പരിഷത്തിന് താത്വികമായി കെ റെയിലിനോട് എതിർപ്പുണ്ടായിരുന്നില്ലല്ലോ: മറുപടിയുമായി കെടി കുഞ്ഞിക്കണ്ണന്‍
കോഴിക്കോട്: സില്‍വർ ലൈനില്‍ എതിർപ്പ് ഉന്നയിച്ച ശാസ്ത്ര-സാഹിത്യ പരിഷത്തിന് മറുപടിയുമായി സി പി എം നേതാവ് കെ ടി കുഞ്ഞിക്കണ്ണന്‍. സർക്കാർ മുന്നോട്ട് വെക്കുന്ന പല വസ്തുതകളേയും അജ്ഞതയിൽ നിർത്തി നുണപ്രചരണങ്ങളും അടയാളക്കല്ലുകൾ പറിച്ചെറിയുമെന്നൊക്കെയുള്ള കലാപ ഭീഷണിയുമാണ് യു ഡി എഫ്- ബി ജെ പി ജമാഅത്തെ ഇസ്ലാമിക്കാർ നടത്തി കൊണ്ടിരിക്കുന്നതെന്ന കാര്യം ഈ പ്രമുഖർക്കും അറിയാമല്ലോയെന്നാണ് ശാസ്ത്രസാഹിത്യ പരിഷത്തുകാരും മറ്റ് പ്രമുഖരും ഒപ്പിട്ട കത്ത് ചൂണ്ടിക്കാണിച്ചുകൊണ്ട് കെടി കുഞ്ഞിക്കണ്ണന്‍ ചോദിക്കുന്നത്. പരിഷത്തിന് താത്വികമായി ഹൈസ്പീഡ് റെയിലിനോട് ഒരെതിർപ്പുമുണ്ടായിരുന്നില്ലല്ലോയെന്നും അദ്ദേഹം ചോദിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

സിൽവർ ലൈൻ എന്ന് വിശേഷിപ്പിക്കുന്ന കെ റെയിലിനെതിരെ ശാസ്ത്രസാഹിത്യ പരിഷത്തുകാരും ഏറെ ആദരണീയരുമായ പ്രമുഖർ ഒപ്പുവെച്ച അഭ്യർത്ഥന കണ്ടു.. സംശയങ്ങളും ആശങ്കകളും ദൂരീകരിക്കപ്പെടണമെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല.കെ റെയിൽ പദ്ധതിയുടെ ഡി പി ആറും അതനുസരിച്ചുള്ള അലൈമെൻ്റ് അടയാളപ്പെടുത്തലും അതിൻ്റെ ഭാഗമായ പരിസ്ഥിതിക ആഘാതപത്രികയും സാമൂഹ്യ ആഘാതപഠനവും അടിസ്ഥാനമാക്കിയായിരിക്കും സ്ഥലമെടുപ്പും പദ്ധതി നിർവഹണ പ്രവർത്തനങ്ങളുമെന്ന് സർക്കാർ തന്നെ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്.
രമ്യയെ ചേർത്ത് നിർത്തി മഞ്ജു വാര്യർ മുതല്‍ ആന്റണി പെരുമ്പാവൂർ വരെ: വൈറല്‍ ചിത്രങ്ങള്‍

2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമനുസരിച്ച് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തി കൊണ്ടേ ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനവും നടപടി ക്രമങ്ങളും തുടങ്ങുകയുള്ളൂവെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ടു്. അങ്ങനെയേ നിയമനുവദിക്കുന്നുള്ളൂ. ഈ വസ്തുകളെ യെല്ലാം
അജ്ഞതയിൽ നിർത്തി നുണപ്രചരണങ്ങളും അടയാളക്കല്ലുകൾ പറിച്ചെറിയുമെന്നൊക്കെയുള്ള കലാപ ഭീഷണിയുമാണ് യു ഡി എഫു ബിജെപി ജമാഅത്തെ ഇസ്ലാമിക്കാർ നടത്തി കൊണ്ടിരിക്കുന്നതെന്ന കാര്യം ഈ പ്രമുഖർക്കും അറിയാമല്ലോ.

