ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി: അഡീഷണല്‍ റിപ്പോര്‍ട്ടുമായി പൊലീസ്
കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. ബസില്‍ വച്ച് ദീപക്കില്‍ നിന്ന് അതിക്രമം നേരിട്ടുവെന്ന് കാട്ടി ഷിംജിത പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് ദീപക് ആത്മഹത്യ ചെയ്തത്.
കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതി ഷിജിതയുടെ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. ഇരുപത്തൊന്ന് ദിവസമായി ഷിംജിത ജയിലില്‍ കഴിയുകയാണെന്നും ഷിജിതയുടെ ലാപ്‌ടോപ്പ് ഫോണ്‍ എന്നിവയുടെ ഫോറന്‍സിക് ഫലം വരുന്നതുവരെ അവര്‍ റിമാന്‍ഡില്‍ കഴിയേണ്ടതില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ ഫോറന്‍സിക് ഫലം വരുന്നതുവരെ ജാമ്യം അനുവദിക്കരുത് എന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിക്കുന്നത്.

ദീപക്കിന്റെ രക്ഷിതാക്കളുടെ പരാതിയിലാണ് ഷിംജിതക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ബസ് യാത്രയ്ക്കിടെ അപമാനം നേരിട്ടുവെന്ന് ചൂണ്ടിക്കാട്ടി ഷിംജിത പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ പ്രചരിച്ചതിന്റെ അപമാനഭാരത്താലാണ് ആത്മഹത്യ ചെയ്തത് എന്നാണ് കുടുംബത്തിന്റെയും ദീപക്കിന്റെ സുഹൃത്തുക്കളുടെയും പരാതി.
ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഒരു ദിവസം കൊണ്ട് 23 ലക്ഷം പേരാണ് കണ്ടത്. വീഡിയോ പ്രചരിക്കുന്നതായി അറിഞ്ഞത് മുതല്‍ ദീപക് മനോവിഷമത്തില്‍ ആയിരുന്നു. അതേസമയം ബസില്‍ താന്‍ അതിക്രമം നേരിട്ടു എന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ് ഷിംജിത.
നേരത്തെ ഷിംജിതയെ ഒരു ദിവസത്തെ കസ്റ്റഡിയില്‍ ലഭിച്ചപ്പോള്‍ വിശദമായ ചോദ്യാവലി തയ്യാറാക്കി പോലീസ് ഷിംജിതയെ ചോദ്യം ചെയ്തിരുന്നു. ഷിംജിതയുമായി സംഭവം നടന്ന ബസില്‍ ഉള്‍പ്പെടെ കൊണ്ടുപോയി തെളിവെടുക്കണം എന്നുള്ള കാര്യം പൊലീസ് കഴിഞ്ഞദിവസം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ ദിവസം കൊടുത്ത റിപ്പോര്‍ട്ടിന് പുറമേ ഒരു അഡീഷണല്‍ റിപ്പോര്‍ട്ട് കൂടി കോടതിയില്‍ പൊലീസ് സമര്‍പ്പിച്ചിട്ടുണ്ട്. ഷിംജിതയെ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട് പൊലീസിന് ലഭിച്ച വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണിത്.
ഈ കേസില്‍ നിര്‍ണായകമായ തെളിവ് ഷിംജിതയടെ മൊബൈലും ലാപ്‌ടോപ്പുമാണ്. ഇതിന്റെ രണ്ടിന്റെയും ഫോറന്‍സിക് പരിശോധന ഫലം ലഭിച്ചാല്‍ മാത്രമേ ഷിംജിത ഏതെങ്കിലും തരത്തില്‍ ദീപക്കിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ടോ എന്ന് അറിയാന്‍ കഴിയൂ. അതുകൊണ്ടാണ് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ വാദിക്കുന്നത്.












Click it and Unblock the Notifications