കുസാറ്റ് ദുരന്തം: നാല് പേരുടെ നില ഗുരുതരമെന്ന് ആരോഗ്യമന്ത്രി, പി രാജീവും ആർ ബിന്ദുവും കളമശ്ശേരിയിലേക്ക്
കൊച്ചി: കുസാറ്റ് ദുരന്തത്തില്‍ പരിക്കേറ്റ നാല് പേരുടെ സ്ഥിതി ഗുരുതരമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നാല് പേരെ ആശുപത്രിയില്‍ എത്തിച്ചത് മരിച്ച നിലയില്‍ ആയിരുന്നുവെന്നും മന്ത്രി പറഞ്ഞു. രണ്ട് ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് മരണപ്പെട്ടത്. നാല് പേരുടെ നില ഗുരുതരമാണ്. രണ്ട് പേര്‍ സ്വകാര്യ ആശുപത്രിയിലും രണ്ട് പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്. 18 പേരോളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് എന്നും ആരോഗ്യമന്ത്രി പറഞ്ഞു.
സംഭവം അറിഞ്ഞ ഉടന്‍ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ അറിയിപ്പ് കൊടുത്തിരുന്നു. മറ്റെല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി നിര്‍ദേശിച്ചത് പ്രകാരം രണ്ട് മന്ത്രിമാര്‍ നവകേരള യാത്ര റദ്ദാക്കി കളമശ്ശേരിയിലേക്ക് തിരിച്ചിട്ടുണ്ട്. മന്ത്രിമാരായ പി രാജീവും ആര്‍ ബിന്ദുവും ആണ് സംഭവ സ്ഥലത്ത് എത്തുക എന്നും മന്ത്രി പറഞ്ഞു. വലിയ ആള്‍ത്തിരക്കാണ് പരിപാടിയില്‍ ഉണ്ടായത് എന്നാണ് മനസ്സിലാക്കുന്നത് എന്നും ഫുള്‍ ടീം ഇവിടെ സജ്ജമാണ് എന്നും ജില്ലാ കളക്ടർ എന്‍എസ്‌കെ ഉമേഷ് പറഞ്ഞു.

ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്: കളമശ്ശേരി മെഡിക്കൽ കോളജിൽ എത്തിയവർ: 46 . 4 മരണം (2പെൺകുട്ടികൾ, 2 ആൺകുട്ടികൾ). 2പേർ ഐ സി യുവിൽ (പെൺകുട്ടികൾ), 2പേർ ആസ്റ്റ്റർ ആശുപത്രിയിലേക്ക് മാറ്റി. രണ്ടും പെൺകുട്ടികൾ (ഗുരുതര പരിക്കുകൾ, ക്രിട്ടിക്കൽ) 15 പേർ നിസ്സാരപരിക്കുകളോടെ വാർഡിൽ അഡ്മിറ്റ്. 15 കുട്ടികൾ കിൻഡർ ആശുപത്രിയിൽ ചികിത്സയിൽ. ഒരു കുട്ടിക്ക് CT scan ചെയ്തിട്ട് ഫലം കാത്തിരിക്കുന്നു.. 2പേര് കിൻഡറിൽ നിന്ന് ഡിസ്ചാർജ് ആയി . ഒരു കുട്ടി സൺറൈസ് ആശുപത്രിയിൽ. പരിക്ക് ഗുരുതരമല്ല.
വളരെ ദൗര്‍ഭാഗ്യകരമായ സംഭവം ആണ് കുസാറ്റില്‍ നടന്നത് എന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ട എല്ലാവര്‍ക്കും വളരെ വേഗത്തില്‍ ഉന്നത ചികിത്സ നല്‍കാനുളള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കുസാറ്റ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ നാളെ നവകേരള സദസ്സില്‍ നടത്താനിരുന്ന കലാപരിപാടികള്‍ അടക്കമുളള ആഘോഷപരിപാടികള്‍ ഒഴിവാക്കിയിട്ടുണ്ട്. മന്ത്രിസഭ ചേര്‍ന്ന് ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി.












Click it and Unblock the Notifications