'കൂട്ടത്തിൽ ഒരുത്തൻ ചേതനയറ്റ് കിടക്കുമ്പോൾ, തിരുവാതിര പാട്ടിനൊപ്പം താളം പിടിക്കാൻ എങ്ങനെ സാധിക്കുന്നു'
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി പാറശാലയില്‍ സംഘടിപ്പിച്ച സമൂഹ തിരുവാതിരക്കെതിരെ വിമര്‍ശനം ശക്തമാകുന്നു. ഇടുക്കി എഞ്ചിനിയറിംഗ് കോളേജില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കുത്തേറ്റ് കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന ദിവസം തന്നെ തിരുവാതിര സംഘടിപ്പിച്ചതാണ് വിമര്‍ശനങ്ങള്‍ ഉയരുന്ന ഒരു കാരണം. കൂടാതെ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ എല്ലാം കാറ്റില്‍ പറത്തി പരിപാടി നടത്തിയെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട് രോഷം ഉയരുന്നുണ്ട്. സിപിഎം പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബിയും ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും തിരുവാതിരയുടെ കാഴ്ചക്കാരായി ഉണ്ടായിരുന്നു. പാറശ്ശാല ഏരിയ കമ്മിറ്റിയിലെ 501 സ്ത്രീകള്‍ ആണ് സമൂഹ തിരുവാതിരയില്‍ പങ്കെടുത്തത്. കാഴ്ചക്കാരായി നിരവധി പേര്‍ എത്തിയിരുന്നു.

സംഭവത്തില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ ഷാഫി പറമ്പില്‍ രംഗത്തെത്തി. ഷാഫി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ, കെപിസിസി പ്രസിഡന്റ് ശ്രീ കെ സുധാകരന്റെ പ്രതികരണത്തില്‍ ആര്‍ദ്രതയുടെ അംശം കുറഞ്ഞ് പോയെന്ന് പറഞ്ഞവരും മുന്‍പ് എന്നോ എടുത്ത ഒരു ചിത്രം ഇന്നലെ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ വി ടി ബല്‍റാമിനെയും ചര്‍ച്ചയില്‍ പങ്കെടുത്ത് വാദങ്ങള്‍ പറഞ്ഞതിന്റെ പേരില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെയുമൊക്കെ പൊളിറ്റിക്കല്‍ കറക്റ്റനസ്സ് പഠിപ്പിച്ച 'നിഷ്പക്ഷ' മാധ്യമ പ്രവര്‍ത്തകരും,

രാഹുലിനോട് ചര്‍ച്ചക്കിടയില്‍ കത്തി കൊണ്ട് വന്നിട്ടുണ്ടോ എന്ന് വരെ ചോദിച്ച് വൈകാരിക പരിസരം ഉണ്ടാക്കിയ പഴയ എസ്എഫ്ആ അവതാരാകനോ, ഇടത് സാംസ്‌ക്കാരിക സിംഹങ്ങളോ കണ്ടില്ലെന്ന് നടിച്ച 'മെഗാ തിരുവാതിരക്കളി' പോളിറ്റ് ബ്യുറോ മെമ്പറുടെ സാന്നിധ്യത്തില്‍ ഇന്നലെ തിരുവനന്തപുരത്ത് നടന്നത് ധീരജിന്റെ വിലാപയാത്രയും അന്ത്യകര്‍മ്മങ്ങളും നടക്കുന്ന അതേ സമയത്തായിരുന്നു- ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇതുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ് ഇങ്ങനെ, 19 വയസല്ല 91 വയസ്സായാലും ഒരാളും കൊല്ലപ്പെടുവാന്‍ പാടില്ല... സ്വാഭാവിക മരണം പോലും ഉണ്ടാക്കുന്ന വേദനയുടെ ആഴം നമുക്ക് എല്ലാവര്‍ക്കും അറിയാം, അപ്പോള്‍ പിന്നെ ഒരു കൊലപാതകം ഉണ്ടാക്കുന്ന ആഘാതം എത്ര വലുതായിരിക്കും. ധീരജ് എന്ന ചെറുപ്പക്കാരന്റെ മരണം എല്ലാവര്‍ക്കും വലിയ വേദനയാണ് ഉണ്ടാക്കിയത്.

ഒരിക്കലും സംഭവിക്കുവാന്‍ പാടില്ലാത്ത മരണം. ആ കൊലപാതകത്തിന്റെ പേരില്‍ സിപിഎമ്മും അവരോട് ആഭിമുഖ്യമുണ്ടായിട്ടും നിഷ്പക്ഷതയുടെ മുഖം മൂടിയണിഞ്ഞ മാധ്യമ - സാംസ്‌കാരിക പ്രവര്‍ത്തകരും കെപിസിസി പ്രസിഡന്റ് ശ്രീ കെ സുധാകരനെ തൊട്ട് താഴോട്ട് മുഴുവന്‍ കോണ്‍ഗ്രസ്സുകാരെയും ഓഡിറ്റ് ചെയ്യുന്നുണ്ട്. ആ ഓഡിറ്റിലോ നിങ്ങളുടെ പൊളിട്ടിക്കല്‍ കറക്ട്‌നസ് ക്ലാസ്സിലോ പങ്കെടുക്കുവാന്‍ ആരും ഒരു കോണ്‍ഗ്രസ്സുകാരനും തയ്യാറല്ല താനും.

