വിവോ ഫോണിന്റെ ഉടമ ഈ 10 പേരിൽ ആര്?കുടുക്കാനുറച്ച് ക്രൈംബ്രാഞ്ച്..ഫോണുകളുടെ സിഡിആർ എടുത്തു
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിലെ സുപ്രധാന തെളിവായ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്. കോടതികളുടെ കസ്റ്റഡിയിൽ ഇരിക്കെ മൂന്ന് തവണ അനധികൃതമായി മെമ്മറി കാർഡ് ആക്സസ് ചെയ്തുവെന്നായിരുന്നു എഫ്എസ്എൽ പരിശോധനയിലെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ 10 പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. വിശദമായി അറിയാം

ഏറ്റവും അവസാനം ഹാഷ് വാല്യു മാറിയത് വിചാരണ കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കുമ്പോഴാണ് എന്നായിരുന്നു ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്. 2021 ജുലൈ 19 നായിരുന്നു ഇത്. ഉച്ചയ്ക്ക് 12.19 മുതൽ 12.54 വരെയായിരുന്നു ദൃശ്യങ്ങൾ തുറന്ന് പരിശോധിച്ചത്. മെമ്മറി കാർഡ് വിവോയുടെ ഫോണിൽ ഉപയോഗിച്ചാണ് പരിശോധിച്ചതെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു.

ഫോറൻസിക് പരിശോധന റിപ്പോർട്ട് പ്രകാരം മെമ്മറി കാർഡ് ആക്സസ് ചെയ്തപ്പോൾ ഫോണിൽ മെസേജിംഗ് ആപ്പുകളായ വാട്സാപ്പ് ടെലിഗ്രാം എന്നിവ ഓപ്പറേറ്റ് ചെയ്തിരുന്നു. ജിയോ സിം ആയിരുന്നു ഈ സമയത്ത് ഫോണിൽ ഉണ്ടായിരുന്നത്. കോടതിയുടെ കസ്റ്റഡയിൽ ഇരിക്കെ ഇത്തരത്തിൽ ദൃശ്യങ്ങൾ ആരാണ് ആക്സസ് ചെയ്തുവെന്നതാണ് ഇനി കണ്ടെത്തേണ്ടത്.

ഒന്നാം പ്രതിയുടെ അഭിഭാഷകനായ പ്രതീഷ് കുറുപ്പിന് ദൃശ്യങ്ങൾ കാണാനായി മെമ്മറി കാർഡും പെൻഡ്രൈവും ട്രഷറിയിൽ നിന്നും എടുത്തിരുന്നു. ഈ സമയത്താകാം ആരെങ്കിലും ദൃശ്യങ്ങൾ പരിശോധിച്ചതെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. നേരത്തേ പൾസർ സുനിയുടെ അഭിഭാഷകനായ പ്രതീഷ് കുറുപ്പ് ദൃശ്യങ്ങൾ കണ്ടപ്പോഴാണ് ഹാഷ് വാല്യു മാറിയതെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അത് തള്ളി അദ്ദേഹം തന്നെ രംഗത്തെത്തിയിരുന്നു.

താൻ ദൃശ്യങ്ങൾ കണ്ടത് പെൻഡ്രൈവ് ഉപയോഗിച്ചാണ് എന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. സാധരണ ഗതിയിൽ പ്രതിഭാഗത്തെ ദൃശ്യങ്ങൾ കാണിക്കുന്നതും പെൻഡ്രൈവ് ഉപയോഗിച്ച് തന്നെയാണ്.ദൃശ്യങ്ങൾ ആക്സസ് ചെയ്ത ദിവസം പെൻഡ്രൈവിനൊപ്പം എന്തിന് മെമ്മറി കാർഡും ട്രെഷറിയിൽ നിന്നെടുത്തുവെന്നതാണ് ചോദ്യം.

ദൃശ്യങ്ങൾ ആക്സസ് ചെയ്തുവെന്ന പറയുന്ന ദിവസം വിവോ ഫോൺ ഉപയോഗിച്ചെന്ന് സംശയിക്കുന്ന 10 പേരെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. ഇവരുടെ ഫോൺ വിളികൾ ഉൾപ്പെടെ പരിശോധിച്ച് വരികയാണ്. ഫോൺ രേഖകളുടെ സിഡിആറും അന്വേഷണ സംഘം പരിശോധിക്കുകയാണ്.

പെൻഡ്രൈവിൽ ഇല്ലാത്ത ദൃശ്യങ്ങൾ മെമ്മറി കാർഡൽ ഉണ്ടോയെന്ന് അറിയാനുള്ള ആകാംഷയിലായിരിക്കാം മെമ്മറി കാർഡ് പരിശോധിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി ഉദ്യോഗസ്ഥർ, അന്വേഷണ സംഘത്തിലെ അംഗങ്ങൾ, അഭിഭാഷകർ, പ്രോസിക്യൂഷൻ ടീം അംഗങ്ങൾ എന്നിവരിലേക്കാണ് അന്വേഷണം നടക്കുന്നത്.

അന്നേ ദിവസം കോടതി പരിസരത്ത് എത്തിയ സംശയം തോന്നുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങളും അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. ഈ ദിവസത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. സംശയം തോന്നുന്നവരുടെ ഫോൺ രേഖകൾ പരിശോധിച്ച് കഴിഞ്ഞാവും നേരിട്ടുള്ള അന്വേഷണത്തിലേക്ക് കടക്കുകയെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം നീട്ടി ചോദിച്ച് കൊണ്ടുള്ള ക്രൈംബ്രാഞ്ച് ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.മെമ്മറി കരാ്‍ഡിന്റെ പരിശോധന ഫലം വന്ന സാഹചര്യത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. ദിലീപ് കേസിൽ ആരോപണം ഉന്നയിച്ച മുൻ ഡിജിപി ആർ ശ്രീലേഖ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യണമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.












Click it and Unblock the Notifications