'ആ പേര് പറയാന്‍ നിര്‍ബന്ധിച്ച് പീഡിപ്പിക്കുന്നു', പുതിയ പരാതി, വെട്ടിലായി ക്രൈംബ്രാഞ്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വധഗൂഢാലോചന കേസില്‍ പ്രതി ദിലീപിന്റെ കുരുക്ക് മുറുക്കാനുളള ശ്രമത്തിലാണ് അന്വേഷണ സംഘം. കേസില്‍ നിര്‍ണായകമായേക്കാവുന്ന തെളിവുകള്‍ ദിലീപ് മൊബൈല്‍ ഫോണില്‍ നിന്നും നശിപ്പിച്ചതായാണ് ക്രൈംബ്രാഞ്ച് ആരോപിക്കുന്നത്.
ദിലീപിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ അന്വേഷണ സംഘം കോടതിയെ സമീപിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ ക്രൈംബ്രാഞ്ചിനെ വെട്ടിലാക്കി സൈബര്‍ വിദഗ്ധന്‍ രംഗത്ത് വന്നിരിക്കുകയാണ്.

കേസില്‍ നിര്‍ണായകമായ മൊബൈല്‍ ഫോണുകള്‍ മുംബൈയിലെ ലാബില്‍ എത്തിച്ച് ഡാറ്റ നശിപ്പിച്ചതായാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരിയുടെ ഭര്‍ത്താവ് സൂരജ് എന്നിവരുടേതടക്കമുളള ഫോണുകളില്‍ നിന്ന് വാട്‌സ്ആപ്പ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്തതാണ് കണ്ടെത്തിയിരിക്കുന്നത്. 12 നമ്പറുകളിലേക്കുളള ചാറ്റുകള്‍ ദിലീപിന്റെ ഒരു ഫോണില്‍ നിന്ന് മാത്രം നീക്കം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.

തെളിവുകള്‍ നശിപ്പിച്ചതില്‍ ദിലീപിനും വക്കീലായ അഡ്വക്കേറ്റ് ബി രാമന്‍പിളളയ്ക്കും എതിരെ മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് സമ്മര്‍ദ്ദം ചെലുത്തുന്നു എന്നാരോപിച്ച് സൈബര്‍ വിദഗ്ധനായ സായ് ശങ്കര്‍ രംഗത്ത് വന്നിരിക്കുകയാണ്. കോഴിക്കോട് സ്വദേശിയാണ് സായ് ശങ്കര്‍. മൊബൈല്‍ ഫോണിലെ ഡാറ്റ നശിപ്പിക്കുന്നതില്‍ ദിലീപിന് ഇയാളുടെ സഹായം ലഭിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് സായ് ശങ്കറിനെ വിളിച്ച് വരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അതിന് പിന്നാലെയാണ് സൈബര്‍ തെളിവുകള്‍ നശിപ്പിച്ചത് ബി രാമന്‍പിളളയുടെ നിര്‍ദേശ പ്രകാരമാണ് എന്ന് പറയണം എന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് സായ് ശങ്കര്‍ രംഗത്ത് വന്നിരിക്കുന്നത്. അന്വേഷണ സംഘത്തിന് എതിരെ സായ് ശങ്കര്‍ ഹൈക്കോടതിയില്‍ പരാതി നല്‍കി.

സായ് ശങ്കറിന്റെ പരാതി പരിഗണിച്ച ഹൈക്കോടതി അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ട്. നോട്ടീസ് നല്‍കാതെ ചോദ്യം ചെയ്യുന്നതിന് വേണ്ടി ആരെയും വിളിച്ച് വരുത്തരുത് എന്ന് ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കുന്നു. സായ് ശങ്കറിനെതിരെ അന്വേഷണത്തിന് തടസ്സമില്ലെന്നും ഹൈക്കോടതി അന്വേഷണ സംഘത്തോട് വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപും മറ്റുളളവരും ഗൂഢാലോചന നടത്തി എന്നതാണ് ക്രൈംബ്രാഞ്ച്. അന്വേഷണത്തിന്റെ ഭാഗമായി ജനുവരി 29ന് ദിലീപിന്റെയും കൂട്ടുപ്രതികളുടേയും ഫോണുകള്‍ കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതിനിടെ ഫോണുകള്‍ മുംബൈയിലെ ലാബിലേക്ക് കൊണ്ടുപോയി ഡാറ്റ നീക്കം ചെയ്തു എന്നാണ് ഫോറന്‍സിക് പരിശോധനയില്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.

ഇത്തരത്തില്‍ നിര്‍ണായക ഡാറ്റ നീക്കം ചെയ്തതിന് ശേഷമാണ് ആറ് ഫോണുകള്‍ കോടതിയില്‍ സമര്‍പ്പിച്ചത് എന്നാണ് കണ്ടെത്തല്‍. മുംബൈയിലെ ലാബില്‍ എത്തി അന്വേഷണ സംഘം പരിശോധന നടത്തുകയും ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ആറ് ഫോണുകളിലേയും വിവരങ്ങള്‍ മാറ്റിയ ഹാര്‍ഡ് ഡിസ്‌കിന്റെ മിറര്‍ കോപ്പി അന്വേഷണ സംഘത്തിന് ലഭിച്ചത് കേസില്‍ നിര്‍ണായകമായിരിക്കുകയാണ്.
Recommended Video

നശിപ്പിക്കപ്പെട്ട ഡാറ്റയില്‍ ചിലത് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനകളില്‍ വീണ്ടെടുക്കാനായിട്ടുണ്ടെന്നാണ് സൂചന. ഇതോടെയാണ് ദിലീപ് തെളിവ് നശിപ്പിച്ചതായി അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചേക്കും. അതിനിടെ തുടരന്വേഷണം തടയണം എന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തളളിയിരുന്നു.












Click it and Unblock the Notifications