കുസാറ്റ് ദുരന്തം: മരിച്ച 4 പേരെയും തിരിച്ചറിഞ്ഞു, 3 വിദ്യാർത്ഥികൾ, നാല് പേരും ആശുപത്രിയിലെത്തും മുൻപേ മരിച്ചു
കൊച്ചി: കുസാറ്റിലെ ടെക് ഫെസ്റ്റിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ട നാല് പേരെയും തിരിച്ചറിഞ്ഞു. മരിച്ച നാല് പേരില്‍ മൂന്ന് പേര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളാണ്. താമരശ്ശേരി സ്വദേശിനി സാറ തോമസ്, നോര്‍ത്ത് പറവൂര്‍ സ്വദേശിനി ആന്‍ റുഫ്ത, കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി എന്നിവരാണ് മരിച്ച വിദ്യാര്‍ത്ഥി.
പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍വിന്‍ ജോസഫ് ആണ് മരണപ്പെട്ട നാലാമത്തെ ആള്‍. ആല്‍വിന്‍ സുഹൃത്തിനൊപ്പം ക്യാമ്പസ്സില്‍ സംഗീത പരിപാടി കാണാന്‍ എത്തിയതായിരുന്നു എന്നാണ് വിവരം. മരണപ്പെട്ട മറ്റ് മൂന്ന് പേര്‍ രണ്ടാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളാണ്. നാല് പേരും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു.

നാളെ രാവിലെ 7 മണിയോടെ പോസ്റ്റ്‌മോര്‍ട്ടം നടക്കും. കളമശ്ശേരി മെഡിക്കല്‍ കോളേജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും വെച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക. അപകടത്തില്‍ 51പര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റിയിരിക്കുകയാണ്.
കുസാറ്റ് ദുരന്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു. മുഖ്യമന്ത്രിയുടെ കുറിപ്പ്: 'നാടിനെയാകെ ഞെട്ടിക്കുന്ന ദുരന്തമാണ് കുസാറ്റ് സർവ്വകലാശാല ക്യാമ്പസിൽ സംഭവിച്ചിരിക്കുന്നത്. മരണപ്പെട്ട നാലു വിദ്യാർത്ഥികളുടേയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. പരിക്കേറ്റവർക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പു വരുത്താൻ നിർദ്ദേശം നൽകി.
സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദുവും എറണാകുളത്തേയ്ക്ക് യാത്ര തിരിച്ചു. മന്ത്രിമാർ യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തുകയും ദുഃഖസൂചകമായി ഞായറാഴ്ച നവകേരള സദസ്സോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളും കലാപരിപാടികളും ഒഴിവാക്കാൻ തീരുമാനമെടുക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായ പരിശോധന നടത്തും'.












Click it and Unblock the Notifications