'കറുത്ത കുപ്പായത്തോടുണ്ടായിരുന്ന അവസാനത്തെ ഇഷ്ടവും ഇല്ലാതാകുന്നു';രൂക്ഷവിമർശനവുമായി സനൽകുമാർ ശശിധരൻ
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ ദിലീപിന്റെ അഭിഭാഷകരുടെ ഭാഗത്ത് നിന്ന് തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള നടപടികൾ ഉണ്ടായെന്നാണ് അന്വേഷണ സംഘം നേരത്തേ വ്യക്തമാക്കിയത്. ഇത്തരത്തിൽ ഇടപെടൽ നടത്തിയ അഭിഭാഷകർക്കെതിരെ നടപടി ആവശ്യപ്പെട്ട് അതിജീവിത ബാർ കൗൺസിലിന് പരാതി നൽകുകയും ചെയ്തിരുന്നു. അതിനിടെ കേസിൽ ദിലീപിന്റെ അഭിഭാഷകൻ നൽകിയ പരാതിയിൽ നടപടിയുമായി മുന്നോട്ട് പോകുകയാണ് ബാർ കൗൺസിൽ.
ഇപ്പോഴിതാ ബാർ കൗൺസിലിന്റേയും അഭിഭാഷകരുടേയും നടപടിയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ.കേസിൽ എതിർകക്ഷിയുടെ അഭിഭാഷകൻ തെളിവുനശിപ്പിക്കാനും കള്ളത്തെളിവുണ്ടാക്കാനുമൊക്കെ കൂട്ടുനിന്ന കഥകൾ പുറത്തുവരുകയും തെറ്റെന്ന് ഒറ്റനോട്ടത്തിൽത്തന്നെ മനസിലാകുന്ന സീനിയർ അഭിഭാഷകന്റെ പ്രവൃത്തിയെ സംരക്ഷിക്കാൻ ബാർ കൗൺസിൽ ശബ്ദമുയർത്തുന്നത് കാണുകയും ചെയ്യുമ്പോൾ അഴിച്ചുവെച്ച കറുത്ത കുപ്പായത്തോടുണ്ടായിരുന്ന അവസാനത്തെ ഇഷ്ടവും ഇല്ലാതാകുന്നുവെന്ന് സനൽകുമാർ ഫേസ്ബുക്കിൽ കുറിച്ചു.

അഭിഭാഷകനായി എന്റോൾ ചെയ്തപ്പോഴുള്ള ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു സനൽ കുമാറിന്റെ കുറിപ്പ്. പ്രാക്ടീസ് തുടങ്ങിയപ്പോൾ കോടതിയിൽ നിന്നും ആദ്യമായി നേരിട്ട ദുരനുഭവത്തെ കുറിച്ചും സനൽകുമാർ പോസ്റ്റിൽ പറയുന്നുണ്ട്.നീതിന്യായം എന്നത് കരുണയില്ലാത്ത ഒരു കറുത്ത കുപ്പായം മാത്രമാണെന്ന് ആദ്യമായി തനിക്ക് അന്നാണ് തോന്നിയതെന്നും സനൽകുമാർ പോസ്റ്റിൽ പറയുന്നു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം
അഴിച്ചുവെച്ച കുപ്പായങ്ങൾ! അഭിഭാഷകവൃത്തിയോട് വല്ലാത്ത ഒരു അഭിനിവേശമുണ്ടായിരുന്നു എനിക്ക്. സിനിമകൾ കണ്ടുണ്ടായ ചോരത്തിളപ്പ് മാത്രമല്ല കാരണം. "എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ" വരച്ചിട്ട ഗാന്ധിയും വക്കീൽ എന്ന തലയെടുപ്പോടെ സിനിമയിലേക്ക് ചുവടുവെച്ച മമ്മൂട്ടിയും നിയമം പഠിക്കാൻ എന്നെ കൊതിപ്പിച്ചിരുന്നു. പക്ഷേ പഠനം കഴിഞ്ഞ് അധികം താമസിയാതെ അഭിഭാഷകവൃത്തിയോടുള്ള ആവേശം അവസാനിച്ചു. പ്രാക്ടീസ് തുടങ്ങിയപ്പോൾ കോടതിയിൽ നിന്നും ആദ്യമായി എനിക്ക് കിട്ടിയ അഡ്വക്കേറ്റ് കമ്മീഷൻ ഉത്തരവ് നൽകിയ അനുഭവം കൈപ്പേറിയതായിരുന്നു. ഒരു പ്രഗത്ഭനായ അഭിഭാഷകൻ എതിർ കക്ഷിയായുള്ള കേസിലായിരുന്നു ഞാൻ അഡ്വക്കേറ്റ് കമ്മീഷണർ ആയി നിയമിതനായത്.