ഇന്നലെ ഞാന്‍ പങ്കെടുത്ത ഒരു ചര്‍ച്ചയില്‍ 'മൂന്ന് സെന്റീമീറ്റര്‍ ഉള്ള ഒരു മുറിവാണ് മരണകാരണം ' എന്ന പോസറ്റ് മാര്‍ട്ടം റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച്, സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന എസ്എഫ്‌ഐ നേതാക്കാള്‍ തന്നെ പറഞ്ഞ ' പോലീസുകാര്‍ അവരുടെ വണ്ടിയില്‍ ഞങ്ങള്‍ പറഞ്ഞിട്ടും ആശുപത്രിയില്‍ കൊണ്ടു പോകുവാന്‍ തയ്യാറായില്ലാ ' എന്ന പോലീസ് അനാസ്ഥ ഉയര്‍ത്തിക്കാണിക്കുവാന്‍ ശ്രമിച്ചപ്പോള്‍ അവതാരകന്റെ ഇടപെടല്‍ കാരണം പൂര്‍ത്തികരിക്കുവാന്‍ സാധിച്ചില്ല.

ഒരു കാരണവശാലും കൊലപാതകത്തിന്റെ ഗുരുതരാവസ്ഥ ലഘൂകരിക്കുവാന്‍ പറഞ്ഞ വാചകമല്ല, മറിച്ച് ആ ചെറുപ്പക്കാരന്‍ നമ്മുടെ ഇടയില്‍ തന്നെ ജീവിക്കുവാനുള്ള ആഗ്രഹം കൊണ്ട് പറഞ്ഞതാണ്. അങ്ങനെ പൂര്‍ത്തീകരിക്കുവാന്‍ കഴിയാതെ പോയ ഒരു വാചകത്തിന്റെ പേരില്‍ പോലും ആ കുട്ടിയുടെ പ്രിയപ്പെട്ടവര്‍ക്കൊരു നൊമ്പരം നല്കാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല. എന്നിട്ടും ആ വാചകത്തിനെ പിടിച്ച് ധാര്‍മ്മികത പഠിപ്പിക്കുന്ന ധാരാളം ആളുകളെ കണ്ടു.

അവരോട് എല്ലാവരരോടുമായി ചോദിക്കാനുള്ളത്, സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന മെഗാതിരുവാതിര നിങ്ങള്‍ കണ്ടോ? നിങ്ങളുടെ കൊടി പിടിച്ച ഒരു ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ട് , അവന്റെ ശരീരത്തിന്റെ ചൂടാറും മുന്‍പ്, അവന്റെ അമ്മയുടെ ഹൃദയം നുറുങ്ങിയ കരച്ചിലിന്റെ ശബ്ദം കാതില്‍ നിന്നും പോകുന്നതിനു മുന്‍പ് എങ്ങനെയാണ് നിങ്ങള്‍ക്ക് കൈ കൊട്ടി പാട്ടു പാടി തിരുവാതിര കളിക്കാനും, ആ തിരുവാതിര പാട്ടിനൊപ്പം താളം പിടിക്കാനും സാധിക്കുന്നത് ?

എന്ത് വിലയാണ് നിങ്ങള്‍ ഒരു രക്തസാക്ഷിക്ക് നല്കുന്നത്? കൂട്ടത്തില്‍ ഒരുത്തന്‍ ചേതനയറ്റ് കിടക്കുമ്പോള്‍ , ഈ പരിപാടി നടത്തരുത് എന്ന് പറയുവാന്‍ ഒരല്പ്പമെങ്കിലും മനസ്സലിവുള്ള ഒരാള്‍ പോലും ആ പാര്‍ട്ടിയിലില്ലെ? കോണ്‍ഗ്രസ്സിനെ പഠിപ്പിക്കുന്ന ഒരു 'നിഷ്പക്ഷനെങ്കിലും ' ഒരു ചോദ്യചിഹ്നമോ കോമയോ കൊണ്ടെങ്കിലും പ്രതികരിക്കുവാനുള്ള ആര്‍ജ്ജവം ഉണ്ടോ? ഇല്ലായെന്നറിയാം, അതിനാല്‍ നിങ്ങളും തിരുവാതിരയ്ക്ക് താളം പിടിക്കുക .....പ്രിയ ധീരജ് , നിന്റെ പ്രസ്ഥാനം പോലും നിന്നോട് ചെയ്യുന്ന ക്രൂരതയ്ക്ക് മാപ്പ്....












Click it and Unblock the Notifications