ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരായ വധ ഭീഷണി ഞെട്ടിപ്പിക്കുന്നത്: ഡിവൈഎഫ്ഐ
തിരുവനന്തപുരം; കേരളത്തിലെ മുസ്‌ലിം മത പണ്ഡിതരിൽ പ്രധാനിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അധ്യക്ഷനുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾക്കെതിരായ വധ ഭീഷണി ഞെട്ടിപ്പിക്കുന്നതും പ്രതിഷേധാർഹവുമാണെന്ന് ഡി.വൈ.എഫ്.ഐ. സമീപ കാലങ്ങളിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലീം ലീഗിന്റെ ജമാ അത്തെ ഇസ്‌ലാമി വൽക്കരണത്തെ സമുദായത്തിനുള്ളിൽ തുറന്നെതിർത്ത സുന്നി മത പണ്ഡിതരിൽ പ്രധാനിയാണ് ജിഫ്രി മുത്തുക്കോയ തങ്ങളെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.

ഏറ്റവുമൊടുവിൽ വഖഫ് വിഷയത്തിൽ സർക്കാരിനെതിരെ വർഗ്ഗീയ പ്രചരണം ഏറ്റെടുത്ത് വിശ്വാസികളെ ചൂഷണം ചെയ്യാൻ ശ്രമിച്ച മുസ്‌ലീം ലീഗിന്റെ ശ്രമങ്ങളുടെ മുനയൊടിച്ച പ്രസ്താവനകളാണ് ജിഫ്രി തങ്ങളിൽ നിന്നുണ്ടായത്. മത രാഷ്ട്ര വാദികളായ ജമാ അത്തെ ഇസ്ലാമിയുമൊത്ത് ചേർന്ന് കേരളത്തിലെ മതനിരപേക്ഷ വാദികളായ പാരമ്പര്യ മുസ്ലീങ്ങളെ വർഗ്ഗീയ വൽക്കരിക്കാനുള്ള ലീഗ് ശ്രമങ്ങളിൽ പരസ്യമായ അസ്വസ്ഥത പ്രകടിപ്പിച്ച ജിഫ്രി തങ്ങൾ തനിക്ക് നേരെയുണ്ടായ അസഭ്യ വർഷത്തേയും പരിഹാസങ്ങളേയും കുറിച്ച് മുന്നേ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. അവിടെ നിന്ന് ഒരു പടി കൂടി കടന്നാണ് ഇപ്പോൾ അദ്ദേഹത്തിന് നേരെയുള്ള വധ ഭീഷണി.
തങ്ങളുടെ ആജ്ഞാനുവർത്തിയായ നിൽക്കാത്ത ഏത് മത സംഘടനയ്ക്കും പണ്ഡിതർക്കും നേരെയും ആയുധമെടുക്കാൻ മടിക്കില്ലെന്ന സന്ദേശമാണ് മുസ്‌ലീം ലീഗ് ഇതിലൂടെ നൽകുന്നത്. മുസ്‌ലീം ലീഗ് രാഷ്ട്രീയത്തോട് ഏറെ അടുപ്പം പുലർത്തിയിരുന്ന ഇ.കെ വിഭാഗം സമസ്ത പണ്ഡിതന്മാരുടെ അധ്യക്ഷന് തന്നെ ലീഗിന്റെ വർഗ്ഗീയ നിലപാടുകളോടുള്ള ചെറിയൊരു വിമർശനത്തിൽ തന്നെ വധ ഭീഷണി ലഭിക്കുന്നത് കേരളത്തിലെ മുസ്‌ലിം പണ്ഡിത സമൂഹവും പൊതു സമൂഹവും ഗൗരവത്തോടെ കാണണം.ആരാധനാലങ്ങളെ രാഷ്ട്രീയ പ്രവർത്തനത്തിന് വേണ്ടി ഉപയോഗിക്കാനുള്ള ലീഗിന്റെ തീരുമാനത്തെ ശരിയായ നിലപാടിലൂടെ തകർത്തത് ജിഫ്രി തങ്ങൾ ആയിരുന്നു. മതവിശ്വാസികളെ വർഗ്ഗീയവൽക്കരിച് നാടിനെ കലാപത്തിലേക്ക് തള്ളിവിട്ട് അരക്ഷിതാവസ്ഥ തീർക്കുക എന്ന അജണ്ടയാണ് അദ്ദേഹം ഇല്ലാതാക്കിയത്.
മത രാഷ്ട്രീയവാദികളായ വർഗ്ഗീയ ശക്തികളുമായി ചേർന്ന് സങ്കുചിത താല്പര്യം നടത്തിയെടുക്കാൻ ശ്രമിക്കുന്ന മുസ്‌ലീം ലീഗിന്റെ നിലപാടുകളെ ചോദ്യം ചെയ്യുന്ന മത പണ്ഡിതർക്ക് നേരെ പോലുമുള്ള ഭീഷണികളെ ഡി.വൈ.എഫ്.ഐ ഗൗരവത്തോടെ കാണുന്നു. സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് നേരെയുണ്ടായ വധ ഭീഷണിയെ ശക്തമായ ഭാഷയിൽ അപലപിക്കുന്നുവെന്നും ഡി.വൈ.എഫ്.ഐ സംസ്‌ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.












Click it and Unblock the Notifications