ദിലീപിന്റെ അഭിഭാഷകനെ പൂട്ടാന്‍ അതിജീവിത; ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കി നിര്‍ണായക നീക്കം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക നീക്കവുമായി അതിജീവിത. കേസിലെ പ്രതിയായ നടന്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ ബാര്‍ കൗണ്‍സിലില്‍ അതിജീവിത പരാതി നല്‍കി. ദിലീപിന്റെ അഭിഭാഷകര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാണ് അതിജീവിത നല്‍കിയ പരാതിയില്‍ പറയുന്നത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച അഭിഭാഷകര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി വേണമെന്നും ബാര്‍ കൗണ്‍സിലില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. നേരത്തെ കേസിന്റെ വിചാരണ ഘട്ടത്തിലും ഹൈക്കോടതിയിലെ കേസ് നടപടി ഘട്ടത്തിലും അഭിഭാഷകര്‍ അവരുടെ പ്രൊഫഷന്‍ എന്നതിനപ്പുറത്തേക്ക് പ്രതിയുമായി ചേര്‍ന്ന് കേസ് എങ്ങനെ അട്ടിമറിക്കാനാകും എന്ന് ശ്രമം നടത്തിയതായി പരാതികളും ആക്ഷേപങ്ങളും ഉയര്‍ന്നിരുന്നു.
ഇത് സംബന്ധിച്ചുള്ള അന്വേഷണമാണ് കേരള ബാര്‍ കൗണ്‍സില്‍ സെക്രട്ടറിയ്ക്ക് കൊടുത്തിട്ടുള്ള പരാതിയില്‍ അതിജീവിത ആവശ്യപ്പെടുന്നത്. ഈ കേസിന്റെ വളരെ സുപ്രധാനമായ ഒരു തെളിവായിരുന്നു മൊബൈല്‍ ഫോണ്‍. സീനിയര്‍ അഭിഭാഷകനായ രാമന്‍പിള്ള അദ്ദേഹത്തിന്റെ ഓഫീസില്‍ വെച്ച് തന്നെ ആ മൊബൈല്‍ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചു എന്നതിന് കൃത്യമായ തെളിവുകളും വിവരങ്ങളും തനിക്ക് ലഭിച്ചിട്ടുണ്ട്. ഈ കേസിലെ പ്രധാനപ്പെട്ട സാക്ഷികളായ ജിന്‍സണെ അഭിഭാഷകനായ രാമന്‍പിള്ള നേരിട്ട് വിളിച്ച് സ്വാധീനിച്ചു എന്നതിന്റെ ശബ്ദരേഖയും അദ്ദേഹത്തിന്റെ മൊഴിയും അടക്കമുണ്ട്. ഇതോടൊപ്പം തന്നെ ജയിലില്‍ വെച്ച് സുനി എഴുതിയിട്ടുള്ള വളരെ സുപ്രധാനമായ ഒരു കത്തുണ്ട്.

ഈ കത്ത് പുറത്ത് വരാതിരിക്കാന്‍ കത്ത് പുറത്ത് കൊണ്ടുവന്ന സുജിത് ഒന്ന ഒരു സാക്ഷിയെ രാമന്‍പിള്ള നേരിട്ട് സ്വാധീനിക്കുകയും അദ്ദേഹത്തിനെ ഹോട്ടലിലുള്‍പ്പടെ കൊണ്ടുപോയി കത്ത് പുറത്തുവരാതിരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെന്നും പരാതിയില്‍ പറയുന്നു. അത്തരത്തില്‍ ഈ കേസില്‍ അഭിഭാഷകനെന്നതിലപ്പുറം കേസ് അട്ടിമറിക്കാന്‍ പ്രതിയുമായി ചേര്‍ന്ന് സീനിയര്‍ അഭിഭാഷകന്റെ നേതൃത്വത്തിലുള്ള ഒരു സംഘം തന്നെ പ്രവര്‍ത്തിച്ചു എന്നതാണ് ബാര്‍ കൗണ്‍സിലില്‍ നല്‍കിയ പരാതിയില്‍ അതിജീവിത വ്യക്തമാക്കുന്നത്. നിയമവ്യവസ്ഥയ്ക്ക് വിരുദ്ധമായ നടപടിയാണ് അഭിഭാഷകര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

അഭിഭാഷകന്‍ രാമന്‍പിള്ളയെ കൂടാതെ ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവരുള്‍പ്പെട്ട സംഘത്തിനെതിരെയാണ് പരാതി. ദിലീപിന്റെ അഭിഭാഷക സംഘത്തിലുള്ള ഇത്തരം ആളുകള്‍ക്കെതിരെ അന്വേഷണം നടത്തി കൃത്യമായ നടപടി സ്വീകരിക്കണം. അതാണ് നീതി ന്യായ വ്യവസ്ഥയ്ക്ക് ഉചിതമായ നടപടി എന്നാണ് പരാതിയില്‍ പറയുന്നത്. 20 സാക്ഷികള്‍ കൂറുമാറിയതിന് പിന്നില്‍ അഭിഭാഷക സംഘമാണെന്നും അതിജീവിത ആരോപിക്കുന്നു. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് ബി രാമന്‍പിള്ള. അതേസമയം പരാതി സംബന്ധിച്ച് ബാര്‍ കൗണ്‍സില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

നേരത്തെ നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ച കേസ് അട്ടിമറിക്കാന്‍ ദിലീപടക്കമുള്ള പ്രതികള്‍ മൊബൈല്‍ ഫോണുകളില്‍ കൃത്രിമം കാണിച്ചെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം അഭിഭാഷകനായ ബി. രാമന്‍പിള്ള തള്ളിയിരുന്നു. ദിലീപടക്കമുള്ള പ്രതികള്‍ മൊബൈല്‍ ഫോണുകളില്‍ കൃത്രിമം കാണിച്ചതായി ഹൈക്കോടതിയിലാണ് ക്രൈംബ്രാഞ്ച് അറിയിച്ചത്. ജനുവരി 31ന് ഫോണുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി 29ന് ഉത്തരവിട്ടിരുന്നു. അതിന് ശേഷം അന്നും പിറ്റേന്നുമാണ് കൃത്രിമം കാണിച്ചത് എന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍.

നിര്‍ണായകമായ വിവരങ്ങള്‍ നീക്കിയ ശേഷമാണ് കോടതി നിര്‍ദേശ പ്രകാരം ദിലീപും കൂട്ടുപ്രതികളും ഫോണുകള്‍ ഹാജരാക്കിയത്. ദിലീപിന് പുറമെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി എന്‍ സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഈ കേസില്‍ പ്രതികള്‍. ദിലീപിന്റെ അഭിഭാഷകനടക്കം നാല് അഭിഭാഷകര്‍ മുംബൈയിലെ ലാബില്‍ ജനുവരി 30ന് എത്തുകയും ഫോണിലെ വിവരങ്ങള്‍ പരിശോധിക്കുകയും ചെയ്തുവെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞിരുന്നു.












Click it and Unblock the Notifications