കുസാറ്റ് ദുരന്തം: നിഖിത ഗാന്ധിയുടെ ഗാനമേള, മഴ പെയ്തതോടെ ഇരച്ച് കയറി ജനം, ദുരന്തം വന്നത് ഇങ്ങനെ
കൊച്ചി: കുസാറ്റില്‍ ദുരന്തമുണ്ടായത് ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള നടക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ്. ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെയാണ് ദുരന്തമുണ്ടായത്. എന്നാല്‍ അപ്രതീക്ഷിതമായി മഴ പെയ്തതോടെ എല്ലാവരും ഓഡിറ്റോറിയത്തിന് ഉള്ളിലേക്ക് തള്ളിക്കയറുകയായിരുന്നു. ഇവിടെയുള്ള വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, പുറത്തുനിന്നുള്ളവരും പരിപാടി കാണാനായി എത്തിയിരുന്നു.
ഇത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചിരിക്കുകയാണ്. 61 പേര്‍ക്കാണ് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ട്. സാധാരണ പുറത്തുനിന്നുള്ളവരും സംഗീത പരിപാടി കാണാന്‍ ഇവിടെ വരാറുണ്ടെന്ന് കുസാറ്റ് വിസി പറയുന്നു. ക്യാമ്പസിന് പുറത്തുനിന്നുള്ളവര്‍ ഇവിടെയെത്താന്‍ കാരണവും അത് തന്നെയാണ്. നിഖിത ഗാന്ധിയുടെ ഗാനമേളയ്ക്കായി ഓപ്പണ്‍ സ്റ്റേജായിരുന്നു ഒരുക്കിയിരുന്നത്. അവിടേക്കാണ് ജനം ഇരച്ച് കയറിയത്.

വൈകീട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മഴ പെയ്തതോടെ പുറത്തുനിന്നുള്ളവര്‍ അടക്കം നിരവധി ആളുകള്‍ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറുകയായിരുന്നു. ഇതിനിടെ തിക്കിലും തിരക്കിലും പെട്ട് പടിക്കെട്ടില്‍ വീണ വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് മറ്റുള്ളവരും വീഴുകയായിരുന്നു.
കൂടുതല്‍ ആളുകള്‍ കയറിയതോടെ ഗേറ്റിനടുത്ത് നിന്നവര്‍ പടിക്കെട്ടിലേക്ക് വീഴുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അതേസമയം ടെക് ഫെസ്റ്റ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് നടത്തിയതാണെന്ന് കുസാറ്റ് വിസി വ്യക്തമാക്കി. മൂവായിരം പേരെ ഉള്‍ക്കൊള്ളാവുന്ന സ്റ്റേഡിയമാണിതെന്നും അദ്ദേഹം പറഞ്ഞു. 2500 വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്.ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലേക്ക് ഗേറ്റ് തുറന്നതിന് പിന്നാലെയാണ് ജനങ്ങള്‍ ഒന്നാകെ ഓടിക്കയറിയത്.
ഗേറ്റ് കടന്ന ശേഷമാണ് താഴേക്കുള്ള പടികളില്‍ വിദ്യാര്‍ത്ഥികള്‍ വീണത്. പിന്നാലെ വന്നവരെല്ലാം ഇവര്‍ക്ക് മേലേക്ക് വീണതും, കൂടുതല്‍ ആളുകള്‍ തള്ളിക്കയറിയതും ദുരന്തത്തിന്റെ വ്യാപ്തി കൂടാന്‍ കാരണമായി. കുസാറ്റിലെ സ്‌കൂള്‍ ഓഫ് എഞ്ചീനീയറിംഗിന്റെ നേതൃത്വത്തിലാണ് വര്‍ഷാവര്‍ഷം ഇവിടെ ടെക് ഫെസ്റ്റായ ധിഷ്ണ നടക്കാറുള്ളത്. നവംബര്‍ 24, 25, 26 തിയതികളാലിയിരുന്നു പരിപാടി നിശ്ചയിച്ചത്.
എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളാണ് ആദ്യം ഓഡിറ്റോറിയത്തിനകത്തേക്ക് കയറി. പരിപാടിക്കായി മറ്റ് ഡിപ്പാര്‍ട്‌മെന്റുകളിലെ വിദ്യാര്‍ത്ഥികള്‍ കയറാന്‍ വന്ന സമയത്ത് ഗേറ്റിനടുത്ത് വന്‍ തിരക്കുണ്ടായിരുന്നു. ഈ സമയത്താണ് മഴയും പെയ്തത്. അതേസമയം ഓഡിറ്റോറിയത്തിലേക്ക് കടക്കാന്‍ ഒരു വഴി മാത്രമേ ഉണ്ടായിരുന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പാസ് അനുവദിച്ചിരുന്നു.
എന്നാല്‍ മഴ പെയ്തതോടെ പാസ് ഇല്ലാത്തവര്‍ ഉള്‍പ്പെടെ ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറിയെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. അപകടസ്ഥലം ഇപ്പോള്‍ പോലീസ് നിയന്ത്രണത്തിലാണ്. വിദ്യാര്‍ത്ഥികളെ ഇവിടെ നിന്ന് ഒഴിപ്പിച്ചിരിക്കുകയാണ്. മരിച്ച മൂന്ന് പേരും മൂന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളാണ്.
രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. സമീപത്തുള്ള കോളേജിലെ കുട്ടികളും സമീപവാസികളും പരിപാടിക്ക് എത്തിയിരുന്നു. മഴ പെയ്തതോടെ എല്ലാവരും അകത്തേക്ക് കയറാന്‍ ശ്രമിക്കുകയും എന്‍ട്രന്‍സിലെ സ്റ്റെപ്പില്‍ നിന്ന് കുട്ടികള്‍ മറിഞ്ഞ് വീഴുകയും ചെയ്തുവെന്നാണ് ലഭിച്ച വിവരമെന്ന് വൈസ് ചാന്‍സലര്‍ പിജി ശങ്കരന്‍ പറഞ്ഞു.












Click it and Unblock the Notifications