'ദിലീപേട്ടന് നീ പണി കൊടുക്കും അല്ലേട'; ബാലചന്ദ്രകുമാറിന് നേരെ യ്യേറ്റം, ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ലെന്ന്

തിരുവനന്തപുരം: സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണത്തിന് കാര്യമായത്. കേസിന്റെ ഗതിയെ തന്നെ മാറ്റി മറിച്ച നിർണായക തെളിവുകളായിരുന്നു തുടരന്വേഷണത്തിൽ ലഭിച്ചത്. ഇതോടെ ബാലചന്ദ്രകുമാറിനെതിരെ തലങ്ങും വിലങ്ങും ദിലീപ് അനുകൂലികളിൽ നിന്നും സൈബർ അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നിരുന്നു.
എന്നാൽ സൈബർ ആക്രമണങ്ങൾ മാത്രമല്ല നേരിട്ടും കൈയ്യേറ്റം ഉണ്ടായിരുന്നുവെന്നും ഇത് സംബന്ധിച്ച പരാതിയിൽ ഇതുവരെ നടപടി ഉണ്ടായില്ലെന്നും ബാലചന്ദ്രകുമാർ പറയുന്നു. സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയായിരുന്നു ബാലചന്ദ്രകുമാർ പരാതി നൽകിയത്.

ബാലചന്ദ്രകുമാറിനെ കൈയ്യേറ്റം ചെയ്തു
നടി ആക്രമിക്കപ്പെട്ട കേസിലെ വെളിപ്പെടുത്തൽ മാധ്യമങ്ങളിൽ സജീവ ചർച്ചയായി നിൽക്കുന്നതിനിടെ കഴിഞ്ഞ സപ്റ്റംബർ 18 നായിരുന്നു സംഭവം. തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ പോകവെ നെയ്യാറ്റിൻകര നഗരസഭ സൂപ്രണ്ടും ഡ്രൈവറും ചേർന്ന് തന്നെ ചീത്ത വിളിക്കുകയും കൈയ്യേറ്റം ചെയ്യുകയായിരുന്നുവെന്നും ബാലചന്ദ്രകുമാർ പറയുന്നു.

'ദിലീപേട്ടന് പണികൊടുക്കും അല്ലേട'
സർക്കാർ വാഹനത്തിലായിരുന്നു ഇരുവരും എത്തിയിരുന്നു. തട്ടുകയടിയിലേക്ക് പോയപ്പോൾ 'നീ ഞങ്ങളുടെ ദിലീപേട്ടന് പണികൊടുക്കും അല്ലേട' എന്ന് ആക്രോശിച്ച് ഇരുവരും ചേർന്ന് ഷർട്ടിന്റെ കോളറിൽ കുത്തി പിടിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നും ബാലചന്ദ്രകുമാറിന്റെ പരാതിയിലുണ്ട്. ഇരുവരും മദ്യപിച്ചിരുന്നുവെന്നും ബാലചന്ദ്രകുമാർ പറയുന്നു.

കേസന്വേഷണവും പാതിവഴിയിലായി
സംഭവത്തിൽ നഗരസഭ സെക്രട്ടറിക്കും നെയ്യാറ്റിൻകര ഡിവൈഎസ്പിക്കും 22 ന് തന്നെ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സൂപ്രണ്ടിനേയും ബാലചന്ദ്രകുമാറിനേയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയിരുന്നു. തന്നെ ഉപദ്രവിക്കരുതെന്നായിരുന്നത്രേ സൂപ്രണ്ട് ബാലചന്ദ്രകുമാറിനോട് അഭ്യർത്ഥിച്ചത്. ഡിവൈഎസ്പി സ്ഥലം മാറി പോയതോടെ കേസന്വേഷണവും പാതിവഴിയിലായി.

ബാലചന്ദ്രകുമാർ നേരിട്ടെത്തി പരാതി നൽകി
ഇതോടെ നഗരസഭ സെക്രട്ടറിക്ക് ബാലചന്ദ്രകുമാർ നേരിട്ടെത്തി പരാതി നൽകി. എന്നാൽ നഗരസഭ ചെയർമാന് മാത്രമേ സൂപ്രണ്ടിനെതിരെ എന്തെങ്കിലും നടപടി കൈക്കൊള്ളാൻ സാധിക്കൂവെന്നായിരുന്നത്രേ സെക്രട്ടറിയുടെ പ്രതികരണം. നേരിട്ട് ചെയർമാനെ ബന്ധപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് മാത്രമല്ല സൂപ്രണ്ടിനെ സംരക്ഷിക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്നും ബാലചന്ദ്രകുമാർ ആരോപിക്കുന്നു.

ബാലചന്ദ്രകുമാർ പരാതി നൽകിയിട്ടുണ്ട്
സർക്കാർ ഉദ്യോഗസ്ഥർ അതും ഔദ്യോഗിക വാഹനത്തിൽ എത്തി തനിക്ക് നേരെ ആക്രമണം നടത്തിയിട്ടും ബന്ധപ്പെട്ടവർ എന്തുകൊണ്ടാണ് മുഖം തിരിക്കുന്നതെന്നാണ് ബാലചന്ദ്രകുമാറിന്റെ ചോദ്യം. നീതി കിട്ടുന്നത് വരെ പോരാടാനാണ് ബാലചന്ദ്രകുമാറിന്റെ തീരുമാനം. തനിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ വകുപ്പ് മന്ത്രിക്കും ബാലചന്ദ്രകുമാർ പരാതി നൽകിയിട്ടുണ്ട്.

ചികിത്സയിൽ കഴിയുകയാണ് ബാലചന്ദ്രകുമാർ
അതേസമയം നടി ആക്രമിക്കപ്പെട്ട കേസിലും തൻറെ അവസാന ശ്വാസം വരെ പോരാടുമെന്ന് ബാലചന്ദ്രകുമാർ വ്യക്തമാക്കിയിരുന്നു. കേസിൽ നിലവിൽ ബാലചന്ദ്രകുമാറിൻരെ വിസ്താരമാണ് നടക്കുന്നത്. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്ത് ചികിത്സയിൽ കഴിയുകയാണ് ബാലചന്ദ്രകുമാർ. സംവിധായകന്റെ അപേക്ഷയിൽ കേസിലെ വിസ്താരം തിരുവനന്തപുരത്തേക്ക് മാറ്റിയിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ യാത്ര ചെയ്യാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ നൽകിയത്.

ദിലീപിന്റെ ശബ്ദം തിരിച്ചറിയുന്നതിനാണ്
സംവിധായകൻ ബാലചന്ദ്രകുമാറിനെ കൂടാതെ നടി മഞ്ജു വാര്യർ, കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന ജിംസൺ, കാവ്യ മാധവന്റെ വസ്ത്ര സ്ഥാപനമായ ലക്ഷ്യയിലെ മുൻ ജീവനക്കാരനായിരുന്ന സാഗർ വിൻസെന്റ് എന്നിവരേയും ഉടൻ വിസ്തരിക്കും. മഞ്ജു വാര്യർ ഉൾപ്പെടെയുള്ളവരുടെ മൊഴികൾ കേസിൽ നിർണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബാലചന്ദ്രകുമാർ പുറത്തുവിട്ട ശബ്ദരേഖയിൽ ദിലീപിന്റെ ശബ്ദം തിരിച്ചറിയുന്നതിനാണ് മഞ്ജുവിനെ വിസ്കരിക്കുന്നത്.












Click it and Unblock the Notifications