്നു കൂടി പറഞ്ഞുവെച്ചു. ആനുകൂല്യവിതരണങ്ങള്‍, ഭക്ഷ്യധാന്യ വിതരണം എന്നിവയേയും അപഹസിക്കാന്‍ അവര്‍ക്ക് മടിയുണ്ടായില്ല. സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളം എന്നത് ഏവര്‍ക്കും അറിയാം. രണ്ടു പ്രളയങ്ങള്‍ തകര്‍ത്തെറിഞ്ഞ നാടാണിത്. അര്‍ഹതപ്പെട്ട സഹായം നമുക്ക് നല്‍കാതിരുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടികളും സഹായിക്കാന്‍ തയ്യാറായ രാജ്യങ്ങളെ വിലക്കിയ കാര്യവുമൊന്നും നാം മറന്നിട്ടില്ല. പ്രയാസങ്ങള്‍ക്കിടയിലും നാം ഈ മഹാമാരിയെ പ്രതിരോധിക്കാന്‍ മുന്നിട്ടിറങ്ങിയപ്പോള്‍ സഹായിക്കാന്‍ സുമനസുകള്‍ തയ്യാറായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ പാടില്ലെന്ന വാദഗതിയുമായി ഒരു പ്രതിപക്ഷ എംഎല്‍എ രംഗത്തെത്തിയപ്പോള്‍ അതിനെ തിരുത്താന്‍ തയ്യാറാവാതെ അയാള്‍ക്ക് പിന്തുണയും പിന്‍ബലവും നല്‍കുകയായിരുന്നു പ്രതിപക്ഷ നേതാവടക്കമുള്ളവര്‍ ചെയ്തത്.

ദുരിതാശ്വാസനിധി

ദുരിതാശ്വാസനിധി

ദുരിതാശ്വാസനിധിയുടെ കണക്കുകള്‍ സര്‍ക്കാര്‍ കൃത്യമായി സൂക്ഷിക്കുന്നതാണെന്നും മുന്‍കാലങ്ങളിലെല്ലാം തുടര്‍ന്നുകൊണ്ടിരിക്കുന്ന രീതിയില്‍ തന്നെയാണ് ഇപ്പോഴും അതിന്റെ വിനിയോഗമെന്നും ഉള്ള കാര്യങ്ങള്‍ മറച്ചു പിടിച്ചുകൊണ്ടാണ് യുഡിഎഫ് ആക്ഷേപ ശരങ്ങളുമായെത്തിയത്. കേന്ദ്രത്തിന്റെ അവഗണനയുടെ കാര്യം ഒന്ന് ഉറക്കെപ്പറയാന്‍ പോലും അവര്‍ തയ്യാറാവാതിരുന്നതിന്റെ അര്‍ത്ഥം പിടികിട്ടുന്നേയില്ല. ആരോഗ്യം ഒരു സാമൂഹിക സാമ്പത്തിക രാഷ്ട്രീയ പ്രശ്‌നം തന്നെയാണ്. അതുകൊണ്ടുതന്നെയാണ് ആരോഗ്യം മൗലിക അവകാശമാണെന്നും പറയുന്നത്. ജനങ്ങളുടെ ആരോഗ്യ നിലവാരം ഉയര്‍ത്താന്‍ ഉതകുന്ന നയങ്ങളും പരിപാടികളും ഉണ്ടാവണം. പ്രതീകാത്മകപ്രവര്‍ത്തനങ്ങളും പ്രകടനപരതയുമല്ല നാടിനിപ്പോള്‍വേണ്ടത്.

സര്‍ക്കാരിന്റെ കണ്ണീര്

സര്‍ക്കാരിന്റെ കണ്ണീര്

സ്വന്തം ജനതയെ കൈവിടാതെ ക്രിയാത്മകമായ ഇടപെടലുകള്‍ തീര്‍ക്കുന്ന ഭരണകൂടത്തെയാണ് ജനം കാത്തിരുന്നത്. അതാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ കാഴ്ചവെക്കുന്നത്. ദുരിതവും ദുരന്തവും ചുറ്റിലും നിറയുമ്പോള്‍ വാക്കുകൊണ്ടും പ്രവൃത്തി കൊണ്ടും സാന്ത്വനവും ശക്തിയും പകര്‍ന്നു നല്‍കുന്ന ഭരണകൂടത്തെയാണ് ജനങ്ങള്‍ക്കു വേണ്ടത്. അത്തരമൊരു പ്രവര്‍ത്തനം കേരളസര്‍ക്കാര്‍ കാഴ്ചവെക്കുമ്പോള്‍ യുഡിഎഫിനും ബിജെപിക്കും ഉറക്കം നഷ്ടപ്പെടുക സ്വാഭാവികം മാത്രമാണ്. എതിര്‍പ്പുകളുമായി രംഗത്തിറങ്ങാനാണ് ഈ മഹാമാരിക്കാലത്തെല്ലാം പ്രതിപക്ഷനേതാവടക്കമുള്ളവരും ബിജെപി നേതാക്കന്‍മാരും പരിശ്രമിച്ചത്. ദുരന്തസമയത്ത് ഫ്രലപ്രദമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനൊപ്പം നില്‍ക്കുക എന്നാല്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നാണ്. അതാണ് കേരളത്തിനുവേണ്ടത് എന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം. പക്ഷേ ആരു മരിച്ചാലും സര്‍ക്കാരിന്റെ കണ്ണീരുകണ്ടാല്‍ മതിയെന്ന ദുഷ്ടലാക്കാണ് പ്രതിപക്ഷത്തിനും ബിജെപിക്കുമുള്ളത്.

Recommended Video

cmsvideo
    Pinarayi Vijayan writes to PM Modi, Seeks Help | Oneindia Malayalam
    മാരകമായ ചിന്താഗതി

    മാരകമായ ചിന്താഗതി

    കോവിഡ് 19 നേക്കാള്‍ മാരകമായ ചിന്താഗതി സ്വീകരിക്കുന്ന ഇത്തരക്കാരെ കൈയ്യൊഴിയാന്‍ കേരളം തയ്യാറാവുക തന്നെ ചെയ്യും. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുമ്പോള്‍ അത് രാഷ്ട്രീയമായി തങ്ങള്‍ക്ക് ക്ഷീണമുണ്ടാക്കുന്നുവെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ആത്മാര്‍ത്ഥമായി സഹകരിക്കാന്‍ തയ്യാറാവാത്തതിനാല്‍ ജനം കൈയ്യൊഴിയുമെന്ന ബോധ്യമാണ് ദുരന്ത കാലത്ത് സര്‍ക്കാരിനെതിരെ നിലപാടെടുക്കാന്‍ പ്രതിപക്ഷത്തേയും ബിജെപിയേയും പ്രേരിപ്പിക്കുന്നതെന്ന് ഏവര്‍ക്കും ബോധ്യപ്പെടുന്നുണ്ട്. ഈ മഹാമാരിക്കാലത്തെങ്കിലും ഇത്തരം അസംബന്ധ നാടകങ്ങള്‍ നടത്തി അപഹാസ്യരാകാതിരിക്കാന്‍ കഴിയണമെന്ന് ആഗ്രഹിക്കാനേ നമുക്ക് കഴിയൂ. ഒരിക്കലും നന്മ ലഭിക്കാത്ത നസ്രേത്താണ് തങ്ങളെന്ന് യുഡിഎഫും ബിജെപിയും വീണ്ടും തെളിയിക്കുകയാണ്. അവരുടെ നിലപാടുകള്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉതകുന്നതേയല്ല.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+