ഭാരത് ജോഡോ യാത്രയ്ക്ക് പിരിവ് നൽകിയില്ല; കട അടിച്ച് തകർത്ത് യൂത്ത് കോൺഗ്രസ് നേതാക്കൾ, സസ്പെൻഷൻ
കൊല്ലം: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് പിരിവ് നൽകാൻ വിസമ്മതിച്ചയാളുടെ കട അടിച്ച് തകർത്ത സംഭവത്തിൽ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സസ്പെന്റ് ചെയ്തു. വിളക്കുടി വെസ്റ്റ് മണ്ഡലം പ്രസിഡന്‍റ് സലീം സൈനുദ്ദീൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച് അനീഷ് ഖാൻ, ഡി സി സി അംഗം കുന്നിക്കോട് ഷാജഹാൻ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. പ്രവർത്തകരെ അന്വേഷണ വിധായമായി സസ്പെന്റ് ചെയ്തതായി പാർട്ടി അധ്യക്ഷൻ കെ സുധാകരൻ അറിയിച്ചു.

'ഭാരത് ജോഡോ യാത്ര" രാജ്യത്തെ ഒരുമിപ്പിക്കാൻ വേണ്ടിയാണ്. ചേർത്തു പിടിക്കലിൻ്റെ രാഷ്ട്രീയമാണ് കോൺഗ്രസ്സിൻ്റേത്. ഈ നാട്ടിലെ തികച്ചും സാധാരണക്കാർ അവരാൽ കഴിയുന്നതുപോലുള്ള പണം നൽകിയാണ് കോൺഗ്രസ് പാർട്ടിയെ സഹായിക്കുന്നത്. വൻകിട കോർപ്പറേറ്റ് കമ്പനികളുടെ പണക്കൊഴുപ്പിലല്ല കോൺഗ്രസ് പ്രവർത്തിക്കുന്നത്.ആളുകളെ ഭീഷണിപ്പെടുത്തി പണം പിരിക്കുന്നത് കോൺഗ്രസ് സംസ്ക്കാരമല്ല', സുധാകരൻ പറഞ്ഞു.
ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കൊല്ലത്ത് ചില പ്രവർത്തകർ വ്യാപാരികളോട് ബഹുമാനമില്ലാതെ സംസാരിക്കുന്നത് ശ്രദ്ധയിൽ പെട്ടു . പിന്നീട് വ്യാപാരി സ്വയം പച്ചക്കറികൾ നശിപ്പിച്ചത് വ്യക്തമാണെങ്കിലും ഇത്തരമൊരു മോശം സാഹചര്യം ഒഴിവാക്കാനുള്ള പക്വത കോൺഗ്രസ് പ്രവർത്തകർ കാണിക്കേണ്ടിയിരുന്നു. ജനങ്ങളോട് മാന്യമല്ലാത്ത ഭാഷയിൽ സംസാരിച്ച് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ മുഴുവൻ പ്രവർത്തകരെയും പുറത്താക്കിയിരിക്കുന്നു', സുധാകരൻ പറഞ്ഞു.
വ്യാഴാഴ്ച വൈകീട്ട് കുന്നിക്കോട് ടൗണിൽ സർക്കാർ ആശുപത്രിക്ക് സമീപം ജങ്ഷന് മുന്നിൽ പുനലൂർ സ്വദേശികൾ നടത്തുന്ന പച്ചക്കറി കടയാണ് പ്രവർത്തകർ അടിച്ച് തകർത്തത്. കട നടത്തുന്ന അനസ് എന്നയാളോട് 2000 രൂപ കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ 500 രൂപയെ നൽകാനാകൂവെന്ന് അനസ് പറഞ്ഞു. ഇതിൽ പ്രകോപിതരായ പ്രവർത്തകർ അസഭ്യം പറഞ്ഞ് കട നശിപ്പിച്ചുവെന്നാണ് അനസിന്റെ ആരോപണം. കടയിലെത്തിയ ആളുകളേയും തന്നെയും പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായും ഇയാൾ ആരോപിച്ചു. സംഭവത്തിൽ കടയുടമ കുന്നിക്കോട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
അതേസമയം സംഭവത്തിൻരെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് ഇപ്പോൾ കോൺഗ്രസ് നടപടി സ്വീകരിച്ചത്. രാഹുൽ ഗാന്ധിയുടെ യാത്ര കൊല്ലം ജില്ലയിലൂടെ കടന്ന് പോകുന്നതിനിടെയുണ്ടായ സംഭവം ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. തുടർന്നാണ് അടിയന്തര നടപടി.












Click it and Unblock the Notifications