അഭിഭാഷകന്റെ വീടിനുപിന്നിൽ നിന്നുമുള്ള അഴുക്കുവെള്ളം വാദിയുടെ വസ്തുവിലേക്ക് വീഴുന്നത് പരിശോധിക്കുകയായിരുന്നു എന്റെ ദൗത്യം. വക്കീലിന്റെ മലിനജലം വാദിയുടെ വസ്തുവിൽ വീഴുന്നില്ല എന്നെഴുതണമെന്ന് പ്രഗത്ഭനായ മുതിർന്ന അഭിഭാഷകൻ അദ്ദേഹത്തിന്റെ ഗുമസ്ഥൻ വഴി എന്നോട് ശുപാർശ ചെയ്തു. അത് അനുസരിക്കാത്തതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ എന്നെ ഉലച്ചുകളഞ്ഞു. എന്നെ ജഡ്ജിയുടെ ചേമ്പറിൽ വിളിപ്പിച്ച് ശകാരിക്കുന്നതുവരെ എത്തിച്ചു ആ സംഭവം. നീതിന്യായം എന്നത് കരുണയില്ലാത്ത ഒരു കറുത്ത കുപ്പായം മാത്രമാണെന്ന് ആദ്യമായി എനിക്ക് അന്ന് തോന്നി.
അതിനുശേഷവും വളരെ കാലം ഞാൻ വക്കീൽപ്പണി തുടർന്നെങ്കിലും പഠിക്കുന്ന കാലത്തുണ്ടായിരുന്ന അഭിനിവേശം നഷ്ടപ്പെട്ടിരുന്നു. ഇന്നിപ്പോൾ ഭാവനയുടെ കേസിൽ എതിർകക്ഷിയുടെ അഭിഭാഷകൻ തെളിവുനശിപ്പിക്കാനും കള്ളത്തെളിവുണ്ടാക്കാനുമൊക്കെ കൂട്ടുനിന്ന കഥകൾ പുറത്തുവരുകയും തെറ്റെന്ന് ഒറ്റനോട്ടത്തിൽത്തന്നെ മനസിലാകുന്ന സീനിയർ അഭിഭാഷകന്റെ പ്രവൃത്തിയെ സംരക്ഷിക്കാൻ ബാർ കൗൺസിൽ ശബ്ദമുയർത്തുന്നത് കാണുകയും ചെയ്യുമ്പോൾ അഴിച്ചുവെച്ച കറുത്ത കുപ്പായത്തോടുണ്ടായിരുന്ന അവസാനത്തെ ഇഷ്ടവും ഇല്ലാതാകുന്നു. രസകരമെന്ന് പറയട്ടെ എൻറോൾ ചെയ്യുമ്പോൾ എടുത്ത ഈ ഫോട്ടോയിൽ കാണുന്ന ഏതാണ്ട് എല്ലാവരും ആ കുപ്പായം ഉപേക്ഷിച്ചവരാണ്. സുരേഷ്, അജിത, ഹമീമ, സോളൻ, ദീപ..
അഴിച്ചുവെയ്ക്കേണ്ട കുപ്പായങ്ങൾ അഴിഞ്ഞുപോകേണ്ടവ തന്നെയാണെന്ന് തോന്നുന്നു. സഹപാഠികളിൽ വളരെ കുറച്ചുപേർ മാത്രമെ ഇപ്പോൾ പ്രാക്ടീസ് ചെയ്യുന്നുള്ളു എന്ന് തോന്നുന്നു. അഭിഭാഷകവൃത്തിയിൽ വർഗബോധത്തെക്കാൾ നീതിബോധമാണ് തങ്ങളെ നയിക്കേണ്ടതെന്ന് അവർ ചിന്തിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.












Click it and Unblock the Notifications