വായ്പാ ബാധ്യതകളെ കുറിച്ചുള്ള ആശങ്ക പ്രകടിപ്പിക്കുന്ന പ്രമുഖർ ഇന്ന് ലോകത്തെയെ വിടെയെങ്കിലും അടിസ്ഥാന സൗകര്യ രംഗത്ത് വിദേശ- സ്വദേശ ധനകാര്യ ഏജൻസികളിൽ നിന്ന് കടമെടുക്കാതെ നിക്ഷേപം നടക്കുന്നുണ്ടോയെന്ന് പറയാൻ ബാധ്യതപ്പെട്ടവരാണല്ലോ. കോവിഡ് സാഹചര്യത്തിലെ മുൻഗണന കെ റെയിലാണോയെന്ന ചോദ്യം ഉയർത്തുന്ന ആദരണീയരായ പ്രമുഖർ കേരളത്തിൽ ജനങ്ങളുടെ ഏതെങ്കിലും അടിസ്ഥാന ആവശ്യങ്ങളെ സർക്കാർ അവഗണിച്ചതായി പറയാനും ബാധ്യതപ്പെട്ടവരാണല്ലോ.
നീട്ടുന്നില്ല, പരിഷത്തിന് താത്വികമായി ഹൈസ്പീഡ് റെയിലിനോട് ഒരെതിർപ്പുമുണ്ടായിരുന്നില്ലല്ലോ. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന കുറിപ്പു് ഇവിടെ കൊടുക്കുന്നു;

ശാസ്ത്രസാഹിത്യ പരിഷത്ത് 1989-ലെ സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി പ്രസിദ്ധീകരിച്ച സുവനീർ പുസ്തകമാണു് 'എട്ടാം പഞ്ചവൽസര പദ്ധതി- ചർച്ചയ്ക്കൊരാമുഖം'. കേരളത്തിലെ ഗതാഗതപ്രശ്നത്തിനു ശാശ്വത പരിഹാരമായി വെച്ച നിർദ്ദേശങ്ങളിൽ ഒന്നാണു് ഇത്തരം റെയിൽ പാത. പിന്നീടു് എക്സ്പ്രസ് ഹൈവേയ്ക്കെതിരായി നടത്തിയ ക്യാമ്പൈന്റെ ഭാഗമായും ഇതു് ബദൽ നിർദ്ദേശമായി വെച്ചിരുന്നു. 'വേണം മറ്റൊരു കേരളം' പരിഷത് ഏറ്റെടുത്ത അതിബ്രഹത്തായ ക്യാമ്പയിനാണു്. അതിന്റെ ഭാഗമായി തിരുവനന്തപുരത്തു യൂണിവേഴ്സിറ്റി കോളജിൽ നടന്ന സെമിനാറിലും കേരളത്തിലെ ഗതാഗതപ്രശ്നത്തിനു ശാശ്വത പരിഹാരമായി വെച്ച നിർദ്ദേശങ്ങളിൽ ഒന്നു് ഇത്തരം ഒരു റെയിൽ പാതയായിരുന്നു.

1) കേരളത്തിനു സ്വന്തം റെയിൽ എന്ന ലക്ഷ്യത്തിലാണു് കെ-റെയിൽ വിഭാവനം ചെയ്തതു്. എന്നാലും ഇന്ത്യയിൽ നിലവിലുള്ള നിയമവ്യവസ്ഥ പ്രകാരം സംസ്ഥാനത്തിനു സ്വന്തമായി റെയിൽവേ തുടങ്ങാൻ കേന്ദ്രത്തിന്റെ അനുമതി വേണം. ഇടതുമുന്നണി ഭരിക്കുമ്പോൾ മാത്രമല്ല കേന്ദ്രവും സംസ്ഥാനവും കോൺഗ്രസ് ഭരിച്ചിരുന്നപ്പോഴും റെയിൽവികസനകാര്യത്തിൽ കേരളത്തിനു് അവഗണന മാത്രമായിരുന്നു. അതിനു പരിഹാരമാണു് കെ-റെയിൽ. അതിനും കേന്ദ്രത്തിന്റെ അനുമതി വേണം.
2) ഇന്ത്യൻ റെയിൽവേ പ്രവർത്തിപ്പിച്ചുവരുന്ന തരത്തിലുള്ള റെയിൽവേ നടത്താൻ സംസ്ഥാനത്തിനു അനുമതി തരില്ല. അതു കൊണ്ടാണു് പല സംസ്ഥാനങ്ങളും ഹൈസ്പീഡ്, സെമിഹൈസ്പീഡ്, ബുള്ളറ്റ് ട്രെയിനുകൾക്കു് ശ്രമിച്ചുവരുന്നതു്. കേരളത്തിൽ യുഡിഎഫ് സർക്കാർ ഹൈസ്പീഡ് പരിഗണിച്ചു. പ്രായോഗികമല്ലെന്നു പറഞ്ഞു് അവർ ഉപേക്ഷിക്കുകയും ചെയ്തു.

