ബിജെപിക്ക് ആറ് മണ്ഡലങ്ങള്‍ സാധ്യതയുണ്ടെന്ന് എ വിജയരാഘവന്‍; പക്ഷേ... യുഡിഎഫ് വോട്ട് കുറയും
തൃശൂര്‍: എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിക്കുമെന്ന പ്രതീക്ഷ പങ്കുവച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. കേരള കോണ്‍ഗ്രസ് എം, എല്‍ജെഡി എന്നിവ ഇടതുപക്ഷത്തിനൊപ്പം എത്തിയതിന്റെ നേട്ടം തിരഞ്ഞെടുപ്പില്‍ പ്രകടമാകുമെന്ന് പറഞ്ഞ അദ്ദേഹം 90 സീറ്റിന് മുകളില്‍ ലഭിക്കുമെന്നും അവകാശപ്പെട്ടു. ബിജെപിക്കും യുഡിഎഫിനും ഇത്തവണ വോട്ട് ശതമാനം കുറയുമെന്നും ബിജെപിക്ക് ഒരു സീറ്റില്‍ പോലും ജയിക്കാനാകില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.
ഭരണം തിരിച്ചുപിടിക്കുമെന്നു യുഡിഎഫ് നേതാക്കളും 35 സീറ്റ് ലഭിച്ചാല്‍ കേരളത്തില്‍ അധികാരം പിടിക്കുമെന്ന് ബിജെപിയും പറയുന്ന വേളയിലാണ് വിജയരാഘവന്റെ പ്രതികരണം. എന്തുകൊണ്ടാണ് ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടാതിരിക്കാന്‍ കാരണം എന്നും വിജയരാഘവന്‍ പറയുന്നു...

ഒരു സീറ്റില്‍ പോലും ജയിക്കില്ല
കേരളത്തില്‍ ഇത്തവണ ബിജെപി ഒട്ടേറെ മണ്ഡലങ്ങളില്‍ വളരെ പ്രതീക്ഷയിലാണ്. തിരുവനന്തപുരത്തെ നേമം മണ്ഡലത്തിലും കാസര്‍കോട്ടെ മഞ്വേശ്വരത്തുമാണ് വലിയ പ്രതീക്ഷ. എന്നാല്‍ ഇത്തവണ ബിജെപിക്ക് കേരളത്തില്‍ ഒരു സീറ്റില്‍ പോലും ജയിക്കാന്‍ സാധിക്കില്ല എന്ന് വിജയരാഘവന്‍ പറയുന്നു.

ആറ് സീറ്റുകളില്‍ സാധ്യത
ബിജെപിക്ക് ആറ് സീറ്റുകളില്‍ വരെ സാധ്യതയുണ്ട് എന്ന് വിജയരാഘവന്‍ സമ്മതിക്കുന്നു. എന്നാല്‍ ഒരു സീറ്റില്‍ പോലും ജയിക്കില്ല. ബിജെപിയുടെ വോട്ട് ഷെയര്‍ കുറയും. ബിജെപി ജയിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളില്‍ പ്രത്യേക പരിശ്രമം തങ്ങള്‍ നടത്തിയിട്ടുണ്ട് എന്നും വിജയരാഘവന്‍ മനോരമയോട് പറഞ്ഞു.

രണ്ട് പാര്‍ട്ടികള്‍
രണ്ട് പാര്‍ട്ടികള്‍ യുഡിഎഫില്‍ നിന്ന് ഇടതുപക്ഷത്തെത്തി. കേരള കോണ്‍ഗ്രസും എല്‍ജെഡിയും. അതിന്റെ നേട്ടം ഇത്തവണ എല്‍ഡിഎഫിന് കിട്ടും. ഈ രണ്ടു പാര്‍ട്ടികളും യുഡിഎഫിലായിരുന്നപ്പോഴാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മികച്ച വിജയം നേടിയത് എന്നതും വിജയരാഘവന്‍ എടുത്തുപറഞ്ഞു.

90 സീറ്റിന് മുകളില്‍
2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം, കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം എന്നിവയെല്ലാം ഇടതുപക്ഷത്തിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ്. 90 സീറ്റിന് മുകളില്‍ ലഭിക്കും. ബിജെപി ഭരണം പിടിക്കുമെന്നത് അസാധ്യമായ കാര്യമാണ്. ആലപ്പുഴയിലും കൊല്ലത്തും കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലം ഇത്തവണയും ആവര്‍ത്തിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.

യുഡിഎഫിന്റെ പ്രതീക്ഷ
യുഡിഎഫ് നേതാക്കളും ഇത്തവണ വലിയ പ്രതീക്ഷയിലാണ്. 80ലധികം സീറ്റുകള്‍ നേടി യുഡിഎഫ് അധികാരം തിരിച്ചുപിടിക്കുമെന്നാണ് ഷിബു ബേബി ജോണ്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയനെതിരായ വികാരം നിലനില്‍ക്കുന്നുവെന്നും അത് യുഡിഎഫിന് നേട്ടമായി എന്നുമാണ് ഷിബു ബേബി ജോണിന്റെ വിലയിരുത്തല്‍.

മൂന്ന് ഘടകങ്ങള്‍
ശബരിമല വിഷയം, കോണ്‍ഗ്രസ് നശിക്കുമോ എന്ന മുസ്ലിം സമുദായത്തിന്റെ ആശങ്ക, യഥാര്‍ഥ കമ്യൂണിസ്റ്റുകള്‍ക്ക് സിപിഎം നയങ്ങളോടുള്ള എതിര്‍പ്പ്... ഇതെല്ലാം ഇത്തവണ യുഡിഎഫിന് അനുകൂല തരംഗമുണ്ടാക്കും. പിണറായി വിരുദ്ധ വോട്ടുകള്‍ ചിതറാതെ യുഡിഎഫിന് കിട്ടിയെന്നും ഷിബു ബേബി ജോണ്‍ പറയുന്നു.
Recommended Video

രണ്ടാംസ്ഥാനത്തെത്തിയ മണ്ഡലങ്ങള്‍
ബിജെപിയും ഇത്തണവ വളരെ പ്രതീക്ഷയിലാണ്. നേമം മാത്രമാണ് 2016ല്‍ ബിജെപിക്ക് കിട്ടിയത്. പലയിടത്തും രണ്ടാംസ്ഥാനത്തെത്തിയിരുന്നു. ആ മണ്ഡലങ്ങളില്‍ ഇത്തവണ വിജയസാധ്യതയുണ്ട് എന്നാണ് ബിജെപി വിലയിരുത്തല്‍. 35 സീറ്റുകള്‍ ലഭിച്ചാല്‍ കേരളത്തില്‍ അധികാരം പിടിക്കാന്‍ സാധിക്കുമെന്നും ബിജെപി നേതാക്കള്‍ ആവര്‍ത്തിക്കുന്നു.












Click it and Unblock the Notifications