മന്ത്രിമാരില്‍ പിടിമുറുക്കാന്‍ സിപിഎം; ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മുന്‍കൂര്‍ അനുമതി വേണം, അടിമുടി മാറ്റങ്ങള്‍
തിരുവനന്തപുരം: മന്ത്രിമാരുടെ ഓഫീസുകളില്‍ പാര്‍ട്ടി നിയന്ത്രണം ശക്തമാക്കാനൊരുങ്ങി സിപിഎം. ഇതിന്റെ ഭാഗമായി പ്രൈവറ്റ് സെക്രട്ടറിമാരായി പാര്‍ട്ടി നോമിനിമാരെ നിയമിക്കും. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ എത്തുന്നവരുടെ പ്രായപരിധി പരമാവധി 51 ആക്കാനും തീരുമാനമായി. പരമാവധി 25 പേരെയാണ് പേഴ്‌സണല്‍ സ്റ്റാഫായി നിയമിക്കാന്‍ സാധിക്കുക. പകുതി പാര്‍ട്ടി നോമിനികളും ബാക്കി സര്‍വീസില്‍ ഉള്ളവരുമായിരിക്കും. നിലവിലെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗങ്ങളില്‍ അനിവാര്യനമായവരെ മാത്രം തുടരാന്‍ അനുവദിക്കും.

അതേസമയം, പാര്‍ട്ടി അസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പ്രൈവറ്റ് സെക്രട്ടറിയായി എകെജി സെന്ററിലെ ഓഫീസ് സെക്രട്ടറിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ കെ സജീവനെ നിയമിക്കാന്‍ തീരുമാനിച്ചു.
കാസര്‍കോട് ജില്ല സെക്രട്ടറിയേറ്റ് അംഗം ഡോ വിവിപി മുസ്തഫയെ മന്ത്രി എംവി ഗോവിന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയായി പരിഗണിക്കുന്നുണ്ട്. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട് നിലവിലുള്ള നിര്‍ദ്ദേശങ്ങള്‍ തുടരുന്നതായിരിക്കും. ഓഫീസില്‍ എത്തുന്നവരോട് ജാഗ്രതയോടെ പെരുമാറാന്‍ മന്ത്രിമാര്‍ക്കും പേഴ്‌സണല്‍ സ്റ്റാഫിനും നിര്‍ദ്ദേശം നല്‍കുന്നതായിരിക്കും.
ഓഫീസുകളില്‍ എത്തുന്ന സ്ഥിരം സന്ദര്‍ശകരെ ശ്രദ്ധിക്കും. ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് മുമ്പ് പാര്‍ട്ടിയുടെയും പൊലീസിന്റെയും അനുവാദം മന്ത്രിമാര്‍ ഉറപ്പാക്കണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പാര്‍ട്ടി അടിമുടി മാറാന്‍ തീരുമാനിച്ചിരിക്കുന്നത്. ഭരണത്തുടര്‍ച്ച ആയതിനാല്‍ മൂന്ന് വര്‍ഷം കാലാവധി പൂര്‍ത്തിയാക്കാനുള്ളവര്‍ കാലാവധി തീരുന്നത് വരെ തുടരുന്നതായിരിക്കും.












Click it and Unblock the Notifications