രണ്ട് നാള്‍, 16 മണിക്കൂർ: ദിലീപിന്റെ ചോദ്യം ചെയ്യല്‍ പൂർത്തിയായി: വേണ്ടി വന്നാല്‍ വീണ്ടും വിളിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായുള്ള ദിലീപിന്റെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ നീണ്ടത് ഒമ്പത് മണിക്കൂറിലേറെ. ഇതോടെ കേസിലെ എട്ടാംപ്രതിയാ ദിലീപിനെ രണ്ടു ദിവസങ്ങളിലായി പതിനാറര മണിക്കൂർ അന്വേഷണ സംഘം ചോദ്യം ചെയ്തു. രണ്ടാം ദിനം ദിലീപിനേയും കേസിലെ വഴിത്തിരിവാകുന്ന വെളിപ്പെടുത്തല്‍ നടത്തിയ ദിലീപിന്റെ തന്നെ പഴയ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിനേയും ഒരുമിച്ചിരുത്തി പൊലീസ് ചോദ്യം ചെയ്തു.
ആലുവ പൊലീസ് ക്ലബ്ലില്‍ വെച്ച് ദിലീപിനെ ചോദ്യം ചെയ്യുന്നതിനിടെ ബാലചന്ദ്രകുമാറിനേയും അന്വേഷണ സംഘം വിളിപ്പിച്ച് വരുത്തുകയായിരുന്നു. നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ ആലുവയിലെ പത്മസരോവരം എന്ന വീട്ടില്‍ വെച്ച് ദിലീപ് കണ്ടു എന്നതടക്കമുള്ള ബാലചന്ദ്ര കുമാറിന്റെ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍. ബാലചന്ദ്രകുമാറിന്റെ മൊഴി നിഷേധിക്കുന്ന നിലപാടാണ് ആദ്യം മുതൽ ദിലീപ് സ്വീകരിച്ചത്.

ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളെ കുറിച്ച് തിങ്കളാഴ്ചയും പൊലീസ് ദിലീപിനോട് ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. എന്നാല്‍ അതേക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു ദിലീപിന്റെ നിലപാട്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യം താന്‍ കണ്ടിട്ടില്ലെന്നും ദിലീപ് ചോദ്യംചെയ്യലില്‍ അറിയിച്ചു. ഇതേ തുടർന്നാണ് ബാലചന്ദ്ര കുമാറിനേയും ദിലീപിനേയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്.
ക്രൈംബ്രാഞ്ച് ദിലീപിന്റെ മൊബൈൽ ഫോണിൽനിന്ന് വീണ്ടെടുത്ത തെളിവുകൾ നിരത്തിയായിരുന്നു ആദ്യ ദിനം പ്രധാനമായും ചോദ്യം ചെയ്യല്‍ നടത്തിയത്. പല ചോദ്യങ്ങള്‍ക്കും അക്കാര്യങ്ങളെ കുറിച്ച് തനിക്ക് അറിവില്ലെന്നായിരുന്നു ദിലീപിന്റെ മറുപടി. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിനെക്കുറിച്ചും ഫോണിലെ വിവരങ്ങൾ നശിപ്പിച്ചത് എന്തിന് എന്നുള്ള ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരമുണ്ടായിരുന്നില്ലെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്
തുടരന്വേഷണത്തിന്റെ ഭാഗമായ ചോദ്യം ചെയ്യല്‍ തല്‍ക്കാലം പൂർത്തിയായെന്നും ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്നും അന്വേഷണ സംഘം എഡിജിപി എസ്.ശ്രീജിത്ത് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യും. ബാലചന്ദ്രകുമാർ ഉള്‍പ്പടേയുള്ളവർക്ക് വീണ്ടും നോട്ടീസ് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിനായി പൊലീസ് അനുമതി തേടിയത്. നേരത്തെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ ഗൂഡാലോചന കേസില്‍ മൂന്ന് ദിവസങ്ങളിലായി 33 മണിക്കൂർ ദിലീപിനെ ചോദ്യം ചെയ്തിരുന്നു.












Click it and Unblock the Notifications