ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ തലസ്ഥാനത്തെത്തി, ബാലചന്ദ്രകുമാറുമായി ഗൂഢാലോചന നടത്തിയെന്ന് ദിലീപ്
കൊച്ചി: ഹൈക്കോടതിയില്‍ പുതിയ വാദങ്ങളുമായി ദിലീപ്. ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ എല്ലാം ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്ന് ദിലീപ് വാദിക്കുന്നു. മുഖ്യമന്ത്രിക്ക് പരാതി നല്‍കും മുമ്പ് ബാലചന്ദ്രകുമാറിനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കണ്ടെന്നാണ് ഹൈക്കോടതിയില്‍ ദിലീപ് വാദിക്കുന്നത്.
ബൈജു പൗലോസിനൊപ്പം ജോലി ചെയ്യുന്ന ഒരു പോലീസുകാരന്‍ കഴിഞ്ഞ ഒക്ടോബറില്‍ ബാലചന്ദ്രകുമാറിനെ കണ്ടുവെന്നുമാണ് ദിലീപ് പറഞ്ഞിരിക്കുന്നത്. ഈ കേസിലെ അന്വേഷണ സംഘത്തില്‍പ്പെട്ടവരും അന്വേഷണ ഉദ്യോഗസ്ഥരും ബാലചന്ദ്രകുമാറിനെ കണ്ടത് ഗൂഢാലോചനയാണെന്നും ദിലീപ് ഹൈക്കോടതിയില്‍ വാദിച്ചു. അതേസമയം കേസില്‍ അടിമുടി പുതിയ വാദങ്ങളാണ് ദിലീപ് ഉന്നയിച്ചിരിക്കുന്നത്.

വധഗൂഢാലോചന കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാണ് ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദിലീപിന് വേണ്ടി ഡല്‍ഹി ഹൈക്കോടതിയില്‍ സിദ്ധാര്‍ത്ഥ് അഗര്‍വാളാണ് ഹാജരായിരിക്കുന്നത്. പോലീസിന് നേരിട്ട് കേസ് എടുക്കാന്‍ സാധിക്കുന്ന കുറ്റകൃത്യം അല്ല ദിലീപിന്റെ കാര്യത്തിലുള്ളതെന്ന് അഭിഭാഷകന്‍ പറയുന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ മൊഴിയിലാണ് വധഗൂഢാലോചനക്കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത് നിയമപരമായി നില്‍ക്കില്ല. അതുകൊണ്ട് ഈ എഫ്‌ഐആര്‍ തെറ്റാണ്. കേസെടുക്കാന്‍ സാധിക്കില്ലെന്നും, അത് റദ്ദാക്കണമെന്നുമാണ് ദിലീപ് ഹൈക്കോടതിയില്‍ വാദിച്ചത്.

മുഖ്യമന്ത്രിക്ക് ബാലചന്ദ്രകുമാര്‍ പരാതി നല്‍കുന്നതിന് മുമ്പ് പോലീസ് അന്വേഷണ സംഘം അദ്ദേഹത്തെ കണ്ടിരുന്നുവെന്ന ഗുരുതര വാദമാണ് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രി ബാലചന്ദ്രകുമാര്‍ പരാതി നല്‍കിയത് നവംബറിലാണ്. ഒക്ടോബറില്‍ ബൈജു പൗലോസിനൊപ്പം പ്രവര്‍ത്തിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍ തിരുവനന്തപുരത്തെത്തി ബാലചന്ദ്രകുമാറിനെ കണ്ടുവെന്നാണ് ദിലീപിന്റെ വാദം. ദിലീപിനെതിരെ മൊഴി നല്‍കാനായി ബാലചന്ദ്രകുമാറും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്ന ഗുരുതരവാദമാണ് ദിലീപ് ഉന്നയിച്ചത്. ഈ കേസുമായി സ്വതന്ത്ര അന്വേഷണ ഏജന്‍സിയുടെ അന്വേഷണമുണ്ടായാല്‍ ഇക്കാര്യം തെളിയുമെന്നും ദിലീപ് പറഞ്ഞു.

