കോണ്‍ഗ്രസ് ഇന്ദ്രന്‍സിന്റെ വലുപ്പത്തിലെത്തിയെന്ന് മന്ത്രി വാസവന്‍; ബോഡി ഷെയ്മിങ്ങെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: നിയമസഭയില്‍ നടന്‍ ഇന്ദ്രന്‍സിനെ പരിഹസിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ സാംസ്‌കാരിക മന്ത്രി വി എന്‍ വാസവനെതിരെ വിമര്‍ശനം. അമിതാഭ് ബച്ചനെ പോലെയിരുന്ന കോണ്‍ഗ്രസ് ഇന്ദ്രന്‍സിനെ പോലെയായി എന്നായിരുന്ന പരാമര്‍ശം. വിമര്‍ശനം ഉയര്‍ന്നതോടെ പരാമര്‍ശം സഭ രേഖകളില്‍ നിന്ന് നീക്കണമെന്ന് മന്ത്രി ഔദ്യോഗികമായി ആവശ്യപ്പെട്ടു. പരമാര്‍ശം സഭ രേഖകളില്‍ നിന്ന് നീക്കി.
കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതിന് വേണ്ടിയാണ് മന്ത്രി നടന്മാരെ ഉപയോഗിച്ച് താരതമ്യപ്പെടുത്തിയത്. സഹകരണ ബില്ലിന്റെ ചര്‍ച്ചയ്ക്കിടെയായിരുന്നു മന്ത്രി ഇക്കാര്യം പരാമര്‍ശിച്ചത്. മന്ത്രിയുടെ ഈ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി.

സഹകരണ ബില്‍ ചര്‍ച്ചയ്ക്കിടെ നടന്‍ ഇന്ദ്രന്‍സിന്റെ പേര് പറഞ്ഞ് മന്ത്രി നടത്തിയ പരാമര്‍ശം ബോഡി ഷെയ്മിങാണ്, പൊളിറ്റിക്കലി ഇന്‍കറക്റ്റുമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. സാംസ്‌കാരിക വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ ഭാഗത്ത് നിന്നും ഇത്തരമൊരു പരാമര്‍ശം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാണിച്ചു.
പാര്‍ട്ടികള്‍ ക്ഷീണിച്ച കാര്യം പറഞ്ഞാല്‍ സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തില്‍നിന്ന് നിങ്ങള്‍ക്ക് ഭരണം കൈമാറുകയായിരുന്നു. ഇപ്പോ എവിടെയെത്തി. കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ച് ഇല്ലാതായി. ഹിമാചല്‍പ്രദേശില്‍ അധികാരം കിട്ടിയപ്പോള്‍ രണ്ടു ചേരിയായി. മുഖ്യമന്ത്രിയുടെ മുന്നില്‍ മുദ്രാവാക്യം വിളിക്കുകയാണ്. ഇതാണ് നിങ്ങളുടെ ഗതികേട്. കോണ്‍ഗ്രസിന്റെ സ്ഥിതി എടുത്താല്‍ ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലുപ്പത്തിലെത്തി- എന്നായിരുന്നു മന്ത്രി പറഞ്ഞത്.












Click it and Unblock the Notifications