3) എന്തുകൊണ്ടു് ഹൈസ്പീഡ് പ്രായോഗികമല്ല? ഉത്തരം ഇതാണു്. കാസർകോഡു മുതൽ തിരിവനന്തപുര൮ വരെ 3 സ്റ്റേഷനുകൾ മാത്രമാണു് ഹൈസ്പീഡിനു സാദ്ധ്യമാകുക. 350 കി.മി. വേഗത കൈവരിക്കാൻ സ്റ്റേഷനുകൾ തമ്മിൽ അത്രയും ദൂരം വേണമെന്നു പഠനം കാണിക്കുന്നു. അക്കാരണത്താലാണു് സിൽവർലൈൻ സെമിഹൈസ്പീഡ് ആയത്
4) ഹൈസ്പീഡിനേക്കാൾ ചെലവു കുറവാണ് സെമിഹൈസ്പീഡിന്.
5) യു.ഡി.എഫ് കാലത്തു് സർക്കാർ നടപ്പാക്കാൻ തുടക്കമിട്ട എക്സ്പ്രസ് ഹൈവേയ്ക്കെതിരായി പരിഷത് ക്യാമ്പൈൻ ചെയ്തു. അന്നു വെച്ച ബദൽ നിർദ്ദേശം ആയിരുന്നു കേരളത്തിൽ തെക്കുവടക്കു് ഇന്നത്തേതിനു സമാന്തരമായി മറ്റൊരു റെയിൽ പാത എന്നത്. കാരണം, അതിവേഗമുള്ള വാഹനങ്ങൾക്കു മാത്രമേ എക്സ്പ്രസ് ഹൈവേയിൽ പ്രവേശിക്കാനാകൂ. അക്കാരണത്താൽ കേരളത്തിലെ റോഡുകളിൽ തിരക്കു കുറയുന്നില്ല.

6) എക്സ്പ്രസ് ഹൈവേ തുടങ്ങി വലിയ അനേകം റോഡുകൾക്കു് കേരളപരിസ്ഥിതി അനുകൂലമല്ല. അവയ്ക്കായി അവശേഷിച്ചിട്ടുള്ള കൃഷിഭൂമി കൂടി നശിപ്പിക്കേണ്ടി വരും. മാത്രമല്ല, ചെറുകിട വാഹനങ്ങൾ കൂടുകയേ ഉള്ളു. അതു കൂടുതൽ കാർബൺ ബഹിർഗ്ഗമനത്തിനേ കാരണമാകൂ. ഇവയ്ക്കൊക്കെ പരിഹാരമാണു് സെമി ഹൈസ്പീഡ് റെയിൽ.
7. എക്സ്പ്രസ് ഹൈവേ ആറുവരി പാതയായി നിർമ്മിക്കുന്നതുിനു് 60 മുതൽ 100 മീറ്റർ വരെ വീതിയിൽ ഭൂമി ഏറ്റെടുക്കേണ്ടി വരും. സിൽവർ ലൈൻ പദ്ധതിക്കു് 20 മുതൽ 30 മീറ്റർ വരെ ഭൂമി മാത്രമാണു് വേണ്ടി വരുക.

8. ബ്രോഡ് ഗേജിനു വേണ്ടി വരുന്നതിലും കുറച്ചു ഭൂമി മതി സ്റ്റാന്റാർഡ് ഗേജിനു്. തന്നെയുമല്ല, ഹൈസ്പീഡ് സെമി ഹൈസ്പീഡ് റെയിൽവേ ലോകത്തു് എവിടെയും അപൂർവമായി മാത്രമേ ബ്രോഡ്ഗേജിലുള്ളു. കാരണം അതിനു് ഇന്ധനം കൂടുതൽ വേണ്ടിവരുന്നു.
9. കുടിയൊഴിപ്പിക്കൽ വേണ്ടിവരുന്നു എന്നതാണു് മറ്റൊരു വിമർശനം. അക്കാരണത്താൽ കേരളത്തിൽ ഇനിയൊരു പദ്ധതിയും വേണ്ട എന്നു തീരുമാനിക്കാനാവുമോ? പരമാവധി നഷ്ടപരിഹാരം നല്കിക്കൊണ്ടു് ആരും തെരുവിൽ എറിയപ്പെടുന്നില്ല എന്നു് ഉറപ്പാക്കിയാൽ പോരേ?
10. സിൽവർലൈൻ പൂർണ്ണമായും സൌരോർജ്ജത്തിലാണു് പ്രവർത്തിക്കുക എന്നു പറയപ്പെടുന്നു. അങ്ങനെയെങ്കിൽ കാർബൺ എമിഷനു കാരണമാകുന്നില്ല.












Click it and Unblock the Notifications