അതേസമയം നടിയെ ആക്രമിച്ച കേസിലെ സാക്ഷി സാഗറിനെതിരെ അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. സാഗര്‍ നല്‍കിയത് കള്ള പരാതിയാണെന്നും, ഈ പരാതിക്ക് പിന്നില്‍ ദിലീപിന്റെ സ്വാധീനമുണ്ടെന്നും അങ്കമാലി ജെഎഫ്എം കോടതിയില്‍ ബൈജു പൗലോസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. സാഗറിനെ താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലന്നും ബൈജു പൗലോസ് കോടതിയെ അറിയിച്ചു. കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെ സ്വാധീനത്തിന് വഴങ്ങിയാണ് സാഗര്‍ മൊഴി മാറ്റിയത്. ദിലീപിന്റെ സഹോദരന്‍ അനൂപും കാവ്യാമാധവന്റെ ഡ്രൈവര്‍ സുനീറും, ഒപ്പം അഭിഭാഷകരും ചേര്‍ന്നാണ് സാഗറിനെ സ്വാധീനിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കേസിലെ മറ്റൊരു സാക്ഷിയായ ശരതിന്റെ മൊഴിമാറ്റാന്‍ സാഗര്‍ ശ്രമിച്ചതിന്റെ തെളിവുകളും കിട്ടിയിട്ടുണ്ട്. ടെലിഫോണ്‍ രേഖകള്‍ അടക്കം ലഭിച്ച സാഹചര്യത്തിലാണ് സാഗറിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നും കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിലെ മുഖ്യ സാക്ഷിയായ സാഗര്‍ നടിക്കെതിരായ ആക്രമണം നടക്കുമ്പോള്‍ കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ ജീവനക്കാരനായിരുന്നു. കേസില്‍ പ്രതി വിജീഷ് ലക്ഷ്യയില്‍ എത്തിയത് കണ്ടതായി പോലീസ് മൊഴി നല്‍കിയിരുന്നു സാഗര്‍. എന്നാല്‍ കോടതിയില്‍ ഈ മൊഴി മാറ്റി പറയുകയായിരുന്നു. പോലീസ് അന്വേഷണത്തില്‍ ആലപ്പുഴയിലെ റെയ്ബാന്‍ ഹോട്ടലില്‍ എത്തിച്ചാണ് സാഗറിനെ ദിലീപിന്റെ സംഘം മൊഴി മാറ്റിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയും ഇന്ന് ഹൈക്കോടതി തള്ളിയിരുന്നു. നേരത്തെ ജാമ്യം തള്ളുന്നതിന് ചൂണ്ടിക്കാണിച്ച അതേ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്ന് കാണിച്ചാണ് നടപടി. നിങ്ങള്‍ കേസിലെ കിങ്പിന്‍ ആണെന്ന് പ്രോസിക്യൂഷനും ഇരയും പറയുന്നു. അതുകൊണ്ട് ജാമ്യം അനുവദിക്കാനാവില്ല. ഈ ഘട്ടത്തില്‍ ജാമ്യം നല്‍കുന്നത് വിവാദമാകുമെന്നും കോടതി പറഞ്ഞു. ജയിലില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന് പള്‍സര്‍ സുനി കോടതിയെ അറിയിച്ചു. എന്നാല്‍ ഇത്രയും സുരക്ഷിതമായ മറ്റൊരു സ്ഥലമില്ലെന്നായിരുന്നു കോടതിയുടെ മറുപടി. സര്‍ക്കാരും സുനിയുടെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തു. ഇയാള്‍ വേറെയും കേസുകളില്‍ പ്രതിയാണെന്നും കുറ്റകൃത പശ്ചാത്തലമുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.












Click it and Unblock the Notifications