'എംവി ഗോവിന്ദനെ ആഭ്യന്തര വകുപ്പിന്റെ പണി ഏൽപ്പിച്ചിട്ടാണോ പിണറായി വിദേശത്ത് പോയത്'; വിമർശിച്ച് ചെന്നിത്തല
തിരുവവനന്തപുരം: കെ സുധാകരനെതിരായ പരാമർശത്തിൽ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാണംകെട്ടൊരു സി പി എം സംസ്ഥാന സെക്രട്ടറിയായി എംവി ഗോവിന്ദൻ അധഃപതിച്ചെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ക്രൈംബ്രാഞ്ച് പോലും സുധാകരനെതിരെ പെൺകുട്ടി മൊഴി നൽകിയിട്ടില്ലെന്ന് പറഞ്ഞിരുന്നു. എന്നിട്ടും ഗോവിന്ദന് എവിടെ നിന്നാണ് ഇത് സംബന്ധിച്ച വിവരം ലഭിച്ചതെന്ന് ചെന്നിത്തല ചോദിച്ചു. അദ്ദേഹത്തെ ആഭ്യന്തര വകുപ്പിന്റെ പണി ഏൽപ്പിച്ചിട്ടാണോ പിണറായി വിജയൻ വിദേശത്ത് പോയതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ചെന്നിത്തല ചോദിച്ചു.
പോസ്റ്റിന്റെ പൂർണരൂപം വായിക്കാം-'നാണംകെട്ട ഒരു സി പി എം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദൻ അധ:പതിച്ചിരിക്കുകയാണ്. ഗോവിന്ദൻ മാസ്റ്റർക്ക് എന്നാണ് ഈ ആഭ്യന്തര വകുപ്പ് മന്ത്രി പദം ലഭിച്ചതെന്ന് എനിക്കറിയില്ല. മുഖ്യമന്ത്രി വിദേശത്ത് പോയപ്പോൾ എം.വി ഗോവിന്ദൻ മാസ്റ്റർക്ക് ആഭ്യന്തര വകുപ്പിന്റെ ചുമതല കൊടുത്തിട്ടാണോ പോയത്? അദ്ദേഹം വളരെ മോശമായ പരാമർശമാണ് കെ പി സി സി പ്രസിഡന്റിനെ പോലുളള ഒരു ഉന്നതനായ വ്യക്തിയെപ്പറ്റി നടത്തിയത്.

ശിക്ഷിക്കപ്പെട്ട ഒരു കേസിൽ ക്രൈംബ്രാഞ്ച് പോലും പറയുന്നു കെ സുധാകരനെപ്പറ്റി ഒരു പരമാർശവും ഇല്ലാ എന്ന് എന്നിട്ടും ഗോവിന്ദൻ മാസ്റ്റർക്ക് എവിടുന്നാണ് ഈ വിവരം ലഭിച്ചത്. അദ്ദേഹത്തെ ആഭ്യന്തര വകുപ്പിന്റെ പണി ഏൽപ്പിച്ചിട്ടാണോ പിണറായി വിജയൻ വിദേശത്ത് പോയത്. നാണംകെട്ട ഒരു സി പി എം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദൻ അധ:പതിച്ചിരിക്കുകയാണ്.
കെ പി സി സി പ്രസിഡന്റിനെ പോലെ ഒരു വ്യക്തിയെ അധിക്ഷേപിക്കാനും, ആക്ഷേപിക്കാനും മുന്നോട്ട് വന്നതിൽ ശക്തമായ പ്രതിഷേധം ഞാൻ രേഖപ്പെടുത്തുകയാണ്. മാന്യതയുണ്ടെങ്കിൽ ക്രൈംബ്രാഞ്ച് അത് തിരുത്തിയ സാഹചര്യത്തിൽ എം.വി ഗോവിന്ദൻ അത് പിൻവലിച്ച് ജനങ്ങളോട് മാപ്പ് പറയണം', ചെന്നിത്തല പറഞ്ഞു.
മോൻസൻ മാവുങ്കൽ പീഡിപ്പിക്കുമ്പോൾ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകിയെന്നായിരുന്നു എംവി ഗോവിന്ദന്റെ ആരോപണം.മോൻസൻ സുധാകരന് എതിരെ മൊഴി നൽകിയിട്ടുണ്ട്. പോക്സോ കേസിലും സുധാകരനെ ക്രൈബ്രാഞ്ച് ചോദ്യം ചെയ്യുമെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു. എന്നാൽ തട്ടിപ്പ് കേസിലാണ് സുധാകരനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നായിരുന്നു ക്രൈംബ്രാഞ്ച് വ്യക്തമാക്കിയത്.












Click it and Unblock the